SignIn
Kerala Kaumudi Online
Wednesday, 17 August 2022 9.55 PM IST

കോൺഗ്രസുകാർ ചൂണ്ടിക്കാട്ടുന്നവരെ പൊലീസ് പിടികൂടരുത്: കോടിയേരി

a

 നടക്കാൻ പാടില്ലാത്തതാണ് വയനാട്ടിലുണ്ടായത്

തിരുവനന്തപുരം: രാഹുൽഗാന്ധി എം.പിയുടെ ഓഫീസ് അതിക്രമവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയിൽ പരോക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസുകാർ ചൂണ്ടിക്കാട്ടുന്നവരെ പ്രതികളാക്കി പിടികൂടുന്ന സ്ഥിതി പാടില്ല. ഇക്കാര്യത്തിൽ പൊലീസ് ശ്രദ്ധിക്കണമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എസ്.എഫ്.ഐയെ അക്രമകാരികളുടെ പ്രസ്ഥാനമായി ചിത്രീകരിക്കാനും ഭീകരവാദസംഘടനയാണെന്ന മട്ടിൽ പ്രചരിപ്പിച്ച് ഒറ്റപ്പെടുത്താനുമാണ് ശ്രമം. വയനാട്ടിലെ സജീവപ്രശ്നമെന്ന നിലയിലാണ് ബഫർസോൺ വിഷയത്തിൽ എസ്.എഫ്.ഐയും പ്രകടനത്തിന് തീരുമാനിച്ചത്. സാധാരണഗതിയിൽ എസ്.എഫ്.ഐ നടത്തുന്ന സമരരീതിയല്ല അവിടെയുണ്ടായത്. ബാഹ്യശക്തികളാരെങ്കിലും നുഴഞ്ഞു കയറിയോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ട്. പ്രശ്നങ്ങളിൽ എസ്.എഫ്.ഐ സംസ്ഥാനകമ്മിറ്റി ചർച്ച ചെയ്ത് തീരുമാനമെടുക്കും. എം.പിയുടെ ഓഫീസിൽ അക്രമം നടന്നതറിഞ്ഞ് ചാനലുകളെത്തുമ്പോൾ ഗാന്ധിജിയുടെ ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീട് അത് ആര് താഴെയിട്ടു എന്ന് പൊലീസ് കണ്ടെത്തി ഉചിതമായ നടപടിയെടുക്കണം.

ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗമായിരുന്നയാൾ വയനാട് സമരത്തിൽ പങ്കെടുത്തെന്ന് ആക്ഷേപം വന്നയുടനെ ഒഴിവാക്കി. അദ്ദേഹം കുറച്ചുകാലമായി മന്ത്രിയുടെ ഓഫീസിൽ വരുന്നുണ്ടായിരുന്നില്ല. ശരിയായി ജോലിക്ക് വരുന്നില്ലെന്ന് മനസിലാക്കി ഒഴിവാക്കാൻ മന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറി നേരത്തേ കുറിപ്പ് കൊടുത്തതാണ്. ഇപ്പോഴത്തെ സംഭവവുമായി അതിന് ബന്ധമില്ല.

ഒരു കാരണവശാലും നടക്കാൻ പാടില്ലാത്തതാണ് വയനാട്ടിലുണ്ടായത്. ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനേ ഇതുപകരിക്കൂ. പാർട്ടിയംഗങ്ങൾ ആരെങ്കിലും ആ പ്രശ്നത്തിലിടപെട്ടിട്ടുണ്ടെങ്കിൽ സംഘടനാതലത്തിൽ കർശന നടപടിയുണ്ടാകും. വയനാട് സംഭവത്തിന്റെ പേരിൽ സംസ്ഥാനത്തുടനീളം അക്രമമഴിച്ചുവിടുകയാണ്. എന്തും ചെയ്യാമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. പ്രതിപക്ഷനേതാവ് ചോദ്യങ്ങളോട് പ്രകോപിതനാകുകയല്ല വേണ്ടത്.

 ഓഫീസുകൾ ആക്രമിക്കരുത്

മറ്റുള്ള പാർട്ടികളുടെയോ സംഘടനകളുടെയോ ഓഫീസുകൾക്ക് നേരെ ഒരാക്രമണവും പാടില്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പ്രകടനങ്ങൾ സമാധാനപരമായിരിക്കണം. അക്രമസമരങ്ങൾ ഗുണം ചെയ്യുക യു.ഡി.എഫിനാണ്. അതിനാൽ പ്രവർത്തകർ പൂർണമായും ഇതിൽ നിന്ന് മാറിനിൽക്കണമെന്ന് കോടിയേരി നിർദ്ദേശിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KODIYERI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.