ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ
കമ്പനിയുടെ പരമാധികാരം അംഗീകരിക്കാതെ, അവരോടു യുദ്ധംചെയ്ത ധീരനായ തമിഴ് നാട്ടുരാജാവ്. 39-ാം വയസ്സിൽ ബ്രിട്ടീഷുകാർ തൂക്കിലേറ്റി. 1565 ൽ വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തോടെ തെക്കോട്ടു പലായനം ചെയ്ത് തമിഴ്നാട്ടിലെ തിരുനെൽവേലി മേഖലയിലേക്ക് കുടിയേറിയ കുടുംബമായിരുന്നു കട്ടബൊമ്മന്റേത്. ക്രമേണ കട്ടബൊമ്മന്റെ കുടുംബം പാളയക്കാരർ പദവിയിലെത്തി. പല ഗ്രാമങ്ങൾ ചേർന്നതാണ് പാളയം. അവയുടെ മുഖ്യനായ പാളയക്കാരർക്കായിരുന്നു കരംപിരിവിനുള്ള അധികാരം.
കട്ടബൊമ്മൻ പാളയമുഖ്യൻ അഥവാ നാട്ടുരാജാവായ കാലത്ത്, ഈസ്റ്റ് ഇന്ത്യാ കമ്പനി കൃഷിക്കാരിൽ നിന്ന് നേരിട്ട് നികുതി പിരിവ് തുടങ്ങി. അതുവരെ പാളയക്കാരർ നാട്ടുമുഖ്യന്മാരായി ഭരിച്ചിരുന്ന പല ഗ്രാമങ്ങളും കമ്പനി കീഴ്പ്പെടുത്തി അധികാരം പിടിച്ചു. നികുതി പിരിവിനുള്ള അധികാരത്തെച്ചൊല്ലിയുള്ള തർക്കം പലയിടത്തും ഇംഗ്ളീഷുകാരും പാളയമുഖ്യന്മാരും തമ്മിൽ സായുധ സംഘർഷത്തിന് വഴിതെളിച്ചു. കരംപിരിവിനെച്ചൊല്ലി ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് യുദ്ധം പ്രഖ്യാപിച്ച കട്ടബൊമ്മന്റെ നേതൃത്വത്തിലായിരുന്നു സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ഭാഗമായ ആദ്യ പാളയക്കാരർ യുദ്ധം (1799).
കരംപിരിവ് തർക്കത്തിനിടെ കട്ടബൊമ്മൻ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതോടെ അദ്ദേഹം ബ്രിട്ടന്റെ ശത്രുവായി. ഒളിവിൽ പോയ കട്ടബൊമ്മന്റെ തലയ്ക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇനാം പ്രഖ്യാപിച്ചു. സമ്മാനത്തുക പലർക്കും പ്രലോഭനമായി. ഒടുവിൽ കട്ടബൊമ്മനെ ഒറ്റിക്കൊടുത്തത് പുതുക്കോട്ട രാജാവായിരുന്ന എട്ടപ്പനാണ്. പിടിയിലായ കട്ടബൊമ്മനെ 1799 ഒക്ടോബർ 16 ന് ബ്രിട്ടീഷുകാർ പരസ്യമായി തൂക്കിലേറ്റി. സഹോദരനായ ഊമൈദുരൈയെ തടവുകാരനാക്കി. തിരുനെൽവേലിയിലെ വിജയനാരായണത്തുള്ള ഇന്ത്യൻ നാവിക സേനയുടെ കേന്ദ്രത്തിന് ഐ.എൻ.എസ് കട്ടബൊമ്മൻ എന്നാണ് പേര്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |