ചിത്രീകരണം ഉടൻ ആരംഭിക്കാൻ ആലോചന
തെലുങ്ക് സിനിമയിൽ സംവിധായകനാവാൻ പൃഥ്വിരാജ് ഒരുങ്ങുന്നു. ടൈസൺ എന്ന പാൻ ഇന്ത്യൻ ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുന്നുണ്ട്.അടുത്തവർഷമാണ് ടൈസൺ ചിത്രീകരിക്കുക. അതിനുമുമ്പ് തെലുങ്ക് ചിത്രം സംവിധാനം ചെയ്യാനാണ് പൃഥ്വിരാജ് ഒരുങ്ങുന്നത്. നിർമ്മാതാവ്, വിതരണക്കാരൻ എന്നീ നിലകളിൽ തെലുങ്ക് ചലച്ചിത്ര ലോകത്ത് പൃഥ്വിരാജ് വൻ മുന്നേറ്റത്തിലാണ്. സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരം ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.
അതേസമയം ആടുജീവിതം പൂർത്തിയാക്കിയ പൃഥ്വിരാജ് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിലാണ് ഇനി അഭിനയിക്കുക. ജൂലായ് അഞ്ചിന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ ജൂൺ 30ന് തിയേറ്ററിൽ എത്തും.
വിവേക് ഒബ്റോയ്, സായ് കുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജുവർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക നായർ എന്നിവരാണ് മറ്റു താരങ്ങൾ.
പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് നിർമ്മാണം. സിംഹാസനത്തിന് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. മാസ് എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥാകൃത്തും സംവിധായകനുമായ ജിനു വി. എബ്രഹാം രചന നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |