SignIn
Kerala Kaumudi Online
Thursday, 25 April 2024 9.29 AM IST

120ാം ജന്മദിനം ആഘോഷിച്ച് തങ്കശേരി ലൈറ്റ്ഹൗസ്, തിരുവിതാംകൂറിന്റെ പ്രാദേശിക ചരിത്രത്തിൽ ഇടംപിടിക്കാതെ പോയതിന് പിന്നിൽ മദ്രാസ് പ്രസിഡൻസി

tangassery-light-house

കൊല്ലം: കൊല്ലത്തിന്റെ തലയെടുപ്പായ തങ്കശേരി ലൈറ്റ് ഹൗസിന് 120 വയസ് തികഞ്ഞു. 1902 ഏപ്രിൽ ഒന്നിനാണ് ഇന്ന് കാണുന്ന ലൈറ്റ് ഹൗസ് പ്രവർത്തനം ആരംഭിച്ചത്. വൈദേശിക ഭരണത്തിന്റെ അടയാളം കൂടിയായ കൊല്ലം ലൈറ്റിന്റെ ചരിത്രത്തെക്കുറിച്ച് തെറ്റായ പല കാര്യങ്ങളും ഇന്ന് പ്രചരിക്കുന്നുണ്ട്. തിരുവിതാംകൂർ മാനുവലിൽ ആലപ്പി ദീപസ്തംഭം എന്ന പേരിലാണ് തങ്കശേരി ലൈറ്റ് ഹൗസിനെക്കുറിച്ച് വിവരിക്കുന്നത്. അക്കാലത്ത് തങ്കശേരിയും ഇവിടുത്തെ തുറമുഖവും ഭരിച്ചിരുന്നത് മദ്രാസ് പ്രസിഡൻസിക്ക് വേണ്ടി മലബാർ കളക്ടറായിരുന്നു. അതുകൊണ്ടാണ് തിരുവിതാംകൂറിന്റെ പ്രാദേശിക ചരിത്രത്തിൽ തങ്കശേരി ലൈറ്റ് ഹൗസ് ഇടംപിടിക്കാതെ പോയത്.

തലയെടുപ്പുള്ള ചരിത്ര നിമിഷങ്ങൾ
 രണ്ട് നൂറ്റാണ്ട് മുമ്പ് കൊല്ലത്ത് രണ്ട് തുറമുഖങ്ങൾ പ്രവർത്തിച്ചിരുന്നു
 ഒന്ന് തങ്കശേരിയിൽ സായിപ്പിന്റെ കീഴിലും മറ്റൊന്ന് ഇപ്പോൾ പോർട്ട് പ്രവർത്തിക്കുന്നിടത്ത് തിരുവിതാംകൂർ സർക്കാരിന്റെ നിയന്ത്രണത്തിലും
 വിദേശ കപ്പലുകളുടെ കപ്പിത്താന്മാരാണ് വിളക്കുമരം എന്ന ആവശ്യം ആദ്യം ഉന്നയിച്ചത്
 1867ൽ ഇക്കാര്യം മലബാർ കളക്ടർ മദ്രാസ് ഗവർണറെ അറിയിച്ചപ്പോൾ തിരുവിതാംകൂർ നിർമ്മിക്കാൻ നിർദ്ദേശിച്ചു
 1842 മുതൽ തങ്കശേരിയിൽ കപ്പലുകളിൽ നിന്ന് ചുങ്കം പിരിച്ചിരുന്നു
 എന്നാൽ കൊല്ലം തുറമുഖത്തിന് പ്രത്യേകിച്ച് വരുമാനം ഇല്ലായിരുന്നു
 ഗവർണറുടെ ഉത്തരവ് മാനിച്ച്, രാജാവ് കൊല്ലം കടപ്പുറത്ത് കൊടിമരം നാട്ടി രാത്രികാലത്ത് വിളക്ക് തെളിച്ചു
 കൂടുതൽ കപ്പലുകൾ അടുക്കുന്ന തങ്കശേരിയിലാണ് വിളക്ക് മരം സ്ഥാപിക്കേണ്ടതെന്ന് തിരുവിതാംകൂർ രാജാവ് ഗവർണർക്ക് കത്തയച്ചു
 പക്ഷെ തിരുവിതാംകൂർ തന്നെ വിളക്ക് തെളിക്കണമെന്ന് ഗവർണർ കർശന നിലപാടെടുത്തു

പുതിയ ലൈറ്റ് ഹൗസിലേക്കുള്ള യാത്ര
1895ൽ മദ്രാസ് പ്രസിഡൻസിയുടെ കീഴിലുള്ള ലൈറ്റ് ഹൗസുകളിൽ കോസ്റ്റ് ലൈറ്റ് എന്ന പേരിൽ പുതിയ നികുതി പിരിക്കാൻ തീരുമാനിച്ചു. ഇതിനൊപ്പം കാർവാർ മുതൽ കന്യാകുമാരി ചുറ്റി വിശാഖപട്ടണം വരെയുള്ള കടൽത്തീരത്ത് നിലവിലുള്ള വിളക്കുമരങ്ങളുടെ പരിഷ്കരണവും പുതിയവ സ്ഥാപിക്കുന്നതും സംബന്ധിച്ച് പഠിക്കാൻ എഫ്.ഡബ്ല്യു. അഷ്പിറ്റൽ എന്ന പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയറെ ചുമതലപ്പെടുത്തി. 1898ൽ ആഷ്പിറ്റൽ നൽകിയ റിപ്പോർട്ടിലാണ് തങ്കശേരിയിൽ 34 മീറ്റർ ഉയരമുള്ള ഒരു ദീപസ്തംഭം എന്ന നിർദേശം വന്നത്.

 1900ൽ ദീപസ്തംഭം നിർദേശത്തിന് അംഗീകാരം ലഭിച്ചു
 ആഷ്പിറ്റൽ തന്നെ രൂപരേഖ തയ്യാറാക്കി നിർമ്മാണം തുടങ്ങി
 തറമുതൽ 34.5 മീറ്റർ ഉയരത്തിൽ ചുടുകട്ടയിൽ നിർമ്മാണം
 ഗോപുരത്തിന് മുകളിൽ ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതിചെയ്ത വിളക്കും ലെൻസും ഘടിപ്പിച്ചു
 നിർമ്മാണ ചെലവിന്റെ പകുതിയോളം തുക വിളക്കിനും അനുബന്ധ ഉപകരണങ്ങൾക്കും വേണ്ടിവന്നു
 മറ്റ് ദീപസ്തംഭങ്ങളിൽ വ്യത്യസ്തമാക്കാൻ ഗോപുരത്തിന്റെ പുറം ചുവരിന് ചാരനിറവും വിളക്കിന് 15 സെക്കൻഡിനുള്ളിൽ 3 തവണ മിന്നുന്ന പ്രത്യേകതയും നൽകി
 തങ്കശേരി ലൈറ്റ് ഹൗസ് പ്രവർത്തനം ആരംഭിച്ചിട്ടും കുറച്ചുനാൾ തെളിച്ച കൊല്ലം കടപ്പുറത്തെ പഴയ വിളക്കുമരം 1903 മേയ് 11ന് എന്നന്നേക്കുമായി അണഞ്ഞു.

 ആകെ ചെലവ് 80,​000 രൂപ

വെള്ളം കുടിക്കാത്ത പുറം കവചം
ഗോപുരത്തിൽ വിള്ളലുകളുണ്ടായതോടെ 1940ൽ ലൈറ്റ് ഹൗസ് എൻജിനിയർ എ.എൻ. സീലിന്റെ മേൽനോട്ടത്തിൽ വെള്ളം കുടിക്കാത്ത ഇഷ്ടികകൾ കൊണ്ട് പുറംകവചം നിർമ്മിച്ചു. ഇതോടെ, ഗോപുരത്തിന്റെ നിറം ചുടുകട്ടയുടെ ചുവപ്പായി. പെട്രോമാക്സ് മാന്റിലുകൾ മാറ്റി 1962ൽ 5000 വാട്ടിന്റെ ഇലക്ട്രിക് ബൾബുകളിട്ടെങ്കിലും അഞ്ചുവർഷത്തിനുശേഷം ബൾബുകൾ ലഭ്യമല്ലാഞ്ഞതിനാൽ വീണ്ടും മാന്റിലുകളെ ആശ്രയിക്കേണ്ടിവന്നു. ഇപ്പോഴത്തെ ഇലക്ട്രിക് പ്രകാശം വന്നത് 1994ൽ ആണ്. വെളുപ്പും ചുവപ്പും കലർന്ന പെയിന്റിംഗ് വന്നത് 1984ലും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM, TANGASSERY, LIGHTHOUSE, TRAVEL
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.