SignIn
Kerala Kaumudi Online
Sunday, 23 February 2020 4.03 PM IST

ഇ.വി.എമ്മിൽ രണ്ട് തരം അട്ടിമറി സാദ്ധ്യതകളാണുള്ളത്, കാണാതായ ലക്ഷക്കണക്കിന് ഇ.വി.എമ്മുകളെവിടെയാണ് ? ചോദ്യങ്ങൾ തുടരട്ടെയെന്ന് ലീഗ് നേതാവ്

evm

ലോക്സഭ തിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് മുൻപേ ഇലകട്രോണിക് വോട്ടിംഗ് മെഷീനിൽ കൃത്രിമം ആരോപിച്ചുകൊണ്ട് പ്രതിപക്ഷ കക്ഷികളടക്കം രംഗത്ത് വന്നിരുന്നു. ഇ.വി.എമ്മിൽ ഹാക്കിംഗ് നടത്താനാവുമെന്ന ആരോപണം കോൺഗ്രസ് നേതാക്കളടക്കം ആരോപിച്ചിരുന്നു. എന്നാൽ വിവിപാറ്റ് ഇ.വി.എമ്മുമായി ഘടിപ്പിച്ച് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുവാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിച്ചത്. പഴയ ബാലറ്റ് രീതിയിലേക്ക് മാറിയാലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് കമ്മീഷൻ ഇവിഎം ഉപയോഗിക്കുന്നതിൽ ഉറച്ച് നിൽക്കുന്നത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇവിഎം സൂക്ഷിച്ച് വച്ച സ്‌ട്രോങ് റൂമുകളിൽ നിന്നും വാഹനത്തിൽ ഇ.വി.എമ്മുകൾ കടത്തുന്നതായും പുറത്തുനിന്നും എത്തിക്കുന്നതായും ആരോപണങ്ങളുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാത്ത റിസർവായി കരുതിയ ഇ.വി.എമ്മുകളാണ് ഇത്തരത്തിൽ എത്തിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷവും ഇ.വി.എമ്മിനെ സംശയിച്ചുകൊണ്ടുള്ള ചോദ്യങ്ങൾ നിലയ്ക്കുന്നില്ല. ഇത്തരം ചോദ്യങ്ങൾ ഒരിയ്ക്കലും അവസാനിപ്പിക്കരുതെന്നും, നിരന്തര ചോദ്യങ്ങളിലൂടെ സുതാര്യമാക്കി മാത്രമേ ഇന്ത്യയെ വീണ്ടെടുക്കാൻ സാധിക്കൂവെന്നും ലീഗ് നേതാവ് കെ.എം.ഷാജി ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇ വി എമ്മിന്റെ വിശ്വാസ്യതയെക്കുറിച്ച് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും നിഷ്പക്ഷരായ ടെക്നോ ക്രാറ്റുകളും മീഡിയകളുമൊക്കെ സംശയങ്ങൾ പങ്ക് വെക്കുന്ന സാഹചര്യമാണിത്. അപ്പോഴും അങ്ങനെ ഒരു സാധ്യത ഉണ്ടാവില്ല, സാദ്ധ്യതയില്ല എന്നൊക്കെ വാദിക്കുന്നത് നിരക്ഷരമായ ഫാഷിസ്റ്റ് വായനയുടെ പ്രതിഫലനമാണ്.മോദിക്കു മുമ്പ് അധികാര ഫാഷിസം ഇന്ത്യയിൽ ഇല്ലായിരിക്കാം. പക്ഷേ ഫാഷിസത്തിന്റെ ശീല വൈകൃതങ്ങളെക്കുറിച്ച് സാമാന്യബോധമില്ലാത്തവരാണ് എല്ലാവരുമെന്ന് വിചാരിക്കുന്നത് തെറ്റാണ്.ന്യൂനപക്ഷങ്ങളെ വിശ്വാസം ആർജ്ജിക്കണമെന്ന മോദിയുടെ പുതിയ പ്രസ്താവന രാഷ്ട്രാന്തരീയ സമൂഹത്തിന് മുമ്പിൽ നല്ല പിള്ള ചമയാനുള്ള ഫാഷിസ്റ്റ് സ്റ്റാറ്റിക് അല്ലെന്ന് വിശ്വസിക്കുന്ന കപട നിഷ്കളങ്കതയല്ല ജനാധിപത്യ പ്രസ്ഥാനങ്ങൾക്കാവശ്യം.

ഇ വി എം സംബന്ധിച്ച നിലവിലുള്ള ചില സംശയങ്ങളിലേക്ക് വരാം.

ഇ വി എം ഹാക്ക് ചെയ്യാൻ സാധിക്കുമോ എന്നതല്ല ഇവിഎം ഉപയോഗിച്ച് തെരെഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ സാധിക്കുമോ എന്നതാണ് പ്രസക്തമായ വിഷയം. തെരെഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ട്രോണിക് വോട്ടിംഗ് മെഷിൻ സംവിധാനത്തെ പിന്തുണച്ച് പറയുന്ന പ്രധാന കാര്യം പേപ്പർ ബാലറ്റ് കാലത്തേതിൽ നിന്നും വ്യത്യസ്തമായി ബൂത്ത് പിടുത്തം ഒഴിവാക്കാമെന്നതാണ്.താരതമ്യേന ബൂത്ത് പിടുത്തമെന്നത് ഒരു ലോക്സഭ മണ്ഡലത്തിലെ നൂറോ ഇരുനൂറോ ബൂത്തുകളിൽ ഒരു പ്രദേശത്തെ ഒരു ബൂത്തിലൊക്കെ സംഭവിക്കുന്ന ഒന്നാണ്. അല്ലാതെ ഒരു ലോക്സഭാ മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളും ഒരിക്കലും അട്ടിമറിക്കാൻ സുതാര്യമായ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഈ ടെക്നോളജീയ കാലത്ത് സാദ്ധ്യമല്ല തന്നെ. എന്നാൽ ദേശവ്യാപകമായി തന്നെ ജനഹിതം അട്ടിമറിക്കാൻ സാദ്ധ്യത തുറന്നിടുന്ന സംവിധാനമാണ് ഇവിഎം കൃത്രിമത്വം എന്നത്.

evm

ഇ വിഎമ്മിൽ രണ്ട് തരം അട്ടിമറി സാദ്ധ്യതകളാണുള്ളത്. ഒന്ന്, ഹാക്കിംഗ്. മറ്റൊന്ന്, തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കാതെ മാറ്റി വെച്ച റിസർവ്വ്ഡ് ആയിട്ടുള്ള ഇ വി എം മെഷീനുകൾ, അല്ലെങ്കിൽ വിവരാവകാശ നിയമപ്രകാരം മിസ്സിങ് ആയി കാണുന്ന ഇ വിഎമ്മുകൾ. ഇവ യഥാർത്ഥ ഇ വിഎമ്മുകൾക്ക് ബദലായി കൗണ്ടിംഗ് സമയത്ത് ഉപയോഗിക്കാൻ സാധിച്ചുവോ എന്നതാണ്. ഹാക്കിംഗിന്റെ വിഷയം വരുമ്പോൾ ടെക്നോളജിസ്റ്റുകൾ പറയുന്ന ഒരു വിഷയമുണ്ട്. ഇവിഎമ്മിനകത്ത് വയർലെസ്സ് കണക്ഷനില്ല. അഥവാ ഇന്റർനെറ്റ് കണക്ട്ഡ് അല്ല. റിമോട്ടിനാൽ നിയന്ത്രിക്കപ്പെടുന്നില്ല. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മെഷിനാണ്, അതു കൊണ്ട് ഹാക്ക് ചെയ്യൽ സാദ്ധ്യമല്ല എന്നത്. ശരിയാണ് ,അംഗീകരിക്കുന്നു. പക്ഷേ അപ്പോൾ തന്നെ വേറൊരു സാദ്ധ്യത നിലനിൽക്കുന്നു.ഇ വിഎമ്മിനകത്തെ പ്രോഗ്രാമിങ്ങ് ലാംഗ്വേജ് നേരത്തെ തന്നെ കൃത്രിമത്വം കാണിക്കാനുതകും വിധം സെറ്റ് ചെയ്ത് വെച്ചതാണെങ്കിൽ അതിൽ ടേംപറിംഗ് (tempering) സാദ്ധ്യമാണ്. അപ്പോൾ ഉന്നയിക്കപ്പെടുന്ന ഒരു കൗണ്ടർ ആർഗമെന്റാണ് അങ്ങനെയെങ്കിൽ മോക്പോളിൽ (ഇലക്ഷൻ സമയത്ത് നടത്തുന്ന ഡമ്മി പോൾ) ഇതെന്ത് കൊണ്ട് കാണുന്നില്ലെന്ന വാദം. അതിനുള്ള ഉത്തരം ഒരു നിശ്ചിത ശതമാനം വോട്ടുകൾ പോൾ ചെയ്ത ശേഷം മാത്രം കൃത്രിമം നടക്കുന്ന രീതിയിൽ പ്രോഗ്രാമിങ്ങിൽ മാറ്റം വരുത്താൻ കഴിയുമെന്നാണ്. ആദ്യത്തെ ഒരു പത്ത് ശതമാനം വോട്ടുകൾ വീണതിന്റെ ശേഷം മാത്രം റാന്റംലി, കൃത്രിമത്വം സാധ്യമാക്കാം.ഇത് പ്രോഗ്രാമിംഗ് ലാംഗ്വേജ് പഠിച്ചവർക്കറിയാം. അപ്പോൾ മോക്പോൾ വിലയിരുത്തി ഇ വി എം ശരിയാണെന്ന് പറയാനാവില്ല.

എല്ലാ ഇവിഎമ്മുകളിലും ഇത് പോലെ കൃത്രിമം നടത്തി എന്ന് പറയുന്നില്ല.എന്നാൽ ഓരോ മണ്ഡലത്തിലെയും നിശ്ചിത ശതമാനം ഇ വി എം മെഷിനുകളിൽ ഇതുപോലെ കൃത്രിമം സാദ്ധ്യമാകും. അതുകൊണ്ടാണ് മാസങ്ങളോളം ഇലക്ടറൽ പ്രോസസ്സ് നടക്കുന്ന , ചന്ദ്രനിലേക്ക് മനുഷ്യരെ എത്തിച്ച യുഎസ് എ പോലുള്ള വികസിത രാജ്യങ്ങളിൽ ഇപ്പോഴും പഴയ പേപ്പർ ബാലറ്റിൽ തെരെഞ്ഞെടുപ്പ് തുടരുന്നത്.ഡിജിറ്റലായിട്ടുള്ള ഒന്നും പരിപൂർണ്ണമായി വിശ്വാസയോഗ്യമല്ല എന്നതാണ് യാഥാർത്ഥ്യം. മൂർത്തമായ പ്രൂഫുകളാണ് സുതാര്യക്കോവശ്യം.ഒരു പൗരൻ അദ്ദേഹത്തിന്റെ സമ്മതിദാനാവകാശം വിനിയോഗിച്ച പേപ്പർ പ്രൂഫുകളാണ് കിട്ടേണ്ടത്. ജനാധിപത്യത്തിന്റെ വിശ്വാസ്യത സൂക്ഷിക്കാൻ ഇത്രയും നല്ല മാർഗ്ഗം മറ്റെന്തുണ്ട്..?'

ഇനി തെരെഞ്ഞെടുപ്പ് കമ്മീഷൻ നിത്യ നിശബ്ദത പുലർത്തുന്ന മറ്റൊരു പ്രശ്നമുണ്ട്.പല സ്ഥലങ്ങളിലായി മറ്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യുമ്പോൾ താമരക്ക് ലൈറ്റ് തെളിയുന്ന പല സംഭവങ്ങളും വർഷങ്ങളായി വീഡിയോ സഹിതം പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്. അത്തരം വീഡിയോകൾ ഇപ്പോഴും ഇൻറർനെറ്റിൽ ലഭ്യമാണ്. ഇലക്ഷൻ കമ്മീഷൻ പക്ഷേ ഇപ്പോഴും മൗനത്തിലാണ്. എന്തുകൊണ്ട്എല്ലാ വോട്ടുകളും ബിജെപിക്ക് വീഴുന്ന ഈ പ്രതിഭാസം സംഭവിക്കുന്നു. ഇ വി എം തകരാർ ആണെങ്കിൽ എന്ത് കൊണ്ടിത് തിരിച്ചു സംഭവിക്കുന്നില്ല? ഇതിലൊരു രാഷ്ട്രീയമുണ്ട്.ഇ വി എം എന്ന മെഷിനെതിരെ ആദ്യമായ രംഗത്ത് വന്നത് ഇവിടുത്തെ പ്രതിപക്ഷ കക്ഷികൾ ആരുമല്ല. ഇപ്പോൾ ഇവിഎം വാദികളായ സാക്ഷാൽ ബി ജെ പി തന്നെയാണത്.ഇ വിഎമ്മിനെതിരെ പുസ്തകമെഴുതി പോലും നിരന്തര പ്രചാരണം നടത്തിയ ഒരു കാലം ഇന്ത്യയിലെ ബിജെപിക്കുണ്ട്.സുബ്രഹ്മണ്യൻ സ്വാമിയൊക്കെ അക്കാലത്ത് ഇ വി എം വിരുദ്ധ പ്രസ്താവന ക്യാംപെയ്ൻ തന്നെ നടത്തുകയുണ്ടായി. അപ്പോൾ ഇവിഎമ്മുകൾക്കകത്തെ കൃത്രിമത്വ സാദ്ധ്യതകളെ കുറിച്ച് മറ്റാരെക്കാളും ബിജെപിക്ക് ബോദ്ധ്യമുണ്ട്. ബ്യൂറോക്രസ്സിയിലെ സ്വന്തം സ്വാധീനമുപയോഗിച്ച് ഈ സാദ്ധ്യതകളത്രയും ഉപയോഗപ്പെടുത്തിയതിന് ശേഷമായിരിക്കാം ബി ജെ പി ഇ വി എമ്മിന്റെ പ്രചാരകരായി തീർന്നതെന്ന് ഇത്തരം വസ്തുതകളുടെ അടിസ്ഥാനത്തിൽ വിലയിരുത്താവുന്നതാണ്. മറ്റാരെക്കാളും ഇവിഎമ്മിനെതിരെ പരാതിയുണ്ടായിരുന്ന ബി ജെ പി ഇപ്പോൾ ഇവിഎം അനുകൂലികളായതിന്റെ പിന്നിൽ മറ്റെന്ത് താൽപര്യമാണുള്ളതെന്ന് അഭിനവ ഇവിഎം പ്രചാരകർ വ്യക്തമാക്കേണ്ടതുണ്ട്.നിരന്തരം ഇവിഎമ്മിനെതിരെ അതിന്റെ കൃത്രിമത്വ സാദ്ധ്യതകൾക്കെതിരെ പുസ്തകം പോലുമെഴുതി പ്രചാരണം നയിച്ച ബി ജെ പി ഇപ്പോൾ അതിനെക്കുറിച്ച് പാലിക്കുന്ന മൗനം തന്നെയാണ് ഇവിഎം വിഷയത്തിലെ ഏറവും വലിയ തെളിവ്.ഒരു പുസ്തകമെഴുതാൻ മാത്രം ബോധ്യമുള്ള ഒരു വിഷയത്തിൽ ഇപ്പോൾ ബി ജെ പി എന്ത് കൊണ്ട് അതിനനുകൂലമായ മൗനം പാലിക്കുന്നു എന്ന് ചോദിച്ചാൽ പുസ്തകമെഴുതി ജനങ്ങളെ ബോധവത്കരിക്കുന്നതിനെക്കാൾ നല്ലത് ഈ പുസ്തകത്തിലൂടെ തങ്ങൾക്ക് തന്നെ ബോധ്യപ്പെട്ട ഒരു കാര്യം എന്ത് കൊണ്ട് തങ്ങൾക്കനുകൂലമായി ഉപയോഗിച്ചു കൂടാ എന്ന പ്രായോഗിക തന്ത്രമാണ് അവരെ നയിച്ചതെന്ന് എങ്ങനെ നിഷേധിക്കാനാവും..

ഇനി നഷ്ടപ്പെട്ട, അല്ലെങ്കിൽ റിസർവ്വ് ആയിട്ടുള്ള ഇവിഎമ്മുകളുടെ ദുരുപയോഗത്തെ കുറിച്ച് പറയാം.ഇത് സംഭവിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.ലക്ഷകണക്കിന് ഇവിഎമ്മുകൾ മിസ്സിങ്ങാണ് എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. അത് 18 ലക്ഷത്തോളമെന്ന് പറയുന്നുണ്ട്.അതായത് രാജ്യത്ത് മൊത്തം ഉപയോഗിച്ച അത്ര തന്നെ ഇവിഎമ്മുകൾ മിസ്സിങ് ആണെന്ന് പറയുമ്പോൾ അതീരാജ്യത്തെ മുഴുവൻ തെരെഞ്ഞെടുപ്പ് സംവിധാനത്തെയും അട്ടിമറിക്കുന്ന വലിയ തോതിലുള്ള ബൂത്ത് പിടുത്തമാണ്. അതായത് പഴയ കാലത്തെ ബൂത്ത് പിടുത്തങ്ങൾ പ്രാദേശികമായി രുന്നെങ്കിൽ ഇത് ദേശീയ തലത്തിൽ തന്നെ നടത്താൻ കഴിയുന്ന ബൂത്ത് പിടുത്തമാണ്. ആ ഒരു സാധ്യത നിലനിൽക്കുന്നു. സ്വാഭാവികമായും അനധികൃതമായ ഇ വിഎമ്മുകൾ ഇന്ത്യയിൽ പലയിടത്തുമുണ്ടെങ്കിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ടത് കള്ളപ്പണം പിടിക്കാൻ മോദി നോട്ട് നിരോധിച്ചത് പോലെ ഇതുവരെയുള്ള എല്ലാ ഇവിഎമ്മുകളെയും ബാൻ ചെയ്യുകയാണ് വേണ്ടത്.അങ്ങനെ ഒരു തീരുമാനത്തിലേക്ക് വരികയും തെരെഞ്ഞെടുപ്പിന്റെ വിശ്വാസ്യത വീണ്ടെടുക്കുകയും ചെയ്യണം.
മറ്റൊന്ന്,ഇവിഎമ്മുകളുടെ മൂവ്മെന്റിനെക്കുറിച്ചാണ്. ഇതിന് വളരെ കൃത്യമായ പ്രൊസീജിയർ എഴുതി വെച്ചിട്ടുണ്ട്. അത് സായുധസേന അകമ്പടിയോടെ ആയിരിക്കണമെന്ന് പറയുന്നുണ്ട്. പക്ഷേ ഈ അടുത്ത ദിവസങ്ങളിൽ കണ്ട ദൃശ്യങ്ങളിൽ ഇ വിഎമ്മുകൾ പെട്ടിഓട്ടോറിക്ഷകളിലും ലോറികളിലും കുട്ടികളെക്കൊണ്ട് ചുമപ്പിച്ചുമൊക്കെ കൊണ്ടു പോകുന്നുണ്ട്. യാതൊരു നടപടിക്രമവും പാലിക്കാതെ, നിയന്ത്രണങ്ങളില്ലാതെ, സൂപ്പർവൈസിങ്ങില്ലാതെയാണ് ഇവിഎമ്മുകളുടെ മൂവ്മെൻറ് ഉണ്ടായിട്ടുള്ളത്.തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബദൽ ഇ വിഎമ്മുകളെ പകരം വെച്ചിട്ടാണോ ഇതൊക്കെയെന്ന് തെരെഞ്ഞെടുപ്പിനെ അങ്ങേയറ്റം ഗൗരവത്തോടെ കാണുന്നവർ വീക്ഷിക്കുകയാണ്

ഇ വി എം സുതാര്യമാണെന്ന വാദം സയൻറിഫിക് ടെക്നോളജിയുടെ പിൻബലത്തോടെ രാജ്യത്തോ രാഷ്ട്രാന്തരീയ സമൂഹത്തിനകത്തോ സംഭവിക്കാത്തിടത്തോളം കാലം, വിവരാവകാശ നിയമമുപയോഗിച്ച് രാജ്യത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ലക്ഷകണക്കിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾ ഇലക്ഷൻ കമ്മീഷന്റെ കണക്ക് പ്രകാരം കാണാനില്ല എന്നതിന് ഉത്തരം ലഭിക്കാത്ത കാലത്തോളം ചോദ്യങ്ങൾ ആവർത്തിക്കേണ്ടതുണ്ട്. മറിച്ചുളള വാദം അക്ഷരാർത്ഥത്തിൽ ഫാഷിസത്തിന് കീഴടങ്ങുന്ന സമീപനമാണ്.ജനാധിപത്യമാകട്ടെ സംശയങ്ങളും ചോദ്യങ്ങളുമാണ്. രാഷ്ട്രപതി മുതൽ വില്ലേജ് ഓഫീസ്സറെ വരെ ചൂണ്ടുവിരലിൽ നിർത്താൻ കെൽപ്പുള്ള സംഘ് പരിവാർ ശക്തികളുടെഎല്ലാ ദുരൂഹതകളെയും നിരന്തര ചോദ്യങ്ങളിലൂടെ സുതാര്യമാക്കി മാത്രമേ ഇന്ത്യയെ വീണ്ടെടുക്കാൻ സാധിക്കൂ.മറിച്ചുള്ള വാദം മോദി മഹാനെന്ന പ്രചാരണം പോലെ തന്നെ നിഷ്കളങ്കമായ ഒന്നല്ല. ജനാധിപത്യ പോരാട്ടം ശക്തമാക്കുക!!

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EVM, VV PAT, ELECTION RESULT, ELECTION COMMISSION, KM SHAJI, SOCIAL MEDIA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.