കൊച്ചി: കേരളത്തിൽ നിന്നുൾപ്പെടെ യുവതികളെ കുവൈറ്റിലെത്തിച്ച് സമ്പന്ന അറബികുടംബങ്ങൾക്ക് വില്പനനടത്തുന്ന സംഘത്തിലെ ആസൂത്രകൻ കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദിന്റെ (ഗസാലി) ഹവാല ഇടപാടുകൾ അന്വേഷിക്കാനൊരുങ്ങി കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണവിഭാഗം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മജീദിന്റെ സാമ്പത്തിക വിവരശേഖരണത്തിന് തയ്യാറെടുക്കുകയാണ്. കുവൈറ്റിൽ ഒരു യുവതിയെ അനധികൃതമായി എത്തിക്കുന്നതിന് മജീദിന് നല്ലൊരു തുക കമ്മിഷനായി ലഭിച്ചിരുന്നു. ഇത് കേരളത്തിൽ എത്തിച്ചത് ഹവാല ഇടപാടിലൂടെയാണെന്നാണ് കരുതുന്നത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലുകൾക്ക് പിന്നാലെയാണ് ഈ രണ്ട് ഏജൻസികളും അന്വേഷണത്തിന് കച്ചമുറുക്കുന്നത്.
അതേസമയം മജീദ് കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ ഹാജരായെന്ന സൂചനയുണ്ടെങ്കിലും വിദേശമന്ത്രാലയമുൾപ്പെടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഞായറാഴ്ച രാത്രി മജീദ് എംബസിയിലെത്തിയെന്നാണ് വിവരം. കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ കൊച്ചി സിറ്റി പൊലീസ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറിയിരുന്നു. ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിക്കുന്ന നടപടിയുടെ ഭാഗമായിട്ടായിരുന്നു ഇത്. റിപ്പോർട്ട് കുവൈറ്റിലെ ഇന്ത്യൻ എംബസിക്ക് കൈമാറിയതായാണ് വിവരം. കുവൈത്തിൽ ഒളിവിൽ കഴിഞ്ഞ മജീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുകയാണ് പൊലീസ്. കോഴിക്കോട് സ്വദേശിയായ മജീദിന്റെ സുഹൃത്താണ് യുവതികൾക്കുള്ള വിസയുൾപ്പെടെ ശരിയാക്കി നൽകിയിരുന്നത്. മജീദാണ് ഇതിനുള്ള പണം നൽകിയിരുന്നതെന്നാണ് കോഴിക്കോട് സ്വദേശി പൊലീസ് മൊഴി നൽകിയിട്ടുള്ളത്. ഈ പണത്തിന്റെ സ്രോതസുൾപ്പെടെയാണ് അന്വേഷിക്കുന്നത്. പരസ്യംകണ്ട് സമീപിക്കുന്ന യുവതികളിൽനിന്ന് ഒരുരൂപപോലും ഈടാക്കാതെയാണ് ഇവർ കുവൈറ്റിൽ എത്തിച്ചിരുന്നത്.
കേസിലെ ഒന്നാം പ്രതി പത്തനംതിട്ട സ്വദേശി അജുമോന്റെ രവിപുരത്തെ 'ഗോൾഡൻ വയ' എന്ന സ്ഥാപനത്തിന്റെ മാനേജരായി പ്രവർത്തിച്ച കൊല്ലം സ്വദേശി ആനന്ദിനെതിരെയും പരാതി ലഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. മനുഷ്യക്കടത്ത് കേസിൽപ്പെട്ട് മടങ്ങിയെത്തിയ തൃക്കാക്കര സ്വദേശിനി നൽകിയ പരാതിയിലാണ് ഇയാളുടെ പേരുള്ളത്. മജീദ് കുവൈത്തിൽ ജോലിചെയ്യുന്ന മലയാളി സ്ത്രീക്കുനേരെ വധഭീഷണി മുഴക്കിയതായാണ് വിവരം. പീഡനം സഹിക്കവയ്യാതെ ഒരു വീട്ടമ്മ കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ അഭയംതേടിയിരുന്നു. ഇവരെ നാട്ടിലെത്തിക്കും.