SignIn
Kerala Kaumudi Online
Saturday, 20 April 2024 5.49 AM IST

ഖജനാവ് ചോരുന്ന വഴികൾ

photo

നിർമ്മാണം പൂർത്തിയായ കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകുന്നതിലൂടെ വൻ തട്ടിപ്പുനടന്ന കേസിൽ കോഴിക്കോട് കോർപ്പറേഷനിൽ ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉൾപ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നു. കോഴിക്കോട് ജില്ലയിൽത്തന്നെ രാമനാട്ടുകരയിൽ സമാന തട്ടിപ്പ് അരങ്ങേറിയതായി വിവരമുണ്ട്. സംസ്ഥാനത്ത് മറ്റിടങ്ങളിലും ചുമതലപ്പെട്ട ഉദ്യോഗസ്ഥർ അറിയാതെ ഇത്തരത്തിലുള്ള കള്ളത്തരങ്ങളും പണം തട്ടിപ്പും നടക്കുന്നുണ്ടാവാം. ട്രഷറികളിൽ പോലും കമ്പ്യൂട്ടർ പാസ്‌വേഡും മറ്റും ദുരുപയോഗം ചെയ്ത് തട്ടിപ്പുകൾ നടക്കുന്ന ഇക്കാലത്ത് നികുതിവരവും സൂക്ഷിപ്പും കുത്തഴിഞ്ഞ രീതിയിൽ കൈകാര്യം ചെയ്യുന്ന തദ്ദേശസ്ഥാപന ങ്ങളിൽ ഇതുപോലുള്ള ആസൂത്രിത തിരിമറികൾക്ക് സാദ്ധ്യത കൂടുതലാണ്. കോഴിക്കോട് അറസ്റ്റിലായവരിൽ കെട്ടിട ഉടമയും ഇടനിലക്കാരനുമൊക്കെയുണ്ട്. കെട്ടിടത്തിന്റെ മൂന്നാം നിലയ്ക്ക് കോർപ്പറേഷന്റെ നമ്പർ ലഭിക്കാൻ ഉടമ നാലുലക്ഷം രൂപയാണ് കൈക്കൂലി നൽകിയത്. കമ്പ്യൂട്ടർ പാസ്‌വേഡ് കൈക്കലാക്കി ഉദ്യോഗസ്ഥൻ അനധികൃതമായി നമ്പർ നൽകുകയായിരുന്നു. വേറെയും കെട്ടിടങ്ങൾക്ക് ഇതുപോലെ നമ്പർ നൽകി വൻതോതിൽ കൈക്കൂലി തരപ്പെടുത്തിയതായി സൂചനയുണ്ട്.

സുശക്തമായ കെട്ടിടനിർമ്മാണ നിയമമുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട ഭൂരിഭാഗം കാര്യങ്ങളും അഴിമതി ജടിലമാണ്. ജനങ്ങളെ സഹായിക്കാൻ കെട്ടിട നിർമ്മാണ നിയമങ്ങളിൽ പലപ്പോഴായി ഇളവുകൾ വരുത്തിയിട്ടുണ്ട്. നിർമ്മാണ അനുമതി ലഭിക്കാനും നിർമ്മാണ ഘട്ടങ്ങളിൽ അനാവശ്യ തടസങ്ങൾ ഉണ്ടാകാതിരിക്കാനും പ്രത്യേക നിഷ്‌കർഷയുണ്ട്. ഓരോ പരിശോധനയ്ക്കും കാലപരിധിയും നിശ്ചയിച്ചിട്ടുള്ളതാണ്. ഇതൊക്കെയുണ്ടായിട്ടും കെട്ടിടം പൂർത്തിയാക്കി അന്തിമ അനുമതി ലഭിക്കണമെങ്കിൽ കടമ്പകൾ പലതും കടക്കണം. തദ്ദേശസ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കനിഞ്ഞെങ്കിലേ ഏതു കെട്ടിടത്തിനും പൂർത്തീകരണ സർട്ടിഫിക്കറ്റും നമ്പറും മറ്റും ലഭിക്കൂ. നിർമ്മാണച്ചട്ടങ്ങൾ പൂർണമായും പാലിച്ചു നടന്ന നിർമ്മാണമായാൽ പോലും ന്യൂനതകൾ കണ്ടെത്തി സർട്ടിഫിക്കറ്റുകൾ താമസിപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിചാരിച്ചാൽ സാധിക്കും. കൈക്കൂലിയും അഴിമതിയും ജനിക്കുന്നതും മലപോലെ വളരുന്നതും അവിടെയാണ്. നിയമാനുസൃതമുള്ള പരിശോധനകൾ പൂർത്തിയാക്കി നമ്പർ ലഭിച്ചാലേ അവ വാടകയ്ക്കു നൽകി മുടക്കുമുതൽ തിരിച്ചുപിടിക്കാനാവൂ. ഇതിലെ കാലതാമസം ഒഴിവാക്കാനാണ് പലരും ഉദ്യോഗസ്ഥരെ കൈക്കൂലി നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നത്. തട്ടിപ്പുകളും ക്രമക്കേടുകളും തടയാൻ എല്ലാം ഓൺലൈൻ വഴിയാക്കിയിട്ടുണ്ടെങ്കിലും അതിലും ക്രമക്കേടുകൾക്കു പഴുതുണ്ടെന്നാണ് കോഴിക്കോട് സംഭവം ചൂണ്ടിക്കാട്ടുന്നത്.

ജനങ്ങളിൽ നിന്നു പിരിക്കുന്ന നികുതിപ്പണത്തിൽ ഒരു ഭാഗം ചോർന്നുപോകുന്നുവെന്ന ആക്ഷേപം പല തദ്ദേശസ്ഥാപനങ്ങളിൽ നിന്നും ഉയരാറുണ്ട്. കമ്പ്യൂട്ടറൊന്നുമില്ലാതിരുന്ന കാലത്ത് പിരിക്കുന്ന കരത്തിന്റെ കണക്ക് പല സ്ഥാപനങ്ങളിലും കൃത്യമായി സൂക്ഷിച്ചിരുന്നില്ല. രസീത് ബുക്കുകൾ അപ്പാടെ മുക്കിക്കളയുന്നതായും ആക്ഷേപമുയർന്നിരുന്നു. കണക്കുകളിൽ തിരിമറി കാട്ടി നികുതിപ്പണം ദുരുപയോഗം ചെയ്ത സംഭവങ്ങൾ വെളിച്ചത്തുവന്നിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ ഇതുമായി ബന്ധപ്പെട്ട കേസുകൾ ഇപ്പോഴും നടക്കുകയാണ്.

ഒന്നിനും പണമില്ലെന്നു പരാതി പറയുമ്പോഴും തദ്ദേശസ്ഥാപനങ്ങൾ നികുതികൾ യഥാസമയം പിരിച്ചെടുക്കുന്നതിൽ വലിയ വീഴ്ചയാണു വരുത്തുന്നത്. വസ്തു നികുതിയിനത്തിൽ മാത്രം തദ്ദേശ സ്ഥാപനങ്ങളെല്ലാം കൂടി കഴിഞ്ഞ വർഷം പിരിച്ചെടുത്തത് 1139 കോടി രൂപയാണ്. നികുതിയായി 2098 കോടി രൂപ ലഭിക്കേണ്ടിടത്ത് ലഭിച്ച തുകയാണിത്. പിരിവ് അൻപതു ശതമാനം പോലും എത്തിയില്ലെന്നു ചുരുക്കം. ഈ അനാസ്ഥയ്ക്കൊപ്പമാണ് പല തലങ്ങളിൽ നടക്കുന്ന ക്രമക്കേടുകൾ. തദ്ദേശസ്ഥാപനങ്ങളിലെ നികുതി വിഭാഗത്തിൽ സമൂലം ഒരു പൊളിച്ചെഴുത്ത് ആവശ്യമാണെന്നു വ്യക്തമാക്കുന്നതാണ് ഇക്കാര്യങ്ങൾ. ഒരുവിധ ക്രമക്കേടും നടക്കുന്നില്ലെന്നും നികുതി പിരിവ് ഊർജ്ജിതമായി നടക്കുന്നെന്നും ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.