SignIn
Kerala Kaumudi Online
Friday, 29 March 2024 4.19 AM IST

ഉദ്ഘാടനത്തിനൊരുങ്ങി രംഗകലാകേന്ദ്രം

വർക്കല: പ്രവർത്തനോദ്ഘാടത്തിനൊരുങ്ങി വർക്കലയിലെ രംഗകലാ കേന്ദ്രം (സെന്റർ ഫോർ പെർഫോമിംഗ് ആർട്സ്) ജൂലായ് 2ന് വൈകിട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള വർക്കല ഗവ. ഗസ്റ്റ് ഹൗസ് വളപ്പിലെ രണ്ട് ഏക്കർ സ്ഥലത്ത് 13,000 ചതുരശ്ര അടിയിലാണ് കേരളത്തനിമയിൽ കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്.

ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്റെ കീഴിൽ വിഷൻ വർക്കല ഇൻഫ്രാ സ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (വിവിഡ്) വഴി നടപ്പിലാക്കുന്ന പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ് വർക്കലയിലെ രംഗകലാകേന്ദ്രം.

പാരമ്പര്യ കലകളെക്കുറിച്ചുള്ള ഗവേഷണം, അവതരണം, പാരമ്പര്യ ആധുനിക കലാരൂപങ്ങൾ തമ്മിലുള്ള താരതമ്യപഠനങ്ങൾ എന്നിവയ്ക്ക് ഇവിടെ അവസരമുണ്ട്. വിദേശത്തുനിന്ന് എത്തുന്നവർക്കുൾപ്പെടെ കേരളത്തിന്റെ തനതായ കലകൾ ആസ്വദിക്കാനും പഠിക്കാനുമുള്ള സൗകര്യമുണ്ട്.

ഭാവിയിൽ സിംഗപ്പൂരിലെ അസോസിയേഷൻ ഒഫ് ഏഷ്യ പസഫിക് പെർഫോമിംഗ് ആർട്സ് സെന്ററുമായി സഹകരിച്ച് ഡീംഡ് യൂണിവേഴ്സിറ്റി പദവിയിലേക്ക് കേന്ദ്രത്തിനെ ഉയർത്താനും പദ്ധതിയുണ്ട്. ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള 200ഓളം വിദ്യാർത്ഥികൾ ഇതിനോടകം സെന്ററിനെ പഠനവിഷയമായി തിരഞ്ഞെടുത്തിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ ഇൻടാങ്കിബിൾ പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തി യുനെസ്കോയുടെ സഹായം തേടുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

നിർമ്മാണ ചെലവ് - 15 കോടി

നിർമ്മിച്ചിരിക്കുന്നത്

1) അന്തരാഷ്ട്ര നിലവാരത്തിൽ

2) കേരളീയ വാസ്തുവിദ്യ പ്രകാരമാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.

ഒരുക്കിയിരിക്കുന്നത്

രംഗകലാകേന്ദ്രത്തിൽ കൂത്തമ്പലത്തിന്റെ മാതൃകയിലുള്ള പെർഫോമൻസ് ഹാൾ, കളരിത്തറ, കേരളത്തിന്റെ പരമ്പരാഗത ശൈലിയിലുള്ള ആനപ്പള്ള മതിൽ, താമരക്കുളം,ആംഫി തിയേറ്റർ, സ്വിമ്മിംഗ് പൂൾ,തീം നൈറ്റ്സ്,സർപ്പപ്പാട്ട്, തുള്ളൽ, പടയണി,അഗ്നിക്കാവടി, അർജുന നൃത്തം,ചവിട്ടു നാടകം, ഗോസ്റ്റ് നൈറ്റ്സ്, കലാപഠന കേന്ദ്രം, കൺവെൻഷൻ സെന്റർ,ഓഡിറ്റോറിയം, ആയുർവേദ ചികിത്സാ കേന്ദ്രം, ഓർഗാനിക് ഗാർഡൻ,ഫെസിലിറ്റേഷൻ സെന്റർ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്.

കമ്മിറ്റി അംഗങ്ങൾ

മുഖ്യമന്ത്രി ചെയർമാനായി രൂപീകരിച്ച വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (വിവിഡ്) നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിന്റെ നിർദേശപ്രകാരം ആർക്കിടെക്ട് ബി. സുധീറാണ് കലാകേന്ദ്രത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. പദ്മഭൂഷൻ അടൂർ ഗോപാലകൃഷ്ണൻ (ചെയർമാൻ), ബിശ്വനാഥ് സിൻഹ ഐ.എ.എസ്(വൈസ് ചെയർമാൻ), സൂര്യ കൃഷ്ണമൂർത്തി, ബോസ് കൃഷ്ണമാചാരി, എ. മീര സാഹിബ്, എസ്‌. ശ്രീനിവാസൻ ഐ.എ.എസ് എന്നിവർ ഡയറക്ടർ ബോർഡ് അംഗങ്ങളുമാണ്. വി. രാമചന്ദ്രൻ പോറ്റി എക്സിക്യൂട്ടീവ് ഡയറക്ടറായും രംഗകലാ കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്നു.

വർക്കല രംഗകലാ കേന്ദ്രം അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനമായി മാറും. ഭാവിയിൽ മ്യൂസിയവും ഉണ്ടാവും. അവതരണ കലകളുടെ ഏറ്റവും വലിയ വേദിയായി മാറും.

അടൂർ ഗോപാലകൃഷ്ണൻ, രംഗകലാകേന്ദ്രം ചെയർമാൻ

വർക്കലയുടെ പ്രശസ്തി ആഗോളതലത്തിൽ എത്തിക്കുന്ന സംരംഭമാണ് രംഗകലാകേന്ദ്രം. നാട്ടിലെ കലകളുടെ പഠന ഗവേഷണത്തിന് ഇത് മുതൽക്കൂട്ടാവും.

വി. ജോയി, എം.എൽ.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.