കൊച്ചി: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കുടുംബങ്ങളെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തിൽ കൃഷി വകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് ആലങ്ങാട് നീറിക്കോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി പി. രാജീവ് നിർവഹിക്കും. ഹൈബി ഈഡൻ എം. പി അദ്ധ്യക്ഷനാവും. ബെന്നി ബെഹനാൻ എം. പി, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ എന്നിവർ പങ്കെടുക്കും. ജില്ലാതല ഉദ്ഘാടനത്തിന്റെ പ്രചരണാർത്ഥം 'ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം ' എന്ന പേരിൽ 97 കൃഷിയിടങ്ങളിൽ കൃഷി ആരംഭിക്കും.