തൃശൂർ: ഗുരുവായൂർ എക്‌സ്‌പ്രസിൽ അച്ഛനൊപ്പം യാത്രചെയ്ത 16കാരിക്ക് നേരെ അതിക്രമം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്ത സാഹചര്യത്തിൽ ഇന്ന് നേരിട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കുട്ടിയുടെ അച്ഛൻ. സംഭവം അറിയിച്ചിട്ടും പൊലീസിനെ വിളിക്കാതിരുന്ന റെയിൽവേ ഗാർഡിനെ സസ്‌പെൻഡ് ചെയ്യണമെന്നും പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകും.
അതേസമയം, പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ റെയിൽവേ പൊലീസിന് മുന്നിൽ ദളിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ധർണ നടത്തി. സംഭവത്തിൽ മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞെന്നും തൃശൂർ സ്വദേശികളാണെന്നും ഒളിവിലാണെന്നും പറയുന്ന പൊലീസ് ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കുള്ള സ്ഥിരം യാത്രക്കാരാണ് അതിക്രമം നടത്തിയതെന്നാണ് വിവരം.
ഗവ. റെയിൽവേ പൊലീസിന്റെ (ജി.ആർ.പി) എറണാകുളം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സിന്റെ (ആർ.പി.എഫ്) എറണാകുളം, തൃശൂർ യൂണിറ്റുകളും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. പ്രതികളിലൊരാളുടെ ഫോട്ടോ അച്ഛനും മകളും തിരിച്ചറിഞ്ഞിരുന്നു. അന്വേഷണപുരോഗതിയെക്കുറിച്ചുളള വിവരങ്ങൾ പൊലീസിൽ നിന്ന് ലഭിച്ചില്ലെന്ന് ദളിത് കോൺഗ്രസ് നേതാവായ, പെൺകുട്ടിയുടെ അച്ഛൻ കേരളകൗമുദിയോട് പറഞ്ഞു.
പ്രതികൾ ഇറങ്ങിപ്പോയതായി സംശയിക്കുന്ന അങ്കമാലി, കല്ലേറ്റുംകര, ചാലക്കുടി സ്റ്റേഷനുകളിൽ സി.സി.ടി.വിയില്ലാത്ത സാഹചര്യത്തിൽ ദൃശ്യങ്ങൾ കണ്ടെത്താൻ റെയിൽവേ സ്റ്റേഷനുകൾക്കു സമീപത്തുള്ള സ്ഥാപനങ്ങളിലെ കാമറകൾ കൂടി പരിശോധിക്കുന്നുണ്ട്.
ശനിയാഴ്ച രാത്രി തൃശൂരിലേക്കു പോകാൻ എറണാകുളം സൗത്തിൽ നിന്നു കയറിയതായിരുന്നു തൃശൂർ കാര്യാട്ടുകര സ്വദേശികളായ പെൺകുട്ടിയും അച്ഛനും. മകളുടെ കാലിൽ സ്പർശിക്കുന്നത് ചോദ്യം ചെയ്ത അച്ഛനെ ആറംഗസംഘം ആക്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു. അക്രമം തടയാൻ ശ്രമിച്ചതിന് മലപ്പുറം സ്വദേശി ഫൈസൽ എന്ന യാത്രക്കാരനെയും സംഘം ആക്രമിച്ചു. ട്രെയിനിലെ ഗാർഡിനോട് ഇടപ്പള്ളിയിൽ വച്ചു തന്നെ പരാതിപ്പെട്ടെങ്കിലും തൃശൂരിലെത്തുന്നത് വരെ പൊലീസിൽ അറിയിച്ചില്ല. ഇതിനിടെ അടുത്ത സ്റ്റേഷനുകളിലായി പ്രതികൾ ഇറങ്ങിപ്പോയി.
ഒടുവിൽ പെൺകുട്ടിയുടെ അച്ഛൻ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതിപ്പെട്ടു. തൃശൂർ റെയിൽവേ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. തൃശൂർ റെയിൽവേ പൊലീസ് സ്റ്റേഷനുമുന്നിൽ നടത്തിയ ധർണ ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.വി. രാജു, നേതാക്കളായ ധന്യ, എ.എസ്. വാസു, തുടങ്ങിയവർ പങ്കെടുത്തു.
ട്രെയിനിലെ ഉപദ്രവം: വിക്ടിം
റൈറ്റ്സ് സെന്റർ വിവരങ്ങൾ തേടി
കൊച്ചി: എറണാകുളം-ഗുരുവായൂർ പാസഞ്ചറിൽ പിതാവിനൊപ്പം സഞ്ചരിച്ച പതിനാറുകാരിയെ സഹയാത്രികർ ഉപദ്രവിച്ച സംഭവത്തിൽ കേരള ലീഗൽ സർവീസ് അതോറിട്ടിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിക്ടിം റൈറ്റ്സ് സെന്റർ വിവരങ്ങൾ തേടി. ഇത്തരം കേസുകളിലെ ഇരകളുടെ അവകാശസംരക്ഷണമാണ് സെന്ററിന്റെ ദൗത്യം. ഇതിന്റെ പ്രവർത്തകരായ അഡ്വ.പാർവതി സഞ്ജയ്, അഡ്വ.ഷിബി എന്നിവർ പെൺകുട്ടിയെയും പിതാവിനെയും നേരിട്ടുകണ്ട് വിവരങ്ങൾ തേടും. കേസിൽ സ്വീകരിച്ച നടപടികൾ റെയിൽവേ പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടിക്ക് നിയമസഹായവും ലഭ്യമാക്കും.