തിരുവനന്തപുരം: പാർട്ടിയെ നെഞ്ചോട് ചേർത്ത ജീവിതമായിരുന്നു ടി.ശിവദാസമേനോന്റേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അനുസ്‌മരിച്ചു. സി.പി.എമ്മിന്റെ അടിത്തറ വിപുലപ്പെടുത്താൻ അദ്ദേഹം അക്ഷീണം യത്‌നിച്ചു. വർഗശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സഖാവ് മുന്നിലുണ്ടായിരുന്നു.മികച്ച പാർലമെന്റേറിയനായിരുന്നു. നിയമസഭാ സാമാജികനായി മാതൃകാപരമായി പ്രവർത്തിച്ചു. രണ്ട് മന്ത്രിസഭകളിൽ മന്ത്രിയായിരുന്നപ്പോൾ അസാമാന്യമായ ഭരണപാടവം പ്രകടിപ്പിച്ചു.
ഞങ്ങൾ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായത് ഒരേ സമയത്താണ്. അന്ന് സഖാവുമായി അടുത്തിടപഴകി. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും പാണ്ഡിത്യവും നേരിട്ടറിഞ്ഞു. തിരുവനന്തപുരത്തെ മിക്ക പ്രക്ഷോഭങ്ങളിലും ഞങ്ങൾ ഒരുമിച്ച് പങ്കാളികളായി. ആന്റണിയുടെ കാലത്തെ പൊലീസ് ഭീകരവാഴ്ചയ്‌ക്കെതിരായ പോരാട്ടങ്ങളിൽ സഖാവ് സജീവമായിരുന്നു. മുത്തങ്ങ സമരകാലത്ത് മൃഗീയമായ പൊലീസ് മർദ്ദനമേറ്റു. വിപ്ലവകാരിയുടെ കരുത്ത് അദ്ദേഹം തെളിയിച്ചു. വ്യക്തിപരമായി വളരെ അടുത്ത ബന്ധമായിരുന്നു സഖാവിന്. ഒന്നരമാസം മുമ്പ് മഞ്ചേരിയിലെ വീട്ടിൽപ്പോയി ഞാനും ഭാര്യ വിനോദിനിയും അദ്ദേഹത്തെ കണ്ടു. വളരെ നേരം ഞങ്ങൾ ഒരുമിച്ചിരുന്നു. ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. അവസാനത്തെ കൂടിക്കാഴ്ചയായിരുന്നു അത്. സഖാവിന്റെ സ്മരണ എന്നും ആവേശമായി നിലകൊള്ളും.