ന്യൂഡൽഹി: ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസ താരങ്ങളിലൊരാളായ വരീന്ദർസിംഗ് അന്തരിച്ചു. 75 വയസായിരുന്നു.ഇന്നലെ പഞ്ചാബിലെ ജലന്ധറിൽ ആയിരുന്നു അന്ത്യം. 1972ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമംഗമായ വരീന്ദർ 1975ൽ ക്വാലാലംപൂർ വേദിയായ ഹോക്കി ലോകകപ്പിൽ സ്വർണം നേടിയ ടീമിലേയും പ്രധാനിയായിരുന്നു. 70 കളിൽ വിസ്മയ വിജയങ്ങൾ ഏറെ നേടിയ സുവർണ കാലഘട്ടത്തിൽ ഇന്ത്യൻ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു വരീന്ദർ. 1974, 78 ഏഷ്യൻ ഗെയിംസുകളിൽ വെള്ളി നേടിയ ടീമിലും വരീന്ദർ ഉണ്ടായിരുന്നു. ഇന്ത്യൻ ഹോക്കി നൽകിയ സംഭാവനകൾ പരിഗണിച്ച് 2007ൽ ധ്യാൻ ചന്ദ് അവാർഡ് നൽകി രാജ്യം വരീന്ദറിനെ ആദരിച്ചിരുന്നു.