ബെർലിൻ : ജി - 7 നേതാക്കൾക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് തയാറെടുക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടയുടൻ അടുത്തേക്ക് നടന്നെത്തി ഒരാൾ പിറകിൽ നിന്ന് തട്ടിവിളിച്ചു. പിന്നെ ഹസ്തദാനവും കുശലാന്വേഷണങ്ങളും. മറ്റാരുമല്ല, യു.എസ് പ്രസിഡന്റ് ജോ ബൈഡനായിരുന്നു അത്. ജർമ്മനിയിലെ ബവേറിയയിലെ ഷ്ലോസ് എൽമൗ കാസിൽ ഹോട്ടലിൽ തിങ്കളാഴ്ച നടന്ന ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി കൈകോർത്ത് നിന്ന് സംസാരിക്കുന്നതിനിടെയാണ് മോദിയുടെ സമീപത്തേക്ക് ബൈഡനെത്തിയത്. ബൈഡൻ തോളിൽത്തട്ടുന്നതും മോദി പെട്ടെന്നുതന്നെ തിരിഞ്ഞുനോക്കുന്നതും വീഡിയോയിൽ കാണാം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും മോദിയ്ക്കൊപ്പം സമയം ചെലവഴിക്കാൻ കണ്ടെത്തി.
മാക്രോൺ മോദിയ്ക്കൊപ്പം ചായകുടിച്ച് സൗഹൃദം പങ്കിടുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധനേടി. ഇരുവരും ആലിംഗനം ചെയ്യുന്നതിന്റെയും സംഭാഷണത്തിൽ ഏർപ്പെടുന്നതിന്റെയും വിവിധ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |