ആള് വിദേശിയാണെങ്കിലും ഇപ്പോൾ കേരളത്തിലും സജീവമായി കൃഷി ചെയ്യുന്ന ഒന്നാണ് സ്ട്രോബെറി. നല്ല തണുപ്പുള്ള എല്ലായിടങ്ങളിലും മിടുമിടുക്കനായി വളരുമെന്നതാണ് സ്ട്രോബെറിയുടെ പ്രത്യേകത. ഏപ്രിൽ - മേയ് മാസങ്ങളാണ് ഇവ കൃഷി ചെയ്യാൻ കൂടുതൽ അനുയോജ്യമെങ്കിലും എല്ലാ കാലാവസ്ഥയിലും കൃഷിയിറക്കാവുന്നതാണ്. 50 സെന്റിമീറ്റർ അകലത്തിൽ വേണം ചെടികൾ നടാൻ. ഇവയുടെ തടങ്ങൾ തമ്മിൽ 60 സെന്റിമീറ്റർ അകലം വേണം. നടുന്നതിന് മുൻപ് നിലം കിളച്ചൊരുക്കി വൃത്തിയാക്കണം. ചുവട്ടിൽ വെള്ളം കെട്ടി നിൽക്കുന്നത് ചെടികൾക്ക് ഒട്ടും നന്നല്ല. വള്ളി പോലെ അല്പം നീണ്ടായിരിക്കും ഇവ വളരുന്നത്. വള്ളിയുടെ ഓരോ കടയ്ക്കലിൽ നിന്നും വീണ്ടും പുതിയ മുള പൊട്ടി മറ്റൊരു വള്ളിയുണ്ടാകും. ഇവയെ വീണ്ടും പറിച്ചു മാറ്റി നടാവുന്നതാണ്.
ആഴ്ചയിലൊരിക്കൽ ചെടിയുടെ ചുവട് വൃത്തിയാക്കണം. ഉണങ്ങിയ ഇലകളും തണ്ടും നീക്കം ചെയ്യുന്നതോടൊപ്പം കള പറിക്കുകയും വേണം. ഒന്നര മാസത്തിലൊരിക്കൽ വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക്, പച്ചചാണകം എന്നിവ ചുവട്ടിൽ ഇട്ടു കൊടുക്കണം. മണ്ണിന്റെ പിഎച്ച് ലെവൽ ഏഴ് വരെ സ്ട്രോബെറി കൃഷിക്ക് ഗുണകരമാണ്. 10- 30 ഡിഗ്രി സെൽഷ്യസ് ആയിരിക്കണം ചൂട്. ചകിരിച്ചോറും മണ്ണിരക്കമ്പോസ്റ്റും നിറച്ച പ്ലാസ്റ്റിക് ചാക്കുകളിലും തറയിലും നടാം. തുള്ളി നനയാണ് വേണ്ടത്. ചൂട് കൂടുതലുണ്ടെങ്കിൽ ഒരു ദിവസം മൂന്ന് നേരമെങ്കിലും നനയ്ക്കാൻ ശ്രദ്ധിക്കണം. സെപ്തംബർ- ജനുവരി മാസങ്ങളിലാണ് വിളവുണ്ടാകുന്നത്. അധികം വേനലോ മഴയോ ഉണ്ടായാൽ വിളവ് കുറയും. ഒരു ചെടിയിൽ നിന്ന് പത്ത് പഴങ്ങൾ വരെ കിട്ടും. പുഷ്പിച്ച് ഒരു മാസത്തിനുള്ളിൽ വിളവെടുത്തു തുടങ്ങാമെന്നതും പ്രത്യേകതയാണ്. മാത്രവുമല്ല, അധിക സംരക്ഷണങ്ങളൊന്നുമില്ലാതെ ജൈവ വളമുപയോഗിച്ച് കൃഷി ചെയ്യാമെന്നതും വലിയൊരു മേന്മയാണ്.
ഈർപ്പമുള്ള മണ്ണിൽ ചേർന്നു കിടക്കുന്നതിനാൽ ചിലപ്പോൾ പഴങ്ങൾ അഴുകിപ്പോകാറുണ്ട്. ഇതു തടയാൻ ചെടികളുടെ ഇടയിൽ വൈക്കോലോ അറക്കപ്പൊടിയോ ഇടുക. മണ്ണിൽ ഈർപ്പം നിലനിർത്താനും അതി ശൈത്യത്തിൽ നിന്നു സംരക്ഷിക്കാനും ഈ പുതയിടീൽ ഉപകരിക്കും. കാര്യമായ വളപ്രയോഗം വേണ്ട എന്നതാണ് ഇവയുടെ പ്രത്യേകത. വിളവെടുക്കുന്ന തോട്ടങ്ങളിൽ പഴങ്ങൾ പറിച്ചെടുത്തിനു ശേഷം മാത്രമേ നനയ്ക്കാവൂ. അല്ലാത്ത പക്ഷം കായ്കൾ ചീത്തയായി പോകാൻ സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |