SignIn
Kerala Kaumudi Online
Thursday, 25 April 2024 5.39 PM IST

സിംഗപ്പൂർ ഉപഗ്രഹങ്ങൾക്ക് പിന്നിലെ മലയാളി സാന്നിദ്ധ്യം

dr-amal-chandran

തിരുവനന്തപുരം: ലോകത്തിലെ തന്നെ അഞ്ച് പ്രധാന സ്പേസ് ഏജൻസികളിൽ ഒന്നാണ് ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആർഒ. മറ്റു സ്പേസ് സെന്ററുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ചെലവ് കുറച്ചുതന്നെ ഉപഗ്രഹ വിക്ഷേപണം നടത്താൻ ഐഎസ്ആർഒയ‌്ക്ക് സാധിക്കും. നാളെ അത്തരത്തിൽ സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങൾ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപണത്തിന് തയ്യാറെടുത്തു കഴിഞ്ഞു. സിംഗപ്പൂരിലെ നന്യാംഗ് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ (എൻടിയു) നിർമ്മിക്കപ്പെട്ട ഈ ഉപഗ്രഹത്തിന്റെ മേൽനോട്ടചുമതല ഒരു മലയാളിക്കാണ്. തിരുവനന്തപുരം സ്വദേശിയായ ഡോ. അമൽ ചന്ദ്രന്.

സാറ്റലൈറ്റ് ലോഞ്ചിന് മുന്നോടിയായി കഴിഞ്ഞ ദിവസം അദ്ദേഹം ഇന്ത്യയിലെത്തിയിട്ടുണ്ട്. സ്‌റ്റുഡന്റ് സാറ്റലൈറ്റ് സ്കീം അഥവാ എസ് ക്യൂബ് എന്നാണ് മിഷന് പേര് നൽകിയിരിക്കുന്നത്. എൻടിയുവിലെ വിദ്യാർത്ഥികളാണ് രണ്ട് കിലോഗ്രാം മാത്രം ഭാരമുള്ള ഈ സാറ്റലൈറ്റ് നിർമ്മിച്ചിരിക്കുന്നത്. എയറോ സ്പേസ് എഞ്ചിനീയറിൽ നിന്ന് സിംഗപ്പൂരിലെ പ്രശസ്‌തമായ നന്യാംഗ് യൂണിവേഴ്‌സിറ്റിയിലെ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്‌ടർ പദവിയിൽ എത്തിനിൽക്കുകയാണ് അമൽ ചന്ദ്രൻ ഇപ്പോൾ. ആ യാത്രയെ കുറിച്ച് കേരളകൗമുദി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അമൽ ചന്ദ്രൻ മനസു തുറക്കുന്നു.

സിഇടിയിൽ നിന്ന് സിംഗപ്പൂരിലേക്ക്

തിരുവനന്തപുരത്ത് അമ്പലമുക്ക് സ്വദേശിയാണ് അമൽ ചന്ദ്രൻ. ക്രൈസ്‌റ്റ് നഗറിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ (സി.ഇ.ടി) നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. അക്കാലത്ത് കേരളത്തിലെ കോളേജുകളിൽ ക്യാമ്പസ് റിക്രൂട്ടുമെന്റുകൾ അത്ര സജീവമല്ല. തുടർന്ന് അമേരിക്കയിലെ വെർജിന ടെക്ക് യൂണിവേഴ്‌സിറ്റിയിൽ എംഎസിന് അഡ്‌മിഷൻ ലഭിച്ചു. അമേരിക്കയിൽ ഉന്നതപഠനം ചെയ്യണമെന്ന അമലിന്റെ അഗ്രഹത്തിന് പിന്നിലെ പ്രധാന കാരണം ലോകപരിചയം നേടണമെന്നതായിരുന്നു. എയറോസ്പേസ് എഞ്ചിനീയറിംഗിലായിരുന്നു മാസ്‌റ്റേഴ്‌സ് പൂർത്തിയാക്കിയതെങ്കിലും മനസ് അതിലും ഉറച്ചു നിന്നില്ല. പിന്നീട് ഗവേഷണ മേഖലയിലേക്ക് കടന്നപ്പോഴാണ് ഉപഗ്രഹങ്ങളെ കുറിച്ചുള്ള ചിന്ത കടന്നുവന്നത്. ജീവിതത്തിൽ പുതിയൊരു അദ്ധ്യായം അവിടെ തുറക്കുകയായിരുന്നു.

amal-chandran

ഒരേസമയം അദ്ധ്യാപകനും ശാസ്‌ത്രജ്ഞനും

ഗവേഷണവും അദ്ധ്യാപനവും ഒരുപോലെ കൊണ്ടുപോകുന്നയാളാണ് അമൽ. രണ്ടും രണ്ട് രാജ്യങ്ങളിലാണെന്ന് മാത്രം. അമേരിക്കയിലെ കൊളറാഡോ യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപക വൃത്തിയിൽ നിന്ന് സിംഗപ്പൂരിലെ നന്യാംഗിൽ എത്തുമ്പോൾ നാനോ സാറ്റലൈറ്റുകളുടെ നിർമ്മാണ ചുമതലയിലാകും ഈ മിടുക്കൻ. എന്നാൽ അദ്ധ്യാപനത്തോട് പൂ‌ണമായും നീതി പുലർത്താൻ തനിക്ക് കഴിയുന്നില്ലെന്നാണ് അമലിന്റെ വിലയിരുത്തൽ. കാരണം ഒരു അദ്ധ്യാപകൻ എങ്ങിനെയായിരിക്കണം എന്നത് സ്വന്തം അച്ഛന്റെ ജീവിതത്തിൽ നിന്ന് മനസിലാക്കിയതുകൊണ്ടു തന്നെയാണെന്ന് അദ്ദേഹം പറയുന്നു. പ്രഗത്ഭനായ ഊർജതന്ത്ര അദ്ധ്യാപകനായിരുന്നു അമലിന്റെ അച്ഛൻ രാമചന്ദ്രൻ നായർ.

തല ഉയർത്തി ഐഎസ്ആർഒ

ലോകത്തെ പ്രധാനപ്പെട്ട അഞ്ച് സ്പേസ് ഏജൻസികളിൽ ഒന്ന് നമ്മുടെ ഐഎസ്ആർഒ ആണെന്ന് അമൽ വിലയിരുത്തുന്നു. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് ആന്റ് ടെക്‌നോളജി (ഐ ഐ എസ് ടി) കൊളറാഡോ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് 2017ൽ ജോയിന്റ് സാറ്റലൈറ്റ് മിഷൻ രൂപികരിച്ചിരുന്നു. ഇൻസ്‌പയർ എന്നാണ് അതിന് പേര് നൽകിയത്. തായ്‌വാനിലെ നാഷണൽ സെന്റർ യൂണിവേഴ്‌സിറ്റിയും പങ്കുവഹിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്കാണ് ഇതിൽ പ്രവർത്തിക്കാനുള്ള അവസരം നൽകുന്നത്. അവരുടെ കഴിവ് പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണിത്.

ഐഐഎസ്ടിയിൽ നിന്നും എല്ലാവർഷവും അഞ്ചോളം വിദ്യാർത്ഥികൾക്ക് കൊളറാഡോയിൽ ഇന്റേൺഷിപ്പിന് അവസരം നൽകുന്നുണ്ട്. ബഹിരാകാശ ഗവേഷണ രംഗത്ത് ഏറ്റവും മികവ് പുലർത്തുന്നവർ തന്നെയാണ് ഇന്ത്യൻ വിദ്യാർത്ഥികളെന്ന് അമൽ പറയുന്നു. പരിശീലനം പൂർത്തിയാക്കി വരുന്നവർ ഭാവിയിൽ ഐഎസ്ആർഒയ‌്ക്ക് മുതൽക്കൂട്ടാവുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

satellite

മസ്‌കിനെയും ബസോസിനെയും പോലെ ബഹിരാകാശത്ത് നിക്ഷേപം നടത്തുന്നവർ ഇന്ത്യയിലുമുണ്ടാകും

ശതകോടീശ്വരന്മാരായ ഇലോൺ മസ്‌കിനെയും ജെഫ് ബസോസിനെയും പോലെ ബഹിരാകാശ രംഗത്ത് നിക്ഷേപം നടത്താൻ ഇന്ത്യയിൽ നിന്നുള്ള വ്യവസായികളും ഭാവിയിൽ മുന്നോട്ടുവരുമെന്ന അഭിപ്രായമാണ് അമലിനുള്ളത്. മറ്റേതൊരു നിക്ഷേപത്തേയും പോലെ ലാഭം പ്രതീക്ഷിക്കാൻ പറ്റില്ലെങ്കിലും ലോഞ്ചിംഗ് മാർക്കറ്റ് എന്ന അവസരം സ്വകാര്യ മേഖലയ‌്ക്ക് തുറന്നുകൊടുക്കാൻ സാദ്ധ്യതയുണ്ട്. ഈ സാദ്ധ്യതയാണ് അമേരിക്കൻ ഭരണകൂടം മസ്‌കിനും ബസോസിനും തുറന്നുകൊടുത്തത്.

സ്പേസ് ആണ് ലക്ഷ്യമെങ്കിൽ സിംഗപ്പൂർ വിളിക്കുന്നു

സ്പേസ് രംഗത്ത് കരിയർ ലക്ഷ്യമിടുന്ന ഏതൊരു വിദ്യാർത്ഥിക്കും ഐ ഐ എസ്ടി മികച്ചൊരു ചോയിസ് ആണ്. ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ എയറോസ്പേസിന്റെ ഭാഗമായി സ്പേസ് കോഴ്‌സുകൾ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല അമേരിക്ക, യൂറോപ്പ്, ജപ്പാൻ, സിംഗപ്പൂർ തുടങ്ങിയയിടങ്ങളിലെല്ലാം ഈ രംഗത്ത് ഉന്നത പഠനത്തിന് ധാരാളം അവസരങ്ങളുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സിംഗപ്പൂരിലടക്കം ലോകത്തെങ്ങും ബഹിരാകാശ ഗവേഷണരംഗത്ത് വൻ സാദ്ധ്യതകളാണുള്ളതെന്ന് അമൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DR AMAL CHANDRAN, SINGAPORE UNIVERSITY, ISRO, PSLV, NANYANG TECHNOLOGICAL UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.