SignIn
Kerala Kaumudi Online
Saturday, 20 April 2024 8.31 AM IST

കെട്ടിട നമ്പർ തട്ടിപ്പ്: അന്വേഷണസംഘം കോർപ്പറേഷൻ ഓഫീസിൽ തെളിവെടുത്തു

corp
കോർപ്പറേഷൻ അഴിമതിയിൽ പ്രതിഷേധിച്ച ബി.ജെ.പി കൗൺസിലർമാരെ മർദ്ദിച്ചതിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ കോഴിക്കോട് കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ.

കോഴിക്കോട്: കോർപ്പറേഷനിലെ അനധികൃത കെട്ടിടങ്ങൾക്ക് നിയമവിരുദ്ധമായി നമ്പർ നൽകി തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണസംഘം കോർപ്പറേഷൻ ഓഫീസിലെത്തി രേഖകൾ ശേഖരിച്ചു. ഫറോക്ക് അസി. കമ്മിഷണർ എം.എം. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇന്നലെ കോർപ്പറേഷൻ ഓഫീസിലെത്തി രേഖകൾ പരിശോധിക്കുകയും പതിനൊന്ന് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തത്. വൈകീട്ട് ഏഴുവരെ തെളിവെടുപ്പ് തുടർന്നു.

ഉദ്യോഗസ്ഥരുടെ സഞ്ചയ സോഫ്റ്റ്‌വെയറിലെ ലോഗിൻ വിവരങ്ങൾ ചോർത്തി കെട്ടിട നമ്പർ നൽകിയ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളിൽ ആറുപേരുടെ ജാമ്യാപേക്ഷ ചീഫ് ജുഡീഷ്യൽ മജിസേ്‌ട്രേറ്റ് എ.ഫാത്തിമാബീവി തള്ളി. കെട്ടിടമുടമയും മൂന്നാം പ്രതിയുമായ കരിക്കാംകുളം അദിൻ ഹൗസിൽ പി.കെ.അബൂബക്കർ സിദ്ദിഖിന് ജാമ്യം അനുവദിച്ചു. കോർപ്പറേഷൻ കെട്ടിട നികുതി വിഭാഗം ക്ലാർക്ക് ചേവരമ്പലം പൊന്നോത്ത് എൻ.പി.സുരേഷ്, കോർപ്പറേഷൻ തൊഴിൽ നികുതി വിഭാഗത്തിലെ ക്ലർക്ക് വേങ്ങേരി അനിൽകുമാർ മഠത്തിൽ, ഇടനിലക്കാരനും കോർപ്പറേഷനിലെ മുൻ ഉദ്യോഗസ്ഥനുമായ ഫാറൂഖ് കോളജ് കാരാട് പറമ്പ് പി.സി.കെ.രാജൻ , ഇടനിലക്കാരായ തടമ്പാട്ട് താഴം അസിൻ ഹൗസിൽ പി.കെ.ഫൈസൽ അഹമ്മദ് , പൊറ്റമ്മൽ മാപ്പിളക്കണ്ടി ഇ.കെ.മുഹമ്മദ് ജിഫ്രി , കരുവിശ്ശേരി അമാനത്ത് ഹൗസിൽ എം.യാഷിർ അലി എന്നിവരുടെ ജാമ്യാപേക്ഷകളാണ് തള്ളിയത്. ഒന്നും രണ്ടും പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ അസി.പൊലീസ് കമ്മിഷണർ എ.എം.സിദ്ദീഖ് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

കോഴിക്കോട് കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറി മനോഹറിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണ റിപ്പോർട്ട് മേയർക്ക് സമർപ്പിച്ചു. സമഗ്ര അന്വേഷണത്തിന് റിപ്പോർട്ടിൽ ശുപാർശയുണ്ട്.

ലോഗിൻ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് സസ്‌പെൻഷനിലായ ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല ധർണ ഇന്നലെ ആരംഭിച്ചു.

കോൺഗ്രസ് മാർച്ച് ഇന്ന്

കോഴിക്കോട് : അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ വിവാദത്തിൽ കോൺഗ്രസ് ഇന്ന് കോർപ്പറേഷൻ മാർച്ച് നടത്തും. സെക്രട്ടറിയെ മാറ്റി നിറുത്തി വിജിലൻസ് കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് മാർച്ച്. കോർപ്പറേഷൻ പരിധിയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രതിഷേധം. ബീച്ചിലെ ടെലിഗ്രാഫ് ഓഫീസിന് മുന്നിൽ കേന്ദ്രീകരിച്ച് പ്രകടനമായാണ് ഓഫീസിൽ എത്തുകയെന്ന് ഡി.സി.സി സെക്രട്ടറി എസ്.കെ.അബൂബക്കർ വ്യക്തമാക്കി.

സംയുക്തസമരസമിതി അനിശ്ചിതകാല കൂട്ടധർണ നടത്തി

കോഴിക്കോട്: പാസ് വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവത്തിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല ധർണ ആരംഭിച്ചു. കെ.എം.സി.എസ്.യു, കെ.എം.സി.എസ്.എയും ചേർന്ന സംയുക്തസമരസമിതിയാണ് അനിശ്ചിതകാല കൂട്ടധർണ നടത്തുന്നത്. കോർപ്പറേഷൻ ഓഫീസിനുമുന്നിൽ നടത്തിയ ധർണ കെ.എം.സി.എസ്.യു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ സി. മഹേന്ദ്രൻ അദ്ധ്യക്ഷനായി.
പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്തതെന്നും ജീവനക്കാരെ തിരിച്ചെടുക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സംയുക്ത സമര സമിതി നേതാക്കളായ പി.എം. ബാബുരാജ്, വി.പി. ഉണ്ണിക്കൃഷ്ണൻ, അനിൽകുമാർ ടി, കെ.കെ. സുരേഷ്, ജിനേഷ് ടി.കെ, രജിത്കുമാർ, എൻ.പി. മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.

അഴിമതിയിൽ ഉന്നതർക്കും പങ്ക്: ബി.ജെ.പി

കോഴിക്കോട്: അനധികൃത കെട്ടിടനമ്പർ നൽകുന്ന സമാന്തര സംവിധാനത്തിന് പിന്നിൽ എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും ഉന്നതർക്ക് പങ്കുണ്ടെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ ആരോപിച്ചു. കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ച ബി.ജെ.പി ജനപ്രതിനിധികളെ ആക്രമിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി.പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിജിലൻസ് റവന്യൂ രേഖകൾ പരിശോധിക്കുന്നതോടൊപ്പം തന്നെ ക്രിമിനൽ ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ എന്നിവ സംബന്ധിച്ച് ഉന്നത തല അന്വേഷണം പ്രഖ്യാപിക്കണം. രാമനാട്ടുകര മുനിസിപ്പാലിറ്റിയിലും സമാനമായ അഴിമതി പുറത്തു വന്നതിന് ശേഷം ഇടതും വലതും ഒത്തു തീർപ്പിലേക്ക് നീങ്ങുകയാണ്.
പ്രധാന കവാടത്തിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇ.പ്രശാന്ത് കുമാർ, എം.മോഹനൻ, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, കൗൺസിൽ പാർട്ടി ലീഡർ നവ്യാ ഹരിദാസ്, കൗൺസിലർമാരായ ടി.രനീഷ്, അനുരാധ തായാട്ട്, എൻ.ശിവപ്രസാദ്, സരിതാ പറയേരി, രമ്യാ സന്തോഷ്, സി.എസ്.സത്യഭാമ, എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.