ഹരിപ്പാട്: ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷ യാത്രക്കാരായ ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശികളായ തങ്കമ്മ, ബിന്ദു, ഓട്ടോ ഡ്രൈവർ സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്. തോട്ടപ്പള്ളിയിൽ വിവാഹത്തിൽ പങ്കെടുത്ത ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടം. ശക്തമായ കാറ്റിലും മഴയിലും ദേശീയപാതയ്ക്ക് അരികിലായി നിന്നിരുന്ന മഹാഗണി മരം ഓട്ടോയുടെ മുകളിലേക്ക് പിഴുത് വീഴുകയായിരുന്നു. ഓട്ടോറിക്ഷ പൂർണമായും തകർന്നു. മരം വെട്ട് തൊഴിലാളികൾ നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചു മാറ്റിയാണ് പരിക്കേറ്റവരെ ഓട്ടോറിക്ഷയിൽ നിന്നും പുറത്തെടുത്ത് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗത തടസം ഉണ്ടായി. ഹരിപ്പാട് നിന്നും ഫയർ ഫോഴ്സ് എത്തി മരം പൂർണമായും മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. രാമപുരം മുതൽ തോട്ടപ്പള്ളി വരെ അപകടകരമായ രീതിയിൽ നിരവധി മരങ്ങളാണ് റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്നത്. ഇവിടെ മരങ്ങൾ വീഴുന്നത് പതിവാണ്. തലനാരിഴയ്ക്കാണ് പലരും അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |