SignIn
Kerala Kaumudi Online
Saturday, 20 April 2024 10.22 AM IST

വെളുത്ത പാലും ഇരുളുന്ന ജീവിതവും

milk

മിൽമ രൂപീകരിച്ചിട്ട് 41 വർഷം പൂർത്തിയായിരിക്കുന്നു. നാല് പതിറ്റാണ്ടിനിടെ മിൽമയെ ലോകമറിയുന്ന ബ്രാൻഡാക്കി വളർത്തിയതിൽ കേരളത്തിലെ ലക്ഷക്കണക്കിന് ക്ഷീരകർഷകരുടെ അശ്രാന്ത പരിശ്രമമുണ്ട്. അവരുടെ അദ്ധ്വാനവും വിയർപ്പുമില്ലായിരുന്നെങ്കിൽ മലയാളിക്ക് കണികണ്ടുണരാൻ മിൽമയുണ്ടാവുമായിരുന്നില്ല. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട് പ്രവർത്തിക്കേണ്ട മിൽമ പക്ഷേ,​ കർഷകരുടെ പാൽപാത്രത്തിൽ കണ്ണീര് നിറയ്ക്കുകയാണ്.

പാലക്കാടിന്റെ കിഴക്കൻ മേഖലയിലെ അതിർത്തി പ്രദേശങ്ങളിലുള്ള ക്ഷീരസംഘങ്ങൾക്ക് പാൽ സംഭരണവുമായി ബന്ധപ്പെട്ട് മിൽമ ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. മേഖലയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കാൻ മിൽമ തയ്യാറല്ല. സൊസൈറ്റികൾക്ക് ക്വാട്ട നിശ്ചയിച്ച് കൂടുതൽ ഉത്പാദിപ്പിക്കുന്ന പാലിന് ന്യായമായും ലഭിക്കേണ്ട വിലയിൽ നിന്ന് ലിറ്ററിന് അഞ്ച് രൂപ കുറയ്ക്കുന്ന മിൽമയുടെ നടപടി കർഷകരോടുള്ള വഞ്ചനയാണ്. സൊസൈറ്റികളിൽ പാൽ അളക്കുന്ന കർഷകർക്ക് അർഹമായ തുക നൽകാത്തതിന് പുറമേ മേഖലയിൽ പുതിയ സംഘങ്ങൾക്ക് അനിയന്തിതമായി അനുമതി നൽകുന്നതും കർഷകരെ ദുരിതത്തിലാക്കുന്നുണ്ട്. ഈ നാട്ടിലെ പാവപ്പെട്ട ക്ഷീരകർഷകരുടെ കുടുംബങ്ങളിൽ കണ്ണീർ വീണതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് എളുപ്പം കൈകഴുകി ഒഴിയാൻ മിൽമയ്ക്ക് കഴിയില്ലെന്ന് മലബാർ ഡെയറി ഫാർമേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു.

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ തമിഴ്നാട് അതിർത്തിയോട് ചേർന്ന ചില സംഘങ്ങളിൽ നിശ്ചയിച്ച പരിധിയിൽ കൂടുതൽ പാൽ എടുക്കുമ്പോൾ പാല് സംസ്‌കരിക്കുന്നതിന്റെ ചെലവിലേക്ക് ഒരു തുക മിൽമ ഈടാക്കുന്നുണ്ട്. ഈ തുക നഷ്ടമാകുന്നതോടെ അർഹമായ വില ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ ആവലാതി. പാൽ യാതൊരു ഉപാധിയും കൂടാതെ സംഭരിക്കണമെന്നും ഇതുവരെ ലിറ്ററിന് അഞ്ച് രൂപ വീതം ഈടാക്കിയ മുഴുവൻ തുകയും തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ട് ക്ഷീരകർഷകരായ വണ്ണാമട കോഴിപ്പതി സ്വദേശി ജെ.ശിവകുമാർ ഹൈക്കോടതിയെ സമീപിച്ച് കർഷകർക്ക് അനുകൂലവിധി നേടിയെടുത്തു. കർഷകർ നൽകുന്ന മുഴുവൻ പാലും ഏറ്റെടുക്കണം. ക്വാട്ട സംവിധാനം ഒഴിവാക്കണം. ഈ വിഷയത്തിൽ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കാനുമാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടത്. പക്ഷേ, ഇപ്പോഴും മേഖലയിൽ മിൽമയുടെ ക്വാട്ട നിയന്ത്രണം തുടരുന്നതിൽ അടിയന്തര ഇടപെടൽ ആവശ്യമാണ്.

ഉത്പാദനം കൂടിയാൽ

ഉടൻ നിയന്ത്രണം

സംസ്ഥാനത്ത് 25 ലക്ഷത്തിലധികം ആളുകൾ ക്ഷീരമേഖലയെ ആശ്രയിച്ച് കഴിയുന്നുവെന്നാണ് കണക്ക്. ഹൈടെക്ക് ഡയറി ഫാമുകളും പാൽ സംസ്‌കരണ - വിതരണ സംവിധാനങ്ങളും സ്വന്തമായുള്ള ചുരുക്കം ചിലരെ മാറ്റിനിറുത്തിയാൽ ഭൂരിപക്ഷം ക്ഷീരകർഷകരും രണ്ടു മുതൽ അഞ്ചുവരെ പശുക്കളെ മാത്രം വളർത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരാണ്. പരിമിതമായ സാഹചര്യങ്ങളിൽ പശുക്കളെ പരിപാലിക്കുന്ന ഇവർക്ക് പാൽ വില്‌ക്കാൻ മിൽമയുടെ സഹകരണ സംഘങ്ങളെ ആശ്രയിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നതാണ് യാഥാർത്ഥ്യം.

സഹകരണ സംഘങ്ങളിൽ പാൽവിറ്റ് അന്നന്നത്തെ വരുമാനം കണ്ടെത്തുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ തൊഴിൽ സുരക്ഷിതത്വത്തെയാണ് മിൽമയുടെ ഇപ്പോഴത്തെ നിലപാടുകൾ ദുർബലമാകുന്നത്. മിൽമയെ ആശ്രയിക്കാതെ കർഷകർക്ക് പ്രാദേശികവിപണനം നടത്താം. പക്ഷേ, പ്രാദേശിക വിപണിക്ക് അതിന്റേതായ പരിമിതിയും സുസ്ഥിര വിപണിയില്ലാത്തതിന്റെ പ്രശ്നങ്ങളും ഏറെയുണ്ട്.

സംസ്ഥാനത്ത് അധിക പാൽ ഉത്പാദനം ഉണ്ടാവുമ്പോഴെല്ലാം പാൽ സംഭരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മിൽമ ഇപ്പോൾ പതിവാക്കിയിട്ടുണ്ട്. ചിറ്റൂരിലെ മുപ്പതോളം സംഘങ്ങൾക്ക് ഇപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണത്തിന് വിചിത്രമായൊരു വാദവും മിൽമ മുന്നോട്ടുവയ്ക്കുന്നു. താരതമ്യേന കുറഞ്ഞ വിലയുള്ള തമിഴ്നാട്ടിൽ നിന്ന് പാൽ എത്തിച്ച് അതിർത്തി ഗ്രാമങ്ങളിൽ അളക്കുന്നുണ്ടെന്നാണ് മിൽമയുടെ ആക്ഷേപം, എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്നും സ്വാഭാവികമായ വർദ്ധനയുടെ ആനുകൂല്യം തങ്ങൾക്കു നിഷേധിക്കരുതെന്നുമാണ് കർഷകരുടെ വാദം.

പാൽ ഉത്‌പാദനത്തിൽ സ്വയംപര്യാപ്ത എന്ന ലക്ഷ്യം നേടാനായി വൈവിദ്ധ്യങ്ങളായ പദ്ധതികൾ നടപ്പിലാക്കി നാം മുന്നോട്ട് പോകുമ്പോൾ പാൽ ഉത്പാദനത്തിൽ വർദ്ധന ഉണ്ടാവുകയെന്നത് തികച്ചും സ്വാഭാവികമാണ്. പാൽ ഉത്പാദനത്തിൽ വർദ്ധനവുണ്ടാകുമ്പോൾ ആ നേട്ടത്തെ കർഷകർക്കും പൊതുസമൂഹത്തിനും പ്രയോജനപ്പെടുന്ന വിധം ഫലപ്രദമാക്കി മാറ്റുന്ന പദ്ധതികളാണ് മിൽമയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്.

കോടതിവിധിക്കെതിരെ

അപ്പീൽ പോവാൻ മിൽമ

കർഷകർക്കാകെ ഗുണകരമായ മിൽമയുടെ നിലനിൽപ്പിനാണ് ചില സംഘങ്ങളിൽ ക്വാട്ട നിശ്ചയിച്ച് പരിവർത്തന ചാർജ് ഈടാക്കിയതെന്ന് മിൽമ വ്യക്തമാക്കുന്നു. കൊവിഡ് രൂക്ഷമായി, വിൽപന കുത്തനെ കുറഞ്ഞ കാലത്തുപോലും നഷ്ടമേറെ സഹിച്ച് മുഴുവൻ പാലും സംഭരിച്ചിട്ടുണ്ട്. 22 കോടി രൂപയാണ് അധിക പാൽ പൊടിയാക്കുന്നതിനും മറ്റുമായി മിൽമ ചെലവാക്കിയത്. അധികമായി സംഭരിക്കുന്ന പാലിന് ക്വാട്ട ഏർപ്പെടുത്തിയത് ചുരുക്കം സംഘങ്ങൾക്കു മാത്രമാണ്. പല സംഘങ്ങളുടെയും ക്വാട്ട സമ്പ്രദായം ഒഴിവാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. മൊത്തത്തിലുള്ള ക്ഷീരകർഷകരുടെ നന്മയ്ക്കു വേണ്ടിയാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും ഇപ്പോഴത്തെ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

മിൽമയുടെ വാദങ്ങൾ

1. മലബാർ മേഖലാ യൂണിയനിൽ ആറ് ജില്ലകളിലെ 1178 ഓളം പ്രാഥമിക ക്ഷീര സഹകരണസംഘങ്ങളിൽ നിന്നായി പ്രതിദിനം ശരാശരി 7.6 ലക്ഷം ലിറ്റർ പാലാണ് സംഭരിക്കുന്നത്. സംഭരണത്തിന് ശേഷം ഓരോ 10ദിവസം കൂടുമ്പോഴും അംഗീകൃത പാൽവില ചാർട്ടനുസരിച്ചുള്ള വില ക്ഷീരസംഘങ്ങൾക്ക് നൽകുന്നുണ്ട്. എന്നാൽ, പാലക്കാട് ജില്ലയിലെ ചിറ്റൂർ ബ്ലോക്കിലുള്ള ചില അതിർത്തി സംഘങ്ങൾക്ക് ക്വാട്ട കമ്മിറ്റിയുടെ ശുപാർശയിൽ യൂണിയൻ തീരുമാനപ്രകാരം അധിക പാലിനുള്ള വിലയിൽ നിന്നും പരിവർത്തന ചാർജ്ജായി ഭരണസമിതി നിശ്ചയിക്കുന്ന തുക കുറവ് ചെയ്യാറുണ്ട്. അതുകഴിച്ചുള്ള തുക യഥാസമയം നൽകുന്നുണ്ട്.

2. ഈ സാമ്പത്തിക വർഷം തന്നെ 1.5 കോടി ലിറ്റർ അധികം പാൽ കേരളത്തിൽ മിച്ചമായതിനെ തുടർന്ന് തമിഴ്നാട്ടിലെ ഡെയറികളിൽ കൊണ്ടുപോയി പരിവർത്തനം നടത്തിക്കഴിഞ്ഞു. പാൽ പരിവർത്തനത്തിനായി ലിറ്ററിന് ഏകദേശം 15 രൂപയോളം അധികച്ചെലവുണ്ട്. ഈ സാമ്പത്തികവർഷം പരിവർത്തന ചാർജ്ജ് ഇനത്തിൽ മാത്രം 22.5 കോടിയുടെ അധിക ബാദ്ധ്യതയുണ്ട്.


3. മേഖലാ യൂണിയനിൽ പാൽ നൽകുന്ന 1178 പ്രാഥമിക സഹകരണ സംഘങ്ങളിൽ 18 സംഘങ്ങൾ മാത്രമാണ് സംഭരണ പരിധിയിൽ അധികമായി പാൽ അളക്കുന്നത്. ഇവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം വലിയവിഭാഗം അംഗസംഘങ്ങളുടെ ക്ഷേമത്തിനാണ് എന്നതിനാലാണ് പൊതുയോഗം ചേർന്ന് ക്വാട്ട തുടരാൻ തീരുമാനിച്ചത്. യൂണിയന്റെ പ്രതിസന്ധികൾ കുറയുന്നതിന് അനുസരിച്ച് പരിവർത്തന ചാർജ് വിഷയത്തിൽ മേഖലാ യൂണിയൻ ഭരണസമിതി ക്ഷീരസംഘങ്ങൾക്ക് അനുകൂലമായി തീരുമാനമെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MILMA AND DIARY FARMERS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.