SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.05 AM IST

സ്വാമി ശാശ്വതികാനന്ദ ; ഗുരുവും വഴികാട്ടിയും

swami-saswathikananda

സ്വാമി ശാശ്വതികാനന്ദ സമാധിയായിട്ട് ഇന്ന് 20 വർഷം




സ്വാമി ശാശ്വതികാനന്ദ എനിക്ക് ആരായിരുന്നു? ഗുരുവും വഴികാട്ടിയും ആത്മീയാചാര്യനും ചില സന്ദർഭങ്ങളിൽ ജ്യേഷ്ഠ സഹോദരനുമെല്ലാമായിരുന്നു. ഇന്ന് കേരളീയ പൊതുസമൂഹത്തിൽ എനിക്ക് എന്തെങ്കിലും സ്ഥാനമുണ്ടെങ്കിൽ അതിനെല്ലാം കാരണഭൂതൻ സ്വാമിജി മാത്രമായിരുന്നു. അനല്പമായ സ്‌നേഹാദരങ്ങളോടെയും കടപ്പാടിന്റെ കൂപ്പുകൈകളോടെയുമല്ലാതെ അദ്ദേഹത്തെ എനിക്ക് ഓർക്കാനാവില്ല. കാരണം കണിച്ചുകുളങ്ങരയിലെ കേവലം ഒരു കരാർപണിക്കാരനായി കോടിക്കണക്കിന് സാധാരണ മനുഷ്യരിൽ ഒരാളായി മൺമറഞ്ഞു പോകേണ്ടിയിരുന്ന ഒരു ജന്മത്തെ ചരിത്രപ്രാധാന്യമുളള ഒരു മഹത് പ്രസ്ഥാനത്തിന്റെ അമരത്ത് അവരോധിക്കുക എന്ന നിയോഗം ഏറ്റെടുത്തത് സ്വാമിജിയായിരുന്നു. എന്നിൽ ഞാൻ പോലും അറിയാത്ത നേതൃത്വപരമായ കഴിവുകളുണ്ടെന്ന് കണ്ടെത്തിയതും അത് സമൂഹത്തിന് ഗുണകരമാം വിധം ഉപയോഗിക്കണമെന്ന് സ്‌നേഹത്തിന്റെ അധികാരത്തിൽ കർശനമായി നിഷ്‌കർഷിച്ചതും അദ്ദേഹമായിരുന്നു.
ആ കാലം വരെ കരാർപണിയും കുടുംബ ജീവിതവുമായി ഒതുങ്ങിക്കൂടാൻ ആഗ്രഹിച്ച വ്യക്തിയാണ് ഞാൻ.
എം.കെ.രാഘവൻ വക്കീലിന്റെ നിർബന്ധം മൂലം സമുദായ പ്രവർത്തനത്തിന്റെ പിന്നണിയിൽ വന്നെങ്കിലും അത് തുടർന്നുകൊണ്ടു പോവുകയെന്ന ചിന്ത വിദൂരമായി പോലും മനസിലുണ്ടായിരുന്നില്ല. എസ്.എൻ. ട്രസ്​റ്റ് സെക്രട്ടറി സ്ഥാനത്തേക്കും രാഘവൻ വക്കീൽ നിർബന്ധപൂർവം എന്നെ അവരോധിക്കുകയായിരുന്നു. അതിന് പിന്നിൽ സ്വാമിജിയുടെ അദൃശ്യകരങ്ങളുണ്ടായിരുന്നെന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. ഒരു മാസത്തിന് ശേഷം നടന്ന യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലേക്കും എന്നെ പരിഗണിക്കാൻ സ്വാമിജി തീരുമാനിച്ചു. അദ്ദേഹം നേരിട്ട് കാര്യം അവതരിപ്പിച്ചു. പിൻമാറാൻ ഞാൻ ആവുന്നത്ര ശ്രമിച്ചു. എന്റെ വാദമുഖങ്ങളെല്ലാം സ്വാമിജി കൃത്യമായി തള്ളി. മനസില്ലാമനസോടെ ഞാൻ പാതിസമ്മതം മൂളിയെങ്കിലും ഭാര്യയും കുട്ടികളും അനുവദിക്കാതെ മുന്നോട്ട് പേകാനാവില്ലെന്നും പ്രീതിയെ സമ്മതിപ്പിക്കുന്ന ചുമതല സ്വാമിജി ഏ​റ്റെടുക്കണമെന്നും അഭ്യർത്ഥിച്ചു.
സ്വാമിജി അനുനയത്തിൽ സംസാരിച്ച് പ്രീതിയെക്കൊണ്ട് സമ്മതിപ്പിക്കാൻ പഠിച്ചപണി പതിനെട്ടും പയ​റ്റി. പക്ഷേ അവൾ അമ്പിലും വില്ലിലും അടുക്കുന്ന ലക്ഷണമില്ല. ഞങ്ങളുടെ ബിസിനസും കുടുംബവും മ​റ്റ് സാഹചര്യങ്ങളുമായി സമുദായ പ്രവർത്തനം ഒത്തുപോവില്ലെന്നായിരുന്നു അവളുടെ വാദം. പക്ഷേ അദ്ദേഹം മുന്നോട്ടുവച്ച വാദം മ​റ്റൊന്നായിരുന്നു.
''നടേശന് ഇപ്പോൾ 60 വയസ് കഴിഞ്ഞു. കുടുംബപരമായ ചുമതലകളെല്ലാം ഭംഗിയായി നിറവേ​റ്റി. ഗൃഹസ്ഥാശ്രമം പിന്നിട്ട് സന്ന്യാസത്തിനുളള സമയമാണിത്. ഇനിയുള്ള കാലം സമുദായത്തിന് വേണ്ടി പ്രവർത്തിക്കുന്നതിലെന്താണ് തെറ്റ്?''. എന്നിട്ടും പ്രീതി പച്ചക്കൊടി കാണിച്ചില്ല. കരാർപണി ചെയ്ത് സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്നായിരുന്നു അവളുടെ അപേക്ഷ. മക്കൾ രണ്ടും വിവാഹിതരായി. കുടുംബത്തിൽ സാമ്പത്തിക ഭദ്രതയുണ്ട്. ഇനി എന്തിനാണ് ഇങ്ങനെ അലയുന്നത് എന്നായി സ്വാമിജി. പ്രീതിയുണ്ടോ വിട്ടുകൊടുക്കുന്നു. അതൊക്കെ സ്വാമിജി സന്ന്യാസിയായതു കൊണ്ട് തോന്നുന്നതാണെന്നും മക്കളുടെ കല്യാണം കഴിഞ്ഞാലും പ്രസവവും പേരക്കുട്ടികളും മ​റ്റുമായി വേറെയും ധാരാളം ചുമതലകളുണ്ടെന്നും അവൾ വിശദീകരിച്ചു. സ്വാമിജിയുടെ മറുപടി സുചിന്തിതമായിരുന്നു.
''അതൊക്കെ നിസാരകാര്യങ്ങൾ. ഇതൊരു വലിയ നിയോഗം. പ്രീതി സ്വാമി മംഗളാനന്ദയുടെ അനന്തിരവളാണ്. അങ്ങനെയൊരു പാരമ്പര്യത്തിൽനിന്ന് വന്ന പ്രീതിക്ക് എങ്ങനെ ഇത് പറയാൻ സാധിക്കുന്നു?''
കടുത്ത ഗുരുദേവ ഭക്തയായ പ്രീതി ഇങ്ങനെ തടസം നിൽക്കുന്നത് ശരിയല്ലെന്ന് സ്വാമി ശക്തിയുക്തം വാദിച്ചു. എന്നിട്ടും പ്രീതി അയയുന്നില്ലെന്ന് കണ്ടപ്പോൾ സ്വാമി അടവൊന്ന് മാ​റ്റിപിടിച്ചു കൊണ്ട് ഒരു കഥ പറഞ്ഞു.
ഒരിക്കൽ സ്വാമിജി എന്റെ ഡയറി പരിശോധിച്ചപ്പോൾ അതിൽ പെട്ടെന്ന് പ്രാർത്ഥിക്കാവുന്ന മന്ത്രങ്ങൾ കണ്ടു. ആരാണ് ഇത് എഴുതിയതെന്ന് ചോദിച്ചപ്പോൾ പ്രീതിയാണെന്ന് ഞാൻ പറഞ്ഞു. വളരെ നല്ല മന്ത്രങ്ങളാണല്ലോ എന്നായി സ്വാമി. ''അത്രയും നിഷ്ഠയുള്ള ഒരാൾക്ക് ഞാൻ പറയുന്നത് മനസിലാക്കാൻ കഴിവില്ലെന്ന് പറഞ്ഞാൽ അംഗീകരിക്കില്ലെന്ന് '' അദ്ദേഹം വീണ്ടും വാദിച്ചു. പ്രീതിക്ക് ഉത്തരം മുട്ടി. 'എസ്.എൻ.ഡി. പി യോഗം ഭരിക്കാനുളള കഴിവ് നടേശനില്ലെന്ന് പ്രീതിക്ക് തോന്നുന്നുണ്ടോ?''എന്നായി സ്വാമിജി.
അക്കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും എന്നാൽ സമുദായാംഗങ്ങൾ തമ്മിൽ എന്നും വഴക്കും ബഹളവുമായ സ്ഥിതിക്ക് ഭർത്താവിന്റെ സ്വസ്ഥത നശിക്കില്ലേ എന്ന ആശങ്ക പ്രീതി പങ്കുവെച്ചു. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റായി പ്രവർത്തിക്കുന്നതിനിടയിലെ ചില വിപരീതാനുഭവങ്ങളെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ സ്വാമിജി ചിരിച്ചുകൊണ്ട് പറഞ്ഞു. ''ജാതകത്തിലൊക്കെ വലിയ വിശ്വാസമുള്ളയാളല്ലേ പ്രീതി. ഇത് വെള്ളാപ്പള്ളിയുടെ തലേവരയാണെന്ന് വിചാരിച്ചാൽ മതി ''
അവസാനമായി പ്രീതി പറഞ്ഞു.
'വലിയ കാര്യങ്ങൾക്ക് മറുപടി പറയാൻ എനിക്കറിയില്ല സ്വാമിജി. ഉള്ള ബിസിനസുകൾ നിറുത്തി ഇതിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചാൽ കേസും വഴക്കും ഒക്കെയായി ഞങ്ങളുടെ ജീവിതം പോവില്ലേ എന്നാണ് പേടി''
സ്വാമിജി ഇത്രമാത്രം പറഞ്ഞു.
'' അങ്ങനെയൊന്നും സംഭവിക്കില്ല പ്രീതി. എല്ലാവരെയും സമഭാവേന കൊണ്ടുപോകാനുളള പ്രത്യേക കഴിവ് വെള്ളാപ്പള്ളിക്കുണ്ട്. ട്രസ്​റ്റിന്റെ ആറുമാസത്തെ ഭരണം കൊണ്ട് ഞാനത് മനസിലാക്കി '' സ്വാമിജിയോട് തർക്കിച്ചാൽ ഒരിടത്തും എത്തില്ലെന്ന് മനസിലാക്കിയ പ്രീതി ഒടുവിൽ തോ​റ്റ് പിൻമാറി. അങ്ങനെ എസ്.എൻ.ഡി.പി യോഗം എന്ന മഹാപ്രസ്ഥാനത്തിന്റെ സാരഥി എന്ന വലിയ ദൗത്യത്തിലേക്കുള്ള വാതിൽ തുറന്നു. അത് യോഗചരിത്രത്തിൽ ഏ​റ്റവും കൂടുതൽകാലം ആ പദവിയിലിരുന്ന വ്യക്തി എന്ന തലത്തിലേക്ക് വളരുമെന്ന് ഞാൻ സ്വപ്‌നേപി വിചാരിച്ചതല്ല. സ്വാമിജി പറഞ്ഞതു പോലെ കാലം കരുതിവച്ച ചില കാര്യങ്ങളെ നമുക്ക് തടയാനാവില്ലല്ലോ?
ജനറൽ സെക്രട്ടറി പദത്തിൽ ഒരു ടേം പൂർത്തിയായ സന്ദർഭത്തിൽ അടുത്ത തവണ മത്സരരംഗത്ത് ഞാനില്ലെന്നും ചുമതല മ​റ്റാരെയെങ്കിലും ഏൽപ്പിക്കാമെന്നും പറഞ്ഞപ്പോൾ സ്വാമിജി എതിർത്തു.'നടേശൻ ഞാൻ വിചാരിച്ചതിലും ഭംഗിയായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഇനി അതിലൊരു മാ​റ്റം വരാൻ പാടില്ല'.
എന്നാൽ പ്രീതി ആശങ്കപ്പെട്ടതു പോലെ സ്വസമുദായത്തിൽ തന്നെ ഉൾപ്പെട്ട ചില ദോഷൈകദൃക്കുകൾ ആജീവനാന്തം എന്നെ വേട്ടയാടുന്നു. വാസ്തവത്തിന്റെ കണിക പോലുമില്ലാത്ത ചില ആരോപണങ്ങൾ ഉന്നയിക്കുന്നു. അത് ഇന്നും അനവരതം തുടരുന്നു. എന്നാൽ അതിനുമപ്പുറം എത്രയോ ലക്ഷം ആളുകളുടെ സ്‌നേഹവിശ്വാസം ആർജ്ജിക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യമുണ്ട്. അതിനെല്ലാം കാരണക്കാരായ സ്വാമിജിയെ എന്നും നന്ദിപൂർവം സ്മരിക്കുന്നു. എന്റെ മനസിൽ ദൈവങ്ങൾക്കൊപ്പമാണ് സ്വാമിജിയുടെ സ്ഥാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SWAMI SASWATHIKANANDA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.