അമ്മ മക്കളെ തല്ലിയാലും സമുദ്രം പുഴയെ വിലക്കിയാലും ഈശ്വരൻ തന്നെ ആശ്രയിക്കുന്നവരെ കൈവിടില്ലെന്ന് ദിവസം അഞ്ഞൂറു ചായയെങ്കിലും അടിക്കുന്ന സുബ്രഹ്മണ്യൻ ചിലരെ ആശ്വസിപ്പിക്കാറുണ്ട്. പത്താം ക്ളാസും ഗുസ്തിയുമാണ് നല്ല വണ്ണമുള്ള സുബ്രഹ്മണ്യന്. പറയുന്നതാകട്ടെ ചിന്തിപ്പിക്കുന്ന കാര്യങ്ങളും. നഗരത്തിലെ ഒരു റെയിൽവേ കാന്റീനിലെ ചായ അടിപ്പുകാരനാണ്. കടുത്ത സായി ഭക്തൻ. ഇടയ്ക്കിടെ ഷിർദ്ദിയിലേക്ക് പോകും. പിന്നെ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞേ മടങ്ങൂ. മനസിന് വല്ലപ്പോഴും നല്ല ഭക്ഷണം കിട്ടിയാൽ മതി. കുറെനാൾ അതിന്റെ ഉൗർജ്ജത്തിൽ കഴിഞ്ഞുപോകും. സിംഹവും വിശിഷ്ട സർപ്പങ്ങളുമൊക്കെ അങ്ങനെയല്ലേ - തന്റെ ഷിർദ്ദിയാത്രയെക്കുറിച്ച് സുബ്രഹ്മണ്യഭാഷ്യം അങ്ങനെയാണ്.
തലങ്ങും വിലങ്ങും ഓടുന്ന ട്രെയിനുകളിൽ വന്നിറങ്ങുന്ന പല യാത്രക്കാരുമായി അടുത്ത ബന്ധമാണ്. ബന്ധങ്ങൾ ശക്തമായിരിക്കാൻ രക്തബന്ധത്തിന്റെയോ ചിരകാല സുഹൃത്ബന്ധത്തിന്റെയോ ആവശ്യമില്ലെന്ന പക്ഷക്കാരൻ. കണ്ണു തുറന്ന് തന്റെ മുന്നിലെ തുറന്നിട്ടിരിക്കുന്ന ജാലകത്തിലൂടെ നിരീക്ഷിച്ചാൽ മതി. കാതടയ്ക്കാതെ വിലങ്ങുകളും വിലക്കുകളുമില്ലാത്ത ശബ്ദങ്ങൾ ശ്രദ്ധിച്ചാൽ മതി. മനുഷ്യജീവിതം പഠിക്കാം. വലിയ വലിയ ബിരുദങ്ങളെക്കാൾ വിലപ്പെട്ടതാണ് ആ പഠനം - സുബ്രഹ്മണ്യന്റെ നിരീക്ഷണം. നിത്യവും തൊട്ടടുത്ത ജില്ലാ ആസ്ഥാനം വരെ ട്രെയിനിൽ സഞ്ചരിക്കുന്ന പ്രൊഫ. രവീന്ദ്രൻ ഒരു ചായയും കുടിച്ച് അഞ്ചു മിനിട്ട് കുശലപ്രശ്നം നടത്തിയേ പോകാറുള്ളൂ. വലിയ പണ്ഡിതന്മാരെന്നും പ്രഭാഷകരെന്നും സ്വയം ധരിക്കുന്നവരുണ്ട്. മറ്റുള്ളവർ വിശേഷിപ്പിക്കുന്നവരുമുണ്ട്. പ്രായോഗിക ജീവിതത്തിന്റെ ഹരിശ്രീ അറിയാത്തവരായിരിക്കും പലരും. പക്ഷേ സ്കൂളിന്റെ വരാന്ത പോലും കാണാത്ത ചിലർ ജീവിതജ്ഞാനോദയം സിദ്ധിച്ചവരായിരിക്കും. വിലപ്പെട്ട ഒരു നിധി കിട്ടിയാൽ പത്തുവർഷം സമ്പാദിച്ചുകൂട്ടുന്നവനെക്കാൾ ധനികനായിരിക്കും - പ്രൊഫ. രവീന്ദ്രൻ പറഞ്ഞപ്പോൾ സുബ്രഹ്മണ്യൻ ഒന്നുരണ്ട് ഉദാഹരണങ്ങൾ പറഞ്ഞു. രണ്ടുമാസം മുമ്പ് ഉല്ലാസയാത്ര കഴിഞ്ഞുവന്ന സുന്ദരനായ ഒരു സമ്പന്നൻ കഴിഞ്ഞദിവസം ചായകുടിക്കാൻ വന്നു. കണ്ടിട്ട് ആളെ മനസിലായില്ല. പച്ചച്ചാണകം രണ്ടുദിവസത്തെ കൊടും വെയിലിൽ ഉണങ്ങി വറളിയായ പോലെ അത്രയെയുള്ളു മനുഷ്യശരീരം. ഒരു മെഴുകുതിരി ഉരുകിത്തീരുന്നതിനെക്കാൾ വേഗമല്ലേ മാരകരോഗങ്ങളുടെ വേട്ടയാടൽ. സുബ്രഹ്മണ്യൻ ഒരു വിദേശിക്ക് ചായ അടിച്ചുകൊടുത്തിട്ട് നെടുവീർപ്പിട്ടു.
അഞ്ചുവർഷം മുമ്പ് മിക്കവാറും ദിവസവും സായാഹ്നങ്ങളിൽ ഉഴുന്നുവടയും പരിപ്പുവടയും വീട്ടിലേക്ക് വാങ്ങിക്കൊണ്ടുപോകുന്ന ഒരു ആയുർവേദ ഡോക്ടർ. അപ്പുറത്തെ പാർക്കിൽ ഏതെങ്കിലും ഒഴിഞ്ഞ ബഞ്ചിൽ ഇപ്പോൾ ഇരിപ്പുണ്ടാകും. വീടും കിടപ്പുമുറിയുമെല്ലാം ഈ പാർക്ക് തന്നെ. പെൻഷനായതോടെ ഭാര്യയ്ക്കും മക്കൾക്കും വേണ്ടാതായി. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ദിനങ്ങളിൽ വിലപ്പെട്ട സമ്പാദ്യവും എ.ടി.എം കാർഡും പാസ്വേർഡും എല്ലാം അന്യമായി. കുടുംബത്തോട് പോരാടി ജയിക്കാൻ താല്പര്യമില്ലാത്ത മനുഷ്യൻ. നവംബറാകുമ്പോൾ ജീവിച്ചിരിക്കുന്നു എന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫീസിൽ ഹാജരാക്കും.
എല്ലാരുമുണ്ടെങ്കിലും അനാഥരായിപ്പോകുന്നവരുമുണ്ട് - ആദ്യത്തേതല്ലേ കൂടുതൽ ദൗർഭാഗ്യം. എന്തായാലും അടുത്ത മാസം ഷിർദ്ദിയിലേക്ക് എന്റെ കൂടെ വരാനൊരുങ്ങിയിരിക്കുകയാണ് - സുബ്രഹ്മണ്യൻ തിളച്ച ചായ ഗ്ളാസുകളിലേക്ക് പകർന്നുകൊണ്ട് ചിരിച്ചു. വരട്ടെ ചിലപ്പോൾ ആശ്വാസത്തിന്റെ ഒരു പുനർജന്മം കിട്ടിയാലോ? എത്ര അകലെയായാലും കടൽക്കരയിലെ ദീപസ്തംഭങ്ങൾ അറിവുപോലെ ആശ്വാസപ്രദമാണ്. പ്രത്യേകിച്ച് ജീവിതനടുക്കടലിൽ പെട്ടയാൾക്ക് - സുബ്രഹ്മണ്യൻ പിന്നെയും പിന്നെയും ചായ അടിച്ചുകൊണ്ടിരുന്നു.
(ഫോൺ: 9946108220)