ബ്രിട്ടൻ: വിലക്കയറ്റം മൂലം ജീവിതത്തിന്റെ ബഡ്ജറ്റ് താളം തെറ്റിയപ്പോൾ, അധികവരുമാനത്തിനായി യു.കെയിലെ യുവതി കണ്ടെത്തിയ മാർഗം സോഷ്യൽമീഡിയയിൽ വൈറലായിരിക്കയാണ്.
വീട്ടുജോലികൾ ചെയ്യുന്ന, സന്മാർഗിയായ, അനുസരണശീലമുള്ള സ്വന്തം ഭർത്താവിനെ ആവശ്യക്കാർക്ക് വാടകയ്ക്ക് നൽകി പണമുണ്ടാക്കുകയാണ് യുവതി കണ്ടെത്തിയ മാർഗ്ഗം. ഇതിനായി 'ഹയർ മൈ ഹാൻഡി ഹസ്ബന്റ്' എന്ന പേരിൽ ഒരു വെബ്സൈറ്റും തുടങ്ങി.
മൂന്നു കുട്ടികളുടെ അമ്മയായ ലോറ യങ്ങാണ് ഈ വിചിത്രമായ ആശയത്തിന് പിന്നിൽ. തന്റെ ഭർത്താവ് ജെയിംസ് എന്തു ചെറിയ ജോലിയും ചെയ്യുമെന്ന് ലോറ വെബ്സൈറ്റിൽ പറയുന്നു.
മറ്റു വീടുകളിൽചെന്ന് ഫർണിച്ചർ ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച് പണമുണ്ടാക്കുന്ന ഒരു വ്യക്തിയെപ്പറ്റി അറിഞ്ഞതാണ് ലോറയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഇതുപോലൊരു മാർഗം പരീക്ഷിച്ചാലെന്തെന്ന് തോന്നി.
ബക്കിംഗ്ഹാംഷെയറിലുള്ള ഇവരുടെ വീട്ടിലെ കട്ടിലുകൾ നിർമിച്ചതും അടുക്കള ഷെൽഫുകൾ ഘടിപ്പിക്കുകയും ചെയ്തത് ജെയിംസാണ്. കൂടാതെ ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്ന് ജെയിംസ് ഒരു ഡൈനിംഗ് ടേബിളുമുണ്ടാക്കി. ഇതോടൊപ്പം കുറച്ച് പെയിന്റിങ്ങും അലങ്കാരപ്പണികളും ജെയിംസിന് അറിയാമെന്നും വീട്ടിലെയും പറമ്പിലേയും എല്ലാ ജോലികളും നന്നായി ചെയ്യുമെന്നും ലോറ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. ഈ കഴിവ് മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്തി പണം കണ്ടെത്തുകയാണ് ലോറയുടെ ലക്ഷ്യം.
ഇത്തരം ജോലിയിൽ വൈദഗ്ദ്ധ്യം ലഭിച്ച തൊഴിലാളികൾ പലപ്പോഴും തിരക്കിലായിരിക്കുമെന്നും അതുകൊണ്ട് ജെയിംസിന് കൂടുതൽ അവസരം ലഭിക്കുമെന്നും ലോറ വ്യക്തമാക്കി. സംഗതി എന്തായാലും സോഷ്യൽമീഡിയയിൽ വൈറലായിരിക്കയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |