ആലപ്പുഴ: എ.കെ.ജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് എച്ച്.സലാം എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും വീഡിയോ ലൈവായി ഫേസ്ബുക്കിലിടുകയും ചെയ്തു. സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം ഇരട്ടകുളങ്ങരയിൽ നിന്ന് ആരംഭിച്ച് ബസ്സ്റ്റേഷനിൽ സമാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ആരും പരാതി നൽകിയിട്ടില്ലെന്നും സ്വമേധയാ കേസെടുത്തിട്ടില്ലെന്നും അമ്പലപ്പുഴ പൊലീസ് അറിയിച്ചു.
'എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ അറിയാം'
എ.കെ.ജി സെന്ററിനെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് സി.ഐ.ടിയു നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രതിഷേധത്തിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായ ഒ.എം. ഭരദ്വാജ് നടത്തിയ പ്രകോപനപരമായ പ്രസംഗം വിവാദത്തിൽ. 'ഞങ്ങളും ബോംബെറിഞ്ഞിട്ടുണ്ട്. പക്ഷേ, ഇതുപോലെ മതിലിൽ അല്ല. ലക്ഷ്യസ്ഥാനത്ത് എറിഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ ചെയ്താൽ ഇതുപോലെ പിപ്പിടി കാട്ടൽ ആവില്ല. എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ ഈ കേഡർ പ്രസ്ഥാനത്തിന് അറിയാം. സതീശനും സുധാകരനും ഓർത്തു കളിച്ചാൽ മതി'. ഇങ്ങനെയായിരുന്നു പ്രസംഗം. പ്രകടനത്തിനുശേഷം കിഡ്സൺ കോർണറിൽ സമാപിച്ച പൊതുസമ്മേളനത്തിലായിരുന്നു പ്രസംഗം. സമ്മേളനം സി.ഐ.ടി.യു ജില്ലാകമ്മിറ്റി അംഗം കെ.വി.പ്രമോദ് ഉദ്ഘാടനം ചെയ്തു.