ന്യൂഡൽഹി: മഹാരാഷ്ട്രയിൽ നാളെ ചേരുന്ന നിയമസഭാ സമ്മേളനം തടയണമെന്നും ഏക്നാഥ് ഷിൻഡെ വിഭാഗത്തിലെ 39 എം.എൽ.എമാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് ശിവസേന നൽകിയ ഹർജിയിൽ അടിയന്തര ഇടപെടൽ നടത്താൻ സുപ്രീംകോടതി വിസമ്മതിച്ചു. സഭാസമ്മേളനം തടയില്ലെന്നും ഹർജിയിൽ 11ന് വാദം കേൾക്കാമെന്നും കോടതി അറിയിച്ചു.
വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോൾ ഷിൻഡെ പക്ഷത്തുള്ള എം.എൽ.എമാരെ സഭയിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. താക്കറെ സർക്കാരിലെ ഡെപ്യൂട്ടി സ്പീക്കർ നൽകിയ അയോഗ്യതാ നോട്ടീസിന് മറുപടി നൽകാൻ ജൂലായ്12 വരെ സുപ്രീംകോടതി സമയം അനുവദിച്ചിരുന്നു.
അതേസമയം, തിങ്കളാഴ്ച മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിശ്വാസവോട്ട് തേടും. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്താനായിരുന്നു ആദ്യ തീരുമാനം. നിയമസഭയുടെ പ്രത്യേക ദ്വിദിന സമ്മേളനം ആരംഭിക്കുന്ന നാളെ സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നേക്കും. ബി.ജെ.പി എം.എൽ.എ രാഹുൽ നർവേക്കർ സ്പീക്കർ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക നൽകി.
കഴിഞ്ഞ ഫെബ്രുവരിയിൽ കോൺഗ്രസിലെ നാനാ പടോലെ രാജിവച്ചത് മുതൽ ഈ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്.
കഴിഞ്ഞ ദിവസം ഏക്നാഥ് ഷിൻഡെ ഗോവയിലെത്തി എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഗൗരവമായ ചർച്ച നടന്നതായി ഷിൻഡെ വിഭാഗം വക്താവ് ദീപക് കേസർക്കർ പറഞ്ഞു. ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി തിരിച്ച് മുംബയിലെത്തി.
റിസർവ് വനമായി പ്രഖാപിച്ച ആരെ കോളനിയിൽ നിന്ന് മെട്രോ-3 കാർ ഷെഡ് മാറ്റാനുള്ള താക്കറെ സർക്കാരിന്റെ തീരുമാനം റദ്ദാക്കിയ മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഉദ്ധവ് രംഗത്തെത്തി.
'എന്നോടുള്ള ദേഷ്യം മുംബയ് നിവാസികളോട് കാണിക്കരുത്. പരിസ്ഥിതി വച്ച് കളിക്കരുതെന്നും' ഉദ്ധവ് പറഞ്ഞു.
അമിത് ഷാ വാക്ക് പാലിക്കാത്തതാണ്
എല്ലാത്തിനും കാരണം: ഉദ്ധവ്
2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അമിത് ഷാ വാക്ക് പാലിച്ചിരുന്നെങ്കിൽ മഹാരാഷ്ട്രയിൽ ബി.ജെ.പി മുഖ്യമന്ത്രിയുണ്ടായേനെയെന്ന് ഉദ്ധവ് താക്കറെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പിക്ക് പുറത്തുള്ള ഒരാൾക്ക് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാമെങ്കിൽ 2019ൽ എന്താണത് ചെയ്യാതിരുന്നത്. രണ്ടര വർഷം വീതം മുഖ്യമന്ത്രി പദവി പങ്കിട്ടെടുക്കാമെന്നായിരുന്നു അമിത് ഷായുമായുള്ള ധാരണ. അത് നടപ്പായിരുന്നെങ്കിൽ മഹാവികാസ് അഘാഡി സഖ്യം ഉണ്ടാകുമായിരുന്നില്ല.
അതിനിടെ, അധികാരം തിരിച്ചു പിടിച്ചത് ആഘോഷിക്കാനായി ഇന്നലെ ബി.ജെ.പിയുടെ ഒാഫീസിൽ നടന്ന പരിപാടിയിൽ ദേവേന്ദ്ര ഫഡ്നാവിസ് പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി.