തിരുവനന്തപുരം: ഡിജിറ്റൽ റീസർവേ വേഗത്തിലാക്കാൻ പദ്ധതിച്ചെലവിൽ 50.44 കോടി വർദ്ധിപ്പിച്ചു. 1500 ഓളം താത്കാലിക സർവേയർമാരെയും നിയമിക്കും. 1550 വില്ലേജുകളിൽ നാല് വർഷം കൊണ്ട് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കുകയാണ് റവന്യുവകുപ്പിന്റെ ലക്ഷ്യം. ആദ്യത്തെ മൂന്ന് വർഷം 400 വില്ലേജുകൾ വീതവും നാലാം വർഷം 350 വില്ലേജുകളും പൂർത്തിയാക്കും.
807 കോടിയുടെ പദ്ധതിക്കാണ് ആദ്യം അംഗീകാരം നൽകിയത്. അത് 858 കോടിയാക്കിയാണ് ഉയർത്തിയത്. ആദ്യഘട്ടത്തിന്
339.44 കോടിയാണ് എസ്റ്റിമേറ്റ് ചെയ്തിരുന്നത്. എന്നാൽ ഇത് ഇപ്പോൾ 438. 46 കോടിയാക്കി ഉയർത്തി.
ഇൗ തുക റീബിൽഡ് കേരള ഇനിഷ്യേറ്റിവിൽ ഉൾപ്പെടുത്തിയാണ് സർവേ വകുപ്പിന് നൽകുന്നത്.
എംപ്ളോയ്മെന്റ് എക്സേഞ്ച് വഴി സർവേയർമാരെ നിയമിക്കാൻ ഈ മാസം പരീക്ഷയും അടുത്തമാസം ഇന്റർവ്യൂവും നടത്തും. സംസ്ഥാനത്തെ 1666 വില്ലേജുകളിൽ 913 ഇടങ്ങളിലാണ് റീസർവേ നടന്നത്. ഇതിൽ 89 വില്ലേജുകളിൽ മാത്രമാണ് ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ മെഷീൻ ഉപയോഗിച്ചത്. 27 വില്ലേജുകളിൽ പുരോഗമിക്കുന്നു. മറ്റു വില്ലേജുകളിൽ പരമ്പരാഗത രീതിയിലാണ് റീസർവേ നടത്തിയത്.
റീസർവേ കഴിയുന്നതോടെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റൽ സർവേ റെക്കാഡുകൾ തയ്യാറാക്കി ഭൂമിസംബന്ധമായ എല്ലാ നടപടികളും ഓൺലൈനിലാക്കും.
കോർസ് സ്റ്റേഷനുകൾ
സർവേ വേഗത്തിലാക്കാൻ നൂതന സാങ്കേതിക വിദ്യയായ കോർസ് സ്റ്റേഷനുകൾ 28 എണ്ണം സ്ഥാപിക്കും. കെട്ടിടങ്ങളുടെ മുകളിലും തടസങ്ങളില്ലാത്ത പ്രദേശങ്ങളിലും സ്ഥാപിക്കുന്ന ഈ സംവിധാനത്തിന്റെ സിഗ്നലുകൾ ഉപയോഗിച്ച് സുതാര്യമായി
സർവേ നടത്താം.
റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ
ഓപ്പറേറ്റർക്ക് റിമോട്ട് കൺട്രോൾ വഴി സർവേ ഉപകരണത്തെ ദൂരെ നിന്ന് നിയന്ത്രിക്കാം.
വസ്തുവിന്റെ അതിർത്തിയിൽ റോബോട്ട് എത്തി കൃത്യമായ പോയിന്റുകൾ കണ്ടെത്തി അളവ് നടത്തും.
പ്രവർത്തിപ്പിക്കാൻ ഒരാൾ മതി.
ഇതിൽ നിന്നുള്ള വിവരങ്ങൾ ടാബ്ലെറ്റുകളിൽ ശേഖരിക്കും.
1700 ടാബ്ലെറ്റുകൾ വാങ്ങാൻ ടെൻഡറായി.
858 കോടി
ആകെ പദ്ധതി ചെലവ്
438.46 കോടി
ആദ്യ ഘട്ട ചെലവ്
1550
ഡിജിറ്റൽ സർവേ നടത്തേണ്ട വില്ലേജുകൾ
താത്കാലിക സർവേയർമാരെ നിയമിച്ചാൽ സർവേ അതിവേഗം പൂർത്തിയാകും. മൂന്ന് ഘട്ടമായിട്ടാവും നടപ്പാക്കുക. തുക അനുവദിച്ചിട്ടുണ്ട്.
--കെ. രാജൻ, റവന്യു മന്ത്രി