കോന്നി : ചെലവുകുറഞ്ഞ ഓക്സിജൻ കോൺസെൻട്രേറ്റർ നിർമ്മിച്ച് ശ്രദ്ധനേടിയിരിക്കുകയാണ് മലയാലപ്പുഴ മുസല്യാർ എൻജിനിയറിംഗ് കോളജിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥികൾ. അടിയന്തിര സാഹചര്യങ്ങളിലെ ഓക്സിജൻ ദൗർലഭ്യതയ്ക്ക് ഇതിലൂടെ പരിഹാരമൊരുക്കാൻ കഴിയുമെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഗാർഹിക ആവശ്യങ്ങൾക്കും മറ്റും ലഭിക്കുന്ന കോൺസെൻട്രേറ്ററിന് 60,000 രൂപയ്ക്കു മുകളിൽ വിലയും മാസവാടക ഏകദേശം 5000 രൂപയുമാണ്. വിദ്യാർത്ഥികൾ തയ്യാറാക്കിയ കോൺസെൻട്രേറ്ററിന് 30,000 രൂപയിൽ താഴെയാണ് ചെലവ്. വ്യവസായിക അടിസ്ഥാനത്തിൽ 25,000 രൂപയ്ക്ക് നിർമ്മിക്കാനാകും. അന്തരീക്ഷവായുവിൽ നിന്ന് ഓക്സിജനെ വേർതിരിച്ച് ശുദ്ധീകരിക്കുന്ന രീതിയാണ് വിദ്യാർത്ഥികൾ അവലംബിച്ചിരിക്കുന്നത്. കാലാവസ്ഥാ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിൽ പ്രവർത്തിക്കുന്ന മാതൃകയാണിത്. മെഡിക്കൽ ഉപയോഗത്തിനുള്ള ക്വാളിറ്റി ടെസ്റ്റിംഗിന് ശേഷം ഇവർ നിർമ്മിച്ച യൂണിറ്റ് ആരോഗ്യവകുപ്പ് അധികാരികൾക്ക് മുമ്പിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അർജുൻ രാമചന്ദ്രൻ, മുഹ്സിൻ അക്ബർ, അലൻ ബാബു, രോഹിത് നായർ എന്നിവർ ചേർന്നാണ് ചെലവുകുറഞ്ഞ ഓക്സിജൻ കോൺസെൻട്രേറ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വകുപ്പ് മേധാവിയും പ്രൊജക്ട് ഗൈഡുമായ ഡോ.ഷാൻ എം.അസീസ്, പ്രൊജക്റ്റ് കോ ഓർഡിനേറ്റർ പ്രൊഫ.ജി.മധു എന്നിവർ മേൽനോട്ടം വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |