SignIn
Kerala Kaumudi Online
Thursday, 18 August 2022 7.45 AM IST

കുടുംബത്തിലെ 4 പേരെ കൊന്ന് തട്ടുകട ഉടമ ജീവനൊടുക്കി

m

കല്ലമ്പലം(തിരുവനന്തപുരം): ചാത്തമ്പറയിൽ വർഷങ്ങളായി തട്ടുകട നടത്തി വീടും പുരയിടവും വാങ്ങി അതിലേക്ക് താമസം മാറാനിരുന്ന ഗൃഹനാഥനെ കുടുംബസമേതം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് വിശ്വസിക്കാനാകാതെ നാട്ടുകാർ. ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിലും ഭാര്യയും രണ്ടു മക്കളും മാതാവിന്റെ സഹോദരിയും മരിച്ച നിലയിലുമായിരുന്നു. വിഷം ഉള്ളിൽചെന്നു മരിക്കുന്ന സാധാരണ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

ചാത്തമ്പറ കടയിൽ വീട്ടിൽ മണിക്കുട്ടൻ (കുട്ടൻ-52),ഭാര്യ സന്ധ്യ (45), മക്കളായ ഞെക്കാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അജീഷ് (16), എട്ടാം ക്ലാസ് വിദ്യാർത്ഥിനി അമേയ (13), മണിക്കുട്ടന്റെ കുഞ്ഞമ്മ ദേവകിഅമ്മ (80) എന്നിവരാണ് മരിച്ചത്. നെടുമ്പറമ്പ് ഞാറയിൽകോണം സ്വദേശിയാണ് സന്ധ്യ. അവിവാഹിതയായ ദേവകിഅമ്മ വർഷങ്ങളായി ഇവർക്കൊപ്പമായിരുന്നു.മാതാവ് വാസന്തി ഒന്നുമറിയാതെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു.

മണിക്കുട്ടൻ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. കട്ടിലിലായിരുന്നു മകന്റെ മൃതദേഹം. നിലത്തായിരുന്നു ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങൾ. കുഞ്ഞമ്മ മുൻവശത്തെ ഹാളിൽ നിലത്തായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കടബാദ്ധ്യതയാകാം കാരണമെന്നും കരുതുന്നു. കൊവിഡിന് മുമ്പ് തമിഴ്‌നാട്ടിൽ ഭൂമി വാങ്ങിയിരുന്നു. ഇവിടെ കൃഷികൾ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല.

ഇന്നലെ രാവിലെ തട്ടുകടയിലെ ജോലിക്കാരനായ ഷംനാദ് താക്കോൽ വാങ്ങാൻ എത്തിയിരുന്നു. അമ്മ വാസന്തിയാണ് വാതിൽ തുറന്നത്. വാസന്തി കതകിൽ തട്ടി മണിക്കുട്ടനെ വിളിച്ചെങ്കിലും തുറന്നില്ല. അപ്പോഴാണ് ദേവകിയമ്മ ഹാളിൽ നിലത്ത് കിടക്കുന്നത് കണ്ടത്. ഷംനാദ് ഫോൺ ചെയ്ത് തൊട്ടടുത്ത് താമസിക്കുന്ന മണിക്കുട്ടന്റെ സഹോദരന്റെ വീട്ടിൽ അറിയിച്ചു. സഹോദരന്റെ മകനും അയൽവാസികളും ഓടിയെത്തി മണിക്കുട്ടന്റെ മുറി ചവിട്ടിത്തുറന്നപ്പോഴാണ് മറ്റു മൃതദേഹങ്ങൾ കണ്ടത്.

വർക്കല ഡിവൈ.എസ്.പി പി.നിയാസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വീട്ടിൽ ആരും കടന്നുകയറിയതിന്റെയോ ബലപ്രയോഗം നടന്നതിന്റെയോ ലക്ഷണമില്ലെന്ന് റൂറൽ എസ്.പി ദിവ്യാ ഗോപിനാഥ് വ്യക്തമാക്കി.ഫോറൻസിക് സംഘം പരിശോധന നടത്തി. തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയിൽ പോസ്റ്റുമാേർട്ടം ചെയ്ത മൃതദേഹങ്ങൾ പുതിയ വീടിന്റെ വളപ്പിൽ സംസ്കരിച്ചു.

പുതപ്പുകൊണ്ട് മൂടി,

ഉറങ്ങുംപോലെ...

നാലു മൃതദേഹങ്ങളും പുതപ്പുകൊണ്ട് മൂടിയിരുന്നു. മരിച്ച് ശരീരം നിശ്ചലമായെന്ന് ഉറപ്പാക്കാൻ നാലുപേരുടെയും പാദങ്ങളുടെ അടിയിൽ പേനകൊണ്ട് വരച്ചുനോക്കിയ പാടുണ്ട്.ഇതു ചെയ്തത് മണിക്കുട്ടനാണെന്നും അതിനുശേഷം തൂങ്ങിമരിച്ചെന്നും പൊലീസ് കരുതുന്നു.

ഏതു വിഷം,എങ്ങനെ കഴിച്ചെന്ന് യാതൊരു സൂചനയുമില്ല.മരണ വെപ്രാളം കാണിച്ചതിന്റെ ലക്ഷണമില്ല. സയനൈഡ് ആകാം ഉള്ളിൽ ചെന്നതെന്ന് സംശയിക്കുന്നു.

കടയ്ക്ക് പിഴയടച്ചു;അവസാന

രാത്രിയിലും പുതിയ വീട്ടിൽ

ലൈസൻസില്ലാത്തതിനെ തുടർന്ന് ചൊവ്വാഴ്‌ച തട്ടുകട ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ 5000 രൂപ പിഴ ചുമത്തി അടപ്പിച്ചിരുന്നു. വ്യാഴാഴ്ച പിഴയടച്ചശേഷം വെള്ളിയാഴ്ച കട തുറക്കാൻ എല്ലാ ഒരുക്കവും ചെയ്തിരുന്നു.

കുടുംബ വീട്ടിൽ നിന്നു അഞ്ഞൂറ് മീറ്റർ അകലെ വിലയ്ക്കുവാങ്ങി പുതുക്കിപ്പണിത വീടിന്റെ പാലുകാച്ച് കഴിഞ്ഞ 24നായിരുന്നു. വെള്ളിയാഴ്ച വൈകീട്ടും കുടുംബത്തോടെ ഈ വീട്ടിൽ പോയി വിളക്ക് കത്തിച്ചിരുന്നു.രാത്രി ഒൻപതരയോടെയാണ് മടങ്ങിയെത്തിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: 10 KILLED
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.