കൊച്ചി: ഗുരുവായൂർ ദേവസ്വം മാനേജരടക്കമുള്ള തസ്തികകളിലേക്ക് രണ്ട് മാസത്തിനകം സ്ഥാനക്കയറ്റം നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നടപടിക്രമങ്ങൾ ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി (ഡി.പി.സി) ഉടൻ പൂർത്തിയാക്കണമെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് വിജു എബ്രഹാം എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഉത്തരവു നൽകി. കഴിഞ്ഞ വർഷം സെപ്തംബർ 26ന് നൽകിയ സ്ഥാനക്കയറ്റം താത്കാലികമാണെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
മൂന്ന് അസിസ്റ്റന്റ് മാനേജർമാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് തീരുമാനമെടുക്കാൻ മാനേജിംഗ് കമ്മിറ്റിക്ക് നിർദ്ദേശം നൽകിയ സിംഗിൾബെഞ്ച് ഉത്തരവിനെതിരെ കേരള ദേവസ്വം റിക്രൂട്ടുമെന്റ് ബോർഡ് ഫയൽ ചെയ്ത അപ്പീൽ ഹർജിയാണ് കോടതി പരിഗണിച്ചത്. വാർഷിക രഹസ്യ റിപ്പോർട്ടിൽ പ്രതികൂല പരാമർശം ഉണ്ടായതിന്റെ പേരിൽ സ്ഥാനക്കയറ്റം തടഞ്ഞെന്നായിരുന്നു അസി. മാനേജർമാരായ കെ.എസ്. മായാദേവി, എം. രാധ, ബിന്ദുലത മോനോൻ തുടങ്ങിയവർ നൽകിയ ഹർജിയിലെ ആരോപണം.
യോഗ്യതയും കഴിവും കണക്കിലെടുത്ത് നിയമനം നടത്തുന്ന സെലക്ഷൻ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം റിക്രൂട്ടുമെന്റ് ബോർഡ് വഴിയാണ് നടത്തേണ്ടതെങ്കിലും സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനക്കയറ്റത്തിൽ ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്കാണ് അധികാരമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സെലക്ഷൻ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് റിക്രൂട്ടുമെന്റ് ബോർഡിന് കീഴിലുള്ള ഡി.പി.സിയാണ് പട്ടിക തയാറാക്കേണ്ടത്. ഇതിനായി നിലവിലെ അസി. മാനേജർമാർ അടക്കമുള്ളവരുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച വാർഷിക രഹസ്യ റിപ്പോർട്ടടക്കം ഡി.പി.സിക്ക് കൈമാറണം. ഹർജിക്കാരുടെ കാര്യത്തിൽ പരാതി ഉയർന്ന വാർഷിക പ്രവർത്തന റിപ്പോർട്ട് കണക്കിലെടുക്കാതെ രണ്ട് മാസത്തിനകം പട്ടിക തയാറാക്കണമെന്നും കോടതി നിർദ്ദേശിച്ചു.