കോഴിക്കോട്: കേരള വഖ്ഫ് ബോർഡ് മുൻ ചെയർമാനും സമസ്ത ഉപാദ്ധ്യക്ഷനുമായിരുന്ന പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം നൽകുന്ന പ്രഥമ സ്മാരക അവാർഡിന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അർഹനായി. 25,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉമറലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയാണ് അവാർഡ് ഏർപ്പെടുത്തിയത്.
ജനകീയ പ്രശ്നങ്ങളിൽ പാർലമെന്റിൽ ക്രിയാത്മകമായി ഇടപെടുകയും മതേതരത്വം കാത്തു സൂക്ഷിക്കുന്നതിന് ജനപ്രതിനിധി, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ നൽകിയ സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരം.
ആഗസ്റ്റ് ആദ്യവാരത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ഉമറലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യുമെന്ന് ചെയർമാൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയും അറിയിച്ചു.