SignIn
Kerala Kaumudi Online
Friday, 19 April 2024 5.39 PM IST

വാക്സിനെടുത്ത ശേഷമുള്ള മരണത്തിൽ വിശദ അന്വേഷണം

dog

തൃശൂർ: പേവിഷ ബാധയേറ്റ ശേഷം റാബീസ് വാക്‌സിനെടുത്തിട്ടും മരണം സംഭവിക്കുന്നത് അത്യപൂർവമായതിനാൽ മങ്കര സ്വദേശി ശ്രീലക്ഷ്മി മരിക്കാനിടയായ സാഹചര്യം വിശദമായി ആരോഗ്യവകുപ്പ് അന്വേഷിക്കും. മരണം സംബന്ധിച്ച് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

ഇത് പരിശോധിച്ച ശേഷം തുടർനടപടിയുണ്ടാകും. പാലക്കാട്ടെ സർക്കാർ ആശുപത്രികളിൽ നിന്നും സ്വകാര്യ ആശുപത്രിയിൽ നിന്നും ശ്രീലക്ഷ്മി വാക്‌സിനെടുത്തിരുന്നു. വാക്‌സിൻ സംഭരിച്ചതിൽ അപാകതകളുണ്ടോയെന്ന് പരിശോധിക്കും. മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷമുള്ള ചികിത്സ ഫലപ്രദമായി നടത്തിയിട്ടുണ്ടെന്നാണ് സർക്കാരിന് നൽകിയ റിപ്പോർട്ടിലുള്ളത്.

മുറിവേറ്റ ശരീരഭാഗങ്ങളുടെ പ്രത്യേകതയും ആഴവും പേവിഷബാധയുടെ തീവ്രതയുമെല്ലാം അനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള വാക്‌സിനുകളാണ് നൽകാറ്. പേവിഷ ബാധ സംശയിക്കുന്ന മൃഗങ്ങളിൽ നിന്ന് കടിയോ പോറലോ ഏൽക്കുകയോ ഇവയുമായി നേരിട്ട് സമ്പർക്കത്തിൽ വരികയോ ചെയ്താൽ പോലും നിർബന്ധമായും പേവിഷബാധക്കെതിരെയുള്ള കുത്തിവയ്പായ ഇൻട്രാ ഡെർമൽ റാബീസ് വാക്‌സിൻ എടുക്കണം.

വിരലിലോ മുഖത്തോ മറ്റോ കടിയേറ്റാൽ അപകടസാദ്ധ്യത കൂടുതലാണ്. ശ്രീലക്ഷ്മിയുടെ ഇടത് കൈയ്ക്കാണ് അയൽവാസിയുടെ വളർത്തുനായ കടിച്ചത്. മുറിവിന് ആഴക്കൂടുതലുണ്ടായിരുന്നു. കൂടുതൽ ചോരയും വന്നിരുന്നു. പേ വിഷബാധ മാരകമാകാൻ ഇതാകാം കാരണമെന്നായിരുന്നു പ്രാഥമികനിഗമനം.

മെഡിക്കൽ കോളേജിലെ ഫാർമക്കോളജി, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ ഡോക്ടർമാർ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മൈക്രോബയോളജി, കമ്യൂണിറ്റി മെഡിസിൻ, ജനറൽ മെഡിസിൻ, ന്യൂറോളജി വിഭാഗങ്ങളിലെ വിദഗ്ദ്ധർ പങ്കെടുത്ത ഉന്നതതലയോഗവും മെഡിക്കൽ കോളേജിൽ ചേർന്നിരുന്നു.

നിഗമനങ്ങൾ, ആശങ്കകൾ:

വാക്‌സിൻ നൂറുശതമാനവും ഫലപ്രദമാണ്, വാക്‌സിനെടുത്തിട്ടും മരിക്കുന്നത് അപൂർവമായി മാത്രം സംഭവിക്കാവുന്നത്.
എല്ലാ മരുന്നും എല്ലാവരിലും ഒരേപോലെ ഫലിക്കണമെന്നില്ല എന്ന സാദ്ധ്യതയുമുണ്ട്. മരുന്നിന്റെ ഗുണനിലവാരക്കുറവ് കൊണ്ടും സംഭവിക്കാമെങ്കിലും മറ്റുപലർക്കും നൽകിയതിനാൽ ആ സാദ്ധ്യതയ്ക്ക് സാധൂകരണമില്ല. മരണം സംബന്ധിച്ച് ആഴത്തിലുള്ള പഠനവും അന്വേഷണവും നടത്തിയാൽ മാത്രമേ ആധികാരികമായി പറയാൻ കഴിയൂ.

നായ്ക്കളെ വളർത്തുമ്പോൾ ജാഗ്രത വേണം

കൊവിഡ് കാലത്ത് നായ്ക്കളെ വളർത്താനും പരിപാലിക്കാനും നാട്ടിൻപുറങ്ങളിൽ പോലും നിരവധി ചെറുപ്പക്കാർ തയ്യാറായിരുന്നു. അതുകൊണ്ട് വളർത്തുനായ്ക്കളുടെ എണ്ണവും കൂടി. എന്നാൽ പേവിഷബാധ അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗം കൃത്യമായും യഥാസമയത്തും സ്വീകരിക്കുന്നില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. വാക്‌സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കി ഓരോ വർഷവും പുതുക്കേണ്ട ലൈസൻസ് അടക്കം, നായ്ക്കളെ വളർത്തുന്നതിന് കൃത്യമായ മാർഗനിർദേശമുണ്ട്. നായ്ക്കൾക്ക് ഓരോ വർഷവും പേവിഷ വാക്‌സിനെടുക്കണം. ഇതെല്ലാം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും. ലൈസൻസില്ലാതെ വളർത്തിയാൽ തടവും പിഴയുമാണ് ശിക്ഷ. വളർത്തുനായയെ മറ്റു മൃഗങ്ങൾ കടിച്ചാലും വാക്‌സിനെടുക്കണം. പേവിഷബാധ ലക്ഷണം ശ്രദ്ധിക്കണം. കടിയേറ്റാൽ ഉടൻ ചികിത്സ തേടുകയും വേണം.

സാമ്പിളിലും തെളിഞ്ഞു

പ്രതിരോധ വാക്‌സിനെടുത്തിട്ടും മരിച്ച വിദ്യാർത്ഥിനിയുടെ മരണകാരണം പേവിഷബാധയാണെന്ന് സാമ്പിൾ പരിശോധനയിലും തെളിഞ്ഞിരുന്നു. തിരുവനന്തപുരത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് ശ്രീലക്ഷ്മിയുടെ മരണകാരണം സ്ഥിരീകരിച്ചത്.
എല്ലാ പ്രതിരോധവാക്‌സിനുകളും കൃത്യമായെടുത്തിട്ടും മരണം സംഭവിച്ച സാഹചര്യത്തിലാണ് സംശയദുരീകരണത്തിനായി ശരീരത്തിൽ നിന്നെടുത്ത സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, VACCINE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.