പാലക്കാട്: പി.സി. ജോർജിനെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ജോർജിന്റെ അറസ്റ്റ് സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് കെ. സുധാകരൻ പ്രതികരിച്ചു. സരിതയെ വിശ്വസിച്ച സർക്കാർ എന്തുകൊണ്ട് സ്വപ്നയെ വിശ്വസിക്കുന്നില്ലെന്നും സുധാകരൻ ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ വിഷയങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. വിഷയങ്ങൾ വഴി തിരിച്ചുവിടാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. സ്വപ്നയുടെ ആരോപണങ്ങളോട് പ്രതികരിച്ചത് തന്നെ എട്ട് ദിവസങ്ങൾക്ക് ശേഷമായിരുന്നു. പൊതുരംഗത്ത് അഭിമാന ബോധമുള്ള ഒരു രാഷ്ട്രീയ നേതാവ് പ്രശ്നങ്ങളുണ്ടാകുമ്പോൾ ആ പ്രശ്നങ്ങളിൽ നിന്ന് അവരുടെ വ്യക്തിത്വം സംരക്ഷിക്കാൻ പ്രവർത്തിക്കുകയാണ് വേണ്ടത്. എന്നാൽ മുഖ്യമന്ത്രി അത് ചെയ്യുന്നില്ല. അഭിമാന പ്രശ്നമില്ലാത്ത നേതാവായി അദ്ദേഹം മാറിക്കഴിഞ്ഞു.
എ.കെ.ജി സെന്റർ ആക്രമണം ഇ.പി. ജയരാജന്റെ ആസൂത്രണമാണെന്നും സുധാകരൻ ആവർത്തിച്ചു. കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് അറസ്റ്റിലായ ആൾക്ക് ജാമ്യം നൽകിയതോടെ കോൺഗ്രസ് പറഞ്ഞ കാര്യം സത്യമെന്ന് തെളിഞ്ഞതായും സുധാകരൻ വ്യക്തമാക്കി.