പാവറട്ടി: ടാർപോളിൻ വലിച്ചുകെട്ടിയ കുടിലിന് മുമ്പിൽ ലോട്ടറി ടിക്കറ്റ് വിൽക്കുമ്പോഴും അടച്ചുറപ്പുള്ള ഒരു വീട്ടിൽ അന്തിയുറങ്ങണമെന്നാണ് സൂര്യന്റെ ആഗ്രഹം. ചക്കംകണ്ടം കായൽ തീരത്തെ ഗുരുവായൂർ മുനിസിപ്പാലിറ്റി 11-ാം വാർഡിൽ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയ കുടിലിൽ കഴിയുകയാണ് 65 കാരനായ കൊങ്കണ്ടത്ത് അപ്പുകുട്ടൻ മകൻ സൂര്യൻ. മാസങ്ങൾക്കു മുമ്പുണ്ടായ ശക്തമായ കാറ്റിൽ ഉണ്ടായിരുന്ന ഓലമേഞ്ഞ വീട് തകർന്നു വീഴുകയായിരുന്നു. പിന്നീട് അറ്റകുറ്റപ്പണികൾ നടത്താനോ വീട് പണിയുന്നതിനോ കഴിഞ്ഞില്ല. ടാർപോളിൻ ഷീറ്റ് നാലു വശങ്ങളിലേക്കും വലിച്ചുകെട്ടിയും ചുറ്റും മുണ്ട് കൊണ്ട് മറച്ചും ആണ് താമസിക്കുന്നത്. രാത്രികാലങ്ങളിൽ തെരുവ് നായ്ക്കളുടെയും കുറുക്കന്മാരുടെയും ശല്യം ഉണ്ടെന്ന് പറയുന്നു. കണ്ടൽക്കാടിന്റെ പരിസരം ആയതിനാൽ കായലിൽ നിന്ന് ഇഴജന്തുക്കളും മറ്റും വീട്ടിലേക്ക് വരാറുണ്ട്. 6 സെന്റ് ഭൂമിയിലാണ് താമസം. ഇത്രയധികം കഷ്ടതകൾ അനുഭവിക്കുമ്പോഴും റേഷൻ കാർഡിൽ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. അമിതവില കൊടുത്ത് അരി വാങ്ങിക്കേണ്ട അവസ്ഥയിലാണ്. വീടിനു മുന്നിൽ കസേരയിട്ട് ലോട്ടറി വിൽപ്പന നടത്തിയാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്. സൂര്യന്റ ജീവിത ബുദ്ധിമുട്ട് കണ്ടറിഞ്ഞ് പലരും സഹായിക്കാൻ എത്തുന്നുണ്ട്. നനവുള്ള നിലത്ത് കിടക്കുന്നത് കണ്ടു മനസലിവുണ്ടായ ആരോ കട്ടിൽ നൽകിയിരുന്നു. അടച്ചുറപ്പുള്ള ഒരു വീട്ടിൽ തെരുവ് നായ്ക്കളെയും ഇഴ ജന്തുക്കളെയും ഭയക്കാതെ അന്തിയുറങ്ങണം എന്നാണ് സൂര്യന്റെ ആഗ്രഹം.