തിരുവനന്തപുരം: എ.കെ.ജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് ആ ഭാഗത്ത് ഇയാളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. എന്നാൽ, സ്കൂട്ടറിൽ എത്തിയത് ഇയാളാണോ എന്നതടക്കമുള്ള വിവരങ്ങളൊന്നും പൊലീസ് സ്ഥിരീകരിക്കുന്നില്ല. പേര് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. നഗരത്തിലെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്.
അക്രമി എത്തിയ ഡിയോ സ്കൂട്ടറിന്റെ നമ്പർ കണ്ടെത്താൻ വാഹന ഷോറൂമുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നിർണായക ഘട്ടത്തിലെത്തി. ഡിയോ സ്കൂട്ടറുടമകളുടെ ലിസ്റ്റ് ശേഖരിച്ച് മൊബൈൽ നമ്പരുകളുടെ സഹായത്തോടെ അവരെ നിരീക്ഷിക്കുന്നുണ്ട്. ഇതിലൂടെ ഉടമയെ കണ്ടെത്താനാണ് ശ്രമം. സംഭവസമയത്ത് പാളയം, പാറ്റൂർ, വഞ്ചിയൂർ മൊബൈൽ ടവറുകൾ കടന്നുപോയവരുടെയും അവിടങ്ങളിൽ ആ സമയത്ത് ഉണ്ടായിരുന്നവരുടെയും ഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
സ്ഫോടകവസ്തു എറിഞ്ഞ സ്കൂട്ടർ യാത്രക്കാരനെ സഹായിച്ചെന്ന സംശയത്തിൽ പിടികൂടിയ രാജാജി നഗർ സ്വദേശിയായ തട്ടുകടക്കാരനെ നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചു.
അക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ടു തവണ സ്‌കൂട്ടറിൽ എ.കെ.ജി സെന്ററിന് മുന്നിലൂടെ പോയ ഇയാൾ പൊതുടാപ്പിൽ നിന്നും വെള്ളമെടുക്കാനായി എത്തിയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെത്തുടർന്നാണിത്.
എ.കെ.ജി സെന്ററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട അന്തിയൂർക്കോണം സ്വദേശി റിച്ചു സച്ചുവിനെ അറസ്റ്റു ചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചു. ഇയാൾക്ക് സ്ഫോടകവസ്തു എറിഞ്ഞതുമായി ബന്ധമില്ലെന്നും കണ്ടെത്തി.