ലണ്ടൻ : കഴിഞ്ഞ സീസണിൽ യുവന്റസിൽ നിന്നെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇംഗ്ലീഷ് പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് വിട പറയാനൊരുങ്ങുന്നു. മാഞ്ചസ്റ്ററിന് ഇക്കുറി യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ യോഗ്യത ഇല്ലാത്തതിനാലാണ് സൂപ്പർ താരം വിട്ടുപോകാനൊരുങ്ങുന്നത്. മുപ്പത്തിയേഴുകാരനായ ക്രിസ്റ്റ്യാനോയുടെ അടുത്ത ലക്ഷ്യം വ്യക്തമല്ല.
പ്രിമിയർ ലീഗിൽ ആറാം സ്ഥാനത്തായതോടെയാണ് യുണൈറ്റഡിന് മുന്നിൽ ചാമ്പ്യൻസ് ലീഗിന്റെ വാതിലടഞ്ഞത്. ഇതോടെ ക്ളബ് വിടാൻ മാനേജ്മെന്റിനോട് ക്രിസ്റ്റ്യാനോ അനുവാദം തേടിയതായാണ് റിപ്പോർട്ടുകൾ.പുതിയ കോച്ച് എറിക് ടെൻഹാഗിനു കീഴിൽ അഴിച്ചു പണിക്കൊരുങ്ങുന്ന യുണൈറ്റഡ് ക്രിസ്റ്റ്യാനോയ്ക്കു മറുപടി നൽകിയിട്ടില്ല. ഡച്ച് മിഡ്ഫീൽഡർ ഫ്രെങ്കി ഡി യോംഗിനെ ടീമിലെത്തിക്കാൻ സ്പാനിഷ് ക്ലബ് ബാർസിലോനയുമായി അവസാനഘട്ട ചർച്ചകളിലാണ് യുണൈറ്റഡ്.
യുവന്റസിൽ നിന്ന് കഴിഞ്ഞ ഓഗസ്റ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ ശേഷം ക്രിസ്റ്റ്യാനോ മികച്ച ഫോമിലായിരുന്നെങ്കിലും ടീമിന്റെ പ്രകടനം മോശമായിരുന്നു. മാഞ്ചസ്റ്ററിന് വേണ്ടി 39 കളികളിൽ 24 ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്. യൂറോപ്പിലെ രണ്ടാംനിര ക്ലബ് ചാമ്പ്യൻഷിപ്പായ യൂറോപ്പ ലീഗിനാണ് മാഞ്ചസ്റ്റർ യോഗ്യത നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |