പള്ളുരുത്തി: കോട്ടൻകളിയെക്കുറിച്ച് വ്യാപക പരാതി ഉയർന്നതിനെത്തുടർന്ന് മട്ടാഞ്ചേരി അസി.പൊലിസ് കമ്മീഷണർ വി.ജി രവീന്ദ്രനാഥിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ ഏഴുപേർ അറസ്റ്റിൽ. ഇടക്കൊച്ചി പുത്തൻപുരക്കൽ വീട്ടിൽ ഷഫീഖ്, ഇടക്കൊച്ചി തെക്കുംമുറിവീട്ടിൽ സുനീർ, ഇടക്കൊച്ചി അക്വിനാസ് കോളേജിന് സമീപം ചെമ്പിട്ടവീട്ടിൽ അഷ്കർ, കടേഭാഗം കളത്തിപ്പറമ്പ് വീട്ടിൽ ഹബീബ്, പാണാവള്ളി പള്ളിക്കടവ് വീട്ടിൽ മുഹമ്മദ് ഇർഫാൻ, ഇടക്കൊച്ചി ബംഗ്ളാവ് പറമ്പിൽ ഷിനാസ്, ഇടക്കൊച്ചി തേവൻചേരി പറമ്പിൽ മുബാറക്ക് എന്നിവരെയാണ് പള്ളുരുത്തി എസ്.ഐമാരായ പി.പി. ജസ്റ്റിൻ, സെബാസ്റ്റ്യൻ പി ചാക്കോ, കെ.എസ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
പള്ളുരുത്തി കള്ളുഷാപ്പ് റോഡിലെ ഒരു ലോഡ്ജിലും പരിസരങ്ങളിലും കേന്ദ്രീകരിച്ച് പണം വച്ചുള്ള ചീട്ടുകളിയും കോട്ടൺകളിയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ഇവരിൽനിന്ന് അരലക്ഷത്തോളം രൂപയും ആറ് മോട്ടോർ ബൈക്കുകളും കളിക്ക് ഉപയോഗിക്കുന്ന ചീട്ടുകളും പൊലിസ് പിടിച്ചെടുത്തു. പിടിയിലായവർ ചൂതാട്ട സംഘത്തിന് നേതൃത്വം നൽകുന്ന പ്രധാനികളാണെന്ന് പൊലീസ് പറഞ്ഞു.
ഇടപാടുകാർക്ക് നമ്പർ എഴുതി നൽകി 10 രൂപ മുതൽ 500 വരെ വിനിയോഗിച്ചാണ് കോട്ടൻകളിയിൽ പങ്കാളിയാകുന്നത്. എഴുതിയ നമ്പർ വീണാൽ 10 രൂപയ്ക്ക് 700 രൂപ ഇവർ നൽകും. ദിനംപ്രതി ആയിരക്കണക്കിന് രൂപ കോട്ടൻ കളിക്കായി വിനിയോഗിക്കുന്നവരും നാട്ടിലുണ്ടെന്നതാണ് വസ്തുത. ചെറിയ തുക ഉപയോഗിച്ച് ഇത്തരം ചൂതാട്ടത്തിൽ ഏർപ്പെടാമെന്നുള്ളത് നിരവധിപേരെ കോട്ടൻ കളിയിലേക്ക് അടുപ്പിക്കുകയാണ്.
മട്ടാഞ്ചേരി അസി.കമ്മീഷ്ണറുടെ സ്പെഷ്യൽ ടീം അംഗങ്ങളായ എസ്.ഐ. മധുസൂദനൻ,എഡ്വിൻ റോസ്,കെ.എ അനീഷ്,പ്രശാന്ത്, പ്രശോഭ്, ബിബിൻ, പ്രജീഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
കോട്ടൻകളി
ഇടപാടുകാർക്ക് നമ്പർ എഴുതി നൽകി 10 രൂപ മുതൽ 500 വരെ വിനിയോഗിച്ചാണ് കോട്ടൻകളിയിൽ പങ്കാളിയാകുന്നത്. എഴുതിയ നമ്പർ വീണാൽ 10 രൂപയ്ക്ക് 700 രൂപ ഇവർ നൽകും. ദിനംപ്രതി ആയിരക്കണക്കിന് രൂപ കോട്ടൻ കളിക്കായി വിനിയോഗിക്കുന്നവരും നാട്ടിലുണ്ടെന്നതാണ് വസ്തുത.
നൂറുകണക്കിന് ചൂതാട്ട കേന്ദ്രങ്ങൾ
പടിഞ്ഞാറൻ കൊച്ചിയിൽ മാത്രം നൂറുകണക്കിന് ചൂതാട്ട കേന്ദ്രങ്ങളാണ് ഇത്തരത്തിൽ പ്രവർത്തിച്ചു വരുന്നത്. സാധാരണക്കാരായവരുടെ ഏറിയ പങ്ക് വരുമാനവും കോട്ടൻകളി കേന്ദ്രത്തിലേക്കാണെന്ന് പരാതിയുണ്ട്. രാഷ്ട്രീയ പിന്തുണയുള്ളവരാണ് കോട്ടൻ കളി നടത്തിപ്പുകാരെന്നും ആക്ഷേപമുണ്ട്. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി , തോപ്പുംപടി, പള്ളുരുത്തി, ചെല്ലാനം, കുമ്പളങ്ങി മേഖലകളിലെല്ലാം കോട്ടൻചൂതാട്ടം സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |