വിഴിഞ്ഞം: റോളർ സ്കേറ്റിംഗ് മത്സരത്തിനിടെ വീണു പോയ സഹോദരനെ വിളിച്ച് എണീപ്പിച്ച് ഒന്നാം സ്ഥാനത്തേക്ക് കുതിപ്പിച്ച വൈറൽ വീഡിയോയിലൂടെ സാഹോദര്യ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണങ്ങളായി മാറിയ ശിവയേയും ആദിദേവിനേയും മന്ത്രി എം.വി ഗോവിന്ദൻ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ഇരുവരേയും നേരിൽക്കാണാൻ മന്ത്രി ആഗ്രഹം പ്രകടിപ്പിച്ചു.
അപ്രതീക്ഷിതമായി വൈറാലയതിന്റെ ആഹ്ലാദത്തിലും അമ്പരപ്പിലുമായിരിക്കുന്ന വിഴിഞ്ഞം കിടാരക്കുഴി സ്വാഗത് നഗറിൽ ഇടയിൽ വിള പുത്തൻ വീട്ടിൽ സന്തോഷ് കുമാറിന്റെയും സൂര്യ കലയുടെയും മക്കളായ ആദിദേവും (13), ശിവയും (8) മന്ത്രിയുടെ വിളി എത്തിയതോടെ ഇരട്ടി സന്തോഷത്തിലായി. ഏറ്റവും അടുത്ത ദിവസം തന്നെ മന്ത്രിയെ കാണാൻ പോകുമെന്ന് പിതാവ് സന്തോഷ് കുമാർ പറഞ്ഞു. 8 വയസിനിടെ ശിവ രണ്ട് ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. റോളർ സ്കേറ്റിംഗിനൊപ്പം ചിത്രം വരയിലും ശിവയ്ക്ക് കമ്പമുണ്ട്. ആദിദേവ് സംസ്ഥാന മത്സരവിജയിയാണ്. 5 വയസു മുതൽ കോച്ച് ഹരിദാസിന്റെ കീഴിലാണ് ശിവ പരിശീലനം നടത്തുത്.
വീഡിയോയിൽ...
തൊടുപുഴയിൽ നടന്ന സിൽവർ സ്റ്റാർ റോളർ സ്കേറ്റിംഗ് മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ
മത്സരിക്കാനിറങ്ങിയ ശിവ ബാലൻസ് തെറ്റി വീണു. ചേട്ടൻ ആദിദേവ് അനിയന്റെ വീഴ്ച കണ്ട് ഒന്നുപതറിയെങ്കിലും ഉടൻ തന്നെ ശിവാ എന്ന ഒറ്റവിളിയിലൂടെ സഹോദരന് ഊർജ്ജം നൽകുകയായിരുന്നു. ഒരു കൈകാണ്ട് മൊബൈലിൽ വീഡിയോയും പകർത്തി ശിവാ.... കയറടാ ....കേറി വാടാ എന്ന് ഉച്ചത്തിൽ അലറിവിളിച്ച ആദിദേവിന്റെ പ്രോത്സാഹനം കാലുകളിൽ ആവാഹിച്ച് ശിവ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തുന്നതാണ് വീഡിയോയിൽ ഉള്ളത്. സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് സഹോദരങ്ങളെ അഭിനന്ദിച്ചും ആശംസയറിയിച്ചും കമന്റുകളിട്ടത്.