ടെലിവിഷൻ പ്രേക്ഷകർക്കും സിനിമാ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതനാണ് നടനും നിർമാതാവുമായ ദിനേശ് പണിക്കർ. തന്റെ വിശേഷങ്ങൾ കൗമുദി ടിവി ഡേ വിത്ത് എ സ്റ്റാറിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ.
ഭക്ഷണകാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തുന്ന ആളാണ് താൻ എന്ന് ദിനേശ് പണിക്കർ പറയുന്നു. "അച്ചാർ, പപ്പടം ഇത് രണ്ടും കഴിക്കാറില്ല. കൂടാതെ തണുത്തവെള്ളം കുടിക്കാൻ പാടില്ല. സോഡ അടക്കമുള്ള ഡ്രിംഗ്‌സ് കഴിച്ചിട്ട് വർഷങ്ങളായി. എനിക്ക് വിവരം വച്ചതിന് ശേഷം കഴിച്ചിട്ടില്ലെന്ന് വേണമെങ്കിൽ പറയാം. ഇപ്പോഴുള്ള ജനറേഷനോട് എനിക്ക് പറയാനുള്ളത് പിസ്സ പോലുള്ളവ ഒഴിവാക്കണം. ദൈവം സഹായിച്ച് എനിക്ക് ഇതുവരെ ബി പിയോ ഷുഗറോ ഒന്നുമില്ല."- അദ്ദേഹം വ്യക്തമാക്കി.
തന്റെ സിനിമാ വിശേഷങ്ങളും അദ്ദേഹം പരിപാടിയ്ക്കിടെ പങ്കുവച്ചു. 'കിരീടം' എന്ന ചിത്രത്തിലെ പാലത്തിലും ദിനേശ് പണിക്കർ എലീനയെ കൊണ്ടുപോയി. ഈ സിനിമയുടെ നിർമാതാവ് കൂടിയായിരുന്നു അദ്ദേഹം.
'കിരീടം പാലം എന്നാണ് പാലം അറിയപ്പെടുന്നത്. ഒരു പാലം സിനിമയുടെ പേരിൽ അറിയപ്പെടുന്നത് ലോകത്ത് തന്നെ ചിലപ്പോൾ ആദ്യമായിട്ടായിരിക്കാം. ചിത്രത്തിലെ രണ്ടോ മൂന്നോ പ്രധാനപ്പെട്ട സീൻ ഈ പാലത്തിൽവച്ചായിരുന്നു ചിത്രീകരിച്ചത്. വിജനമായി കിടക്കുന്ന സ്ഥലമായിരുന്നു. കിരീടത്തിലെ പ്രണയവും വിരഹവുമൊക്കെ കാണിച്ച പാലമാണിത്.'- അദ്ദേഹം പറഞ്ഞു.
തെലുങ്കിലെ പ്രദീപ് ശക്തിയായിരുന്നു ചിത്രത്തിൽ വില്ലനായി എത്തേണ്ടിയിരുന്നത്. ഷൂട്ടിംഗ് അടുത്തുവന്നപ്പോൾ പ്രദീപ് ശക്തിയെ കിട്ടാനില്ല. അങ്ങനെയാണ് കീരിക്കാടൻ ജോസായി മോഹൻരാജ് എത്തിയതെന്നും നടൻ വെളിപ്പെടുത്തി.