കൊവിഡ് കാലത്ത് നായ്ക്കളെ വളർത്താനും പരിപാലിക്കാനും നാട്ടിൻപുറങ്ങളിൽ പോലും നിരവധി ചെറുപ്പക്കാർ തയ്യാറായിരുന്നു. അതുകൊണ്ട് വളർത്തുനായ്ക്കളുടെ എണ്ണവും കൂടി. എന്നാൽ പേവിഷബാധ അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗം കൃത്യമായും യഥാസമയത്തും സ്വീകരിക്കുന്നില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കി ഓരോ വർഷവും പുതുക്കേണ്ട ലൈസൻസ് അടക്കം, നായ്ക്കളെ വളർത്തുന്നതിന് കൃത്യമായ മാർഗനിർദേശമുണ്ട്. നായ്ക്കൾക്ക് ഓരോ വർഷവും പേവിഷ വാക്സിനെടുക്കണം. ഇതെല്ലാം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും. ലൈസൻസില്ലാതെ വളർത്തിയാൽ തടവും പിഴയുമാണ് ശിക്ഷ. വളർത്തുനായയെ മറ്റു മൃഗങ്ങൾ കടിച്ചാലും വാക്സിനെടുക്കണം. പേവിഷബാധ ലക്ഷണം ശ്രദ്ധിക്കണം. കടിയേറ്റാൽ ഉടൻ ചികിത്സ തേടുകയും വേണം.