കോഴിക്കോട്: ഹോട്ടലാണെന്ന് കരുതി അസി. കമ്മിഷണറെ വിളിച്ച് ഷവായും കുബ്ബൂസും ഓർഡർ ചെയ്ത് പൊലീസുകാരൻ. മീഞ്ചന്ത ബൈപ്പാസ് ജംഗ്ഷനിലെ സിറ്റി ഹോട്ടലിൽ വിളിച്ച് ഷവായ് ഓർഡർ ചെയ്യാൻ ശ്രമിക്കവേ പന്നിയങ്കര സ്വദേശി എഎസ്ഐ ബൽരാജിനാണ് അബദ്ധം പിണഞ്ഞത്. ഹോട്ടലാണെന്ന് കരുതി ഫോണെടുത്തപ്പോൾ ഒരു അര ഷവായിയും നാല് കുബ്ബൂസും പോരട്ടേ എന്നായിരുന്നു ബൽരാജിന്റെ മറുപടി. ഒരു രക്ഷയുമില്ലല്ലോ ഇത് ഫറൂഖ് എസിപി എ എം സിദ്ധിഖിന്റെ നമ്പരാണെന്ന് മറുപടി കിട്ടിയതോടെ എഎസ്ഐയുടെ ഫ്യൂസ് പോവുകയായിരുന്നു.
ആപ്പിലായെന്ന് ബോധം വന്നപ്പോൾ നിരവധി വട്ടം മാപ്പ് പറയാൻ ശ്രമിച്ചെങ്കിലും, കാര്യം വളരെ കൂളായാണ് സിദ്ധിഖ് കൈകാര്യം ചെയ്തത്. ബൽരാജിനോട് ചങ്ങാതീ അബദ്ധമൊക്കെ ആർക്കും പറ്റുമെന്ന് പറഞ്ഞ് സിദ്ധിഖ് ആശ്വസിപ്പിച്ചു.
എ ആർ ക്യാംപിലെ ക്വിക്ക് റെസ്പോൻസ് ടീമിലെ എഎസ്ഐ ആണ് ബൽരാജ്. കഴിഞ്ഞ ദിവസം ചാലിയത്ത് മത്സ്യബന്ധനത്തിന് പോയ ഒരു മത്സ്യത്തൊഴിലാളിയെ കാണാതെ പോയിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്ത് സുരക്ഷാ ഡ്യൂട്ടിയ്ക്ക് പോയതായിരുന്നു ഇദ്ദേഹം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിക്കോട്ടെയെന്ന് അനുവാദം ചോദിക്കാൻ ബൽരാജ് ഒരുവട്ടം അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചിരുന്നു. പിന്നീട് രാത്രി ഭക്ഷണം ഓർഡർ ചെയ്യാൻ ശ്രമിക്കവേ അറിയാതെ വീണ്ടും എസിപിക്ക് തന്നെ കോൾ പോകുകയായിരുന്നു.