കൊച്ചി : കേരള ബ്ളാസ്റ്റേഴ്സിന്റെ യുവ പ്രതിരോധ താരം സഞ്ജീവ് സ്റ്റാലിൻ അടുത്ത സീസൺ മുതൽ മുംബയ് സിറ്റി എഫ്.സിക്ക് വേണ്ടി കളിക്കും. ബ്ളാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാർച്ചിൽ ബ്ളാസ്റ്റേഴ്സിലെത്തിയ സഞ്ജീവ് 8 ഐ.എസ്.എൽ മത്സരങ്ങളിൽ മഞ്ഞക്കുപ്പായമണിഞ്ഞു. ചെന്നൈയിൻ എഫ് സിയെ 3-0 ന് തകർത്ത മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.21കാരനായ സഞ്ജീവിനെ രണ്ട് വർഷത്തെ കരാർ അവശേഷിക്കവേയാണ് ബ്ളാസ്റ്റേഴ്സ് മുംബയ്ക്ക് വിറ്റത്.
അതേസമയം കഴിഞ്ഞ സീസണിലെ മികച്ച ഒരുപിടി പ്രകടനങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവർന്ന സഞ്ജീവിനെ കൈവിട്ടത് ബ്ളാസ്റ്റേഴ്സ് ആരാധകർക്കിടയിൽ നിരാശയ്ക്ക് കാരണമായിട്ടുണ്ട്. എന്നാൽ സഞ്ജീവിന്റെ ട്രാൻസ്ഫറിലൂടെ ബ്ളാസ്റ്റേഴ്സിന് കനത്തൊരു തുക ട്രാൻസ്ഫർ ഫീയായി ലഭിച്ചിട്ടുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. മുന്നേറ്റത്തിൽ ഒരു ഇന്ത്യ കളിക്കാരനെ ടീമിൽ എത്തിക്കാനും മാനേജ്മെന്റ് ശ്രമിക്കുന്നുണ്ട്. സ്റ്റാലിന്റെ ട്രാൻസ്ഫറിൽ നിന്ന് ലഭിച്ച ഭീമമായ തുക ഒരു ഇന്ത്യൻ സ്ട്രൈക്കറിനെ ടീമിൽ എത്തിക്കുന്നതിന് വേണ്ടി ബ്ളാസ്റ്റേഴ്സ് ഉപയോഗിക്കാനാണ് സാദ്ധ്യത.
കഴിഞ്ഞ സീസണിന് ശേഷം അൽവാരോ വാസ്ക്വസ്, വിൻസി ബാരറ്റോ, ചെഞ്ചോ ഗിൽഷൻ, ആൽബിനോ ഗോമസ്, സെയ്ത്യാസെൻ സിംഗ്, എനസ് സിപോവിച്ച് എന്നീ താരങ്ങളും ബ്ളാസ്റ്റേഴ്സ് ക്ലബ്ബ് വിട്ടിരുന്നു. കഴിഞ്ഞ വർഷം ഒപ്പമുണ്ടായിരുന്ന ചില പ്രധാന കളികാരുമായുള്ള കരാർ ദീർഘിപ്പിച്ച ബ്ലാസ്റ്റേഴ്സ്, ബ്രൈസ് മിറാൻഡ, സൗരവ് മണ്ഡൽ എന്നീ ഇന്ത്യൻ യുവ താരങ്ങളെ പുതുതായി ടീമിലെത്തിച്ചിട്ടുമുണ്ട്.
2021 മാർച്ച് പതിനെട്ടാം തീയതിയായിരുന്നു യുവ ലെഫ്റ്റ്ബാക്ക് താരമായ സഞ്ജീവുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് വർഷ കരാറിൽ ഒപ്പു വെച്ചത്. 2021 ലെ ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ ചിരവൈരികളായ ബെംഗളൂരു എഫ് സിക്കെതിരെ കളിച്ചു കൊണ്ട് മഞ്ഞക്കുപ്പായത്തിൽ അരങ്ങേറിയ താരം, ഈ വർഷം ജനുവരിയിൽ ഹൈദരാബാദ് എഫ്സിക്കെതിരെ കളിച്ചു കൊണ്ടാണ് ഐ എസ് എൽ അരങ്ങേറ്റം കുറിച്ചത്.
കേരള ബ്ലാസ്റ്റേഴ്സ് ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച് ഫൈനലിലെത്തിയ 2021-22 സീസൺ ഐ എസ് എല്ലിൽ മികച്ച പ്രകടനമായിരുന്നു സഞ്ജീവും പുറത്തെടുത്തത്. 8 മത്സരങ്ങളിലായി മൊത്തം 518 മിനുറ്റുകളാണ് ഈ ഇരുപത്തിയൊന്നുകാരൻ കഴിഞ്ഞ ഐ എസ് എല്ലിൽ കളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |