മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. ഇന്നലെ രാവിലെ അബുദാബിയിൽ നിന്ന് ഗോ ഫസ്റ്റ് വിമാനത്തിലെത്തിയ കണ്ണൂർ ആലക്കോട് സ്വദേശി അബ്ദുൾ സലീമിൽ നിന്നാണ് 856 ഗ്രാം സ്വർണം പിടിച്ചത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം മൂന്നു ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. ഒരു മാസത്തിനിടെ അഞ്ചു കോടിയിലധികം രൂപയുടെ സ്വർണമാണ് കണ്ണൂർ വിമാനത്താവളത്തിൽ പിടികൂടിയത്. കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, പി. മുരളി, ഇൻസ്പെക്ടർമാരായ അശ്വിന നായർ, പങ്കജ്, ജുബർ ഖാൻ, അഭിഷേക്, കപിൽ, ഹവിൽദാർ ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.