SignIn
Kerala Kaumudi Online
Wednesday, 10 August 2022 10.25 AM IST

അനുഭവങ്ങൾ, പാളിച്ചകൾ

vivadavela

സമീപദിവസങ്ങളിലായി കേരളം കാണുന്നത് അസാധാരണമായ രാഷ്ട്രീയക്കാഴ്ചകളാണ്. സിനിമാക്കഥകളെ വെല്ലുന്ന തിരക്കഥകൾ. അത് മാദ്ധ്യമങ്ങൾ ഏറ്റുപിടിച്ച് വിവാദങ്ങളുടെ തീക്കനലുകൾ ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തുടങ്ങിയതാണ്. ആ ഫലം കേരളം ഭരിക്കുന്ന ഇടതുമുന്നണിക്ക് വലിയ നിരാശ സമ്മാനിച്ചിരുന്നു. 2021ൽ 99 സീറ്റുകൾ നൽകി കേരളജനത തുടർഭരണം നൽകിയതിന്റെ 'ഹാങ് ഓവർ' തൃക്കാക്കരയിലും അവർ പ്രതീക്ഷിച്ചിരിക്കാം. എല്ലാം ഭദ്രമെന്ന് ഭരിക്കുന്ന രാഷ്ട്രീയനേതൃത്വമോ അല്ലെങ്കിൽ സി.പി.എം പോളിറ്റ്ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയനോ ചിന്തിച്ചിരുന്നിരിക്കാം. ഇന്റലിജന്റ്സ് റിപ്പോർട്ടുകൾക്ക് അപ്പുറത്തേക്കുള്ള ആത്മവിശ്വാസം അദ്ദേഹത്തെ നയിച്ചെന്ന് തോന്നുന്നു. പക്ഷേ ഫലം സന്തോഷം നൽകിയില്ല. തൃക്കാക്കര കൈയിലിരുന്ന സീറ്റല്ല എന്നതുകൊണ്ട് വലിയ നഷ്‌ടമുണ്ടായില്ലെന്ന് മാത്രം. ഫലം വന്നതിന് പിന്നാലെയാണ് രാഷ്ട്രീയഗതി മാറിത്തുടങ്ങിയത്. ആരും പ്രതീക്ഷിക്കാത്ത നേരത്ത് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് വിവാദത്തിലെ കൂട്ടുപ്രതിയുമായിരുന്ന, എം. ശിവശങ്കർ അശ്വത്ഥാമാവ് വെറുമൊരാന എന്ന തലക്കെട്ടിൽ പുസ്തകമെഴുതിയതോടെ വീണ്ടും ഉയിർത്തെഴുന്നേറ്റു.

സ്വർണക്കടത്ത് കേസിലെ പ്രതിയുമായുള്ള അടുപ്പം വരുത്തിവച്ച വിന കാരണം ജയിലിൽ കിടക്കേണ്ടിവന്ന അദ്ദേഹം 'വേട്ടയാടപ്പെട്ട' ജീവിതാനുഭവങ്ങൾ പുസ്തകത്തിലൂടെ വിവരിച്ചത് ആദ്യം പ്രകോപിപ്പിച്ചത് പ്രതിയായ സ്വപ്ന സുരേഷിനെയായിരുന്നു. അവർ ചാനൽ അഭിമുഖങ്ങളിലൂടെ പലതും തുറന്നടിച്ച് രംഗത്തെത്തിയത് കെട്ടുപോയെന്ന് തോന്നിയ വിവാദത്തെ വീണ്ടും കത്തിച്ചു.

അവരുടെ പുതിയ വെളിപ്പെടുത്തലുകളിന്മേൽ വീണ്ടും അന്വേഷണ ഏജൻസിയായ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. വന്നുവന്ന് അവർ മുഖ്യമന്ത്രിയെ നേരിട്ട് ആക്രമിക്കാൻ തുനിഞ്ഞിറങ്ങുന്ന കാഴ്ച. കഴിഞ്ഞ ഫെബ്രുവരിയിലെ അഭിമുഖങ്ങളിലും മുഖ്യമന്ത്രിയുമായി ഔദ്യോഗികബന്ധം മാത്രമേയുള്ളൂവെന്ന് പറഞ്ഞവരാണ് സ്വപ്ന സുരേഷ്. ഇപ്പോൾ അതിനപ്പുറത്തേക്ക് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് അവർ ആരോപണമുന്നയിക്കുന്നു. ക്ലിഫ്ഹൗസിലേക്ക് ബിരിയാണിച്ചെമ്പ് കടത്തി, ദുബായിൽ മറന്നുവച്ച ബാഗ് നയതന്ത്ര ബാഗേജ് വഴി കടത്തിക്കൊണ്ടുവന്നു, യു.എ.ഇ ഭരണാധികാരികളുമായി ക്ലിഫ്ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നു എന്നെല്ലാമുള്ള ആരോപണങ്ങൾ. വളരെ വിശ്വസനീയമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് അവരുടെ അവതരണങ്ങൾ. അവർ ഇതെല്ലാം ജുഡിഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴിയായും നൽകിയിട്ടുണ്ടെന്ന് പറയുന്നു. രഹസ്യമൊഴിയിലെ വിവരങ്ങൾ പുറത്ത് പറയരുതെന്നാണ്. എന്നാൽ, ആ മൊഴിക്ക് പിന്നാലെ ഇവർ പുറത്തുപറഞ്ഞ പല ആരോപണങ്ങളും ഞെട്ടിക്കുന്നതാണ്. ഈ ആരോപണങ്ങൾ സൃഷ്ടിച്ച പുകമറയ്ക്ക് ചുറ്റിലുമാണിപ്പോൾ രാഷ്ട്രീയകേരളം . യഥാർത്ഥത്തിൽ ശിവശങ്കറിന്റെ ജീവിതാനുഭവ രചന ഇരപരിവേഷം സൃഷ്ടിക്കുന്നതിന് പകരം പാളിപ്പോവുകയാണുണ്ടായത്.

പ്രതിപക്ഷത്തിന്റെ

രാഷ്ട്രീയ വെല്ലുവിളികൾ

സ്വപ്ന സുരേഷ് ഇങ്ങനെ നിരന്തരം ആരോപണശരങ്ങൾ എയ്തുകൊണ്ടിരിക്കുമ്പോഴും മുഖ്യമന്ത്രിയോ സർക്കാരോ ഇതിൽ കാര്യമായ മറുപടിക്ക് തുനിയുന്നില്ല. പക്ഷേ, ചില സാഹചര്യത്തെളിവുകൾ വച്ച് സ്വപ്നയ്ക്ക് പിന്നിലെ രാഷ്ട്രീയ ചരടുവലികൾ സംഘപരിവാറിന്റേതാണെന്ന സംശയം അവരുയർത്തുന്നു. എന്തുകൊണ്ട് സ്വർണക്കടത്ത് കേസിന്റെ യഥാർത്ഥ കണ്ണികളിലേക്ക് അന്വേഷണം പോകുന്നില്ലെന്നാണ് സി.പി.എമ്മും മുഖ്യമന്ത്രിയും നിരന്തരം ചോദിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയെന്ന വിവാദമുയർന്നപ്പോൾത്തന്നെ കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിക്കാനാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയ മുഖ്യമന്ത്രിയെ അവിശ്വസിക്കുന്നത് എന്തിനെന്നാണ് ചോദ്യം. 21 തവണ സ്വർണം കടത്തിയതിൽ പ്രതിയെന്ന് കണ്ടെത്തിയ സ്ത്രീയുടെ വെളിപ്പെടുത്തലുകളെ ആര് വിശ്വസിക്കുമെന്നാണ് മറ്റൊരു ചോദ്യം. യഥാർത്ഥത്തിൽ സ്വർണം ആര് കടത്തി, അതെങ്ങോട്ട് പോയി എന്നീ കാര്യങ്ങളെന്തുകൊണ്ട് കണ്ടുപിടിക്കപ്പെടുന്നില്ലെന്നും ചോദ്യമുണ്ട്. അന്വേഷണം ചെന്നെത്തുന്നത് സംഘപരിവാർ ബന്ധമുള്ള ചില സ്വർണവ്യാപാരികളിലേക്കായതിനാലാണ് കേന്ദ്രം അന്വേഷണം അവിടന്നങ്ങോട്ട് മുന്നോട്ട് കൊണ്ടുപോകാത്തതെന്ന ആരോപണം ഇടതുമുന്നണി കേന്ദ്രങ്ങൾ പറയാതെ പറയുന്നു.

ആരോപണമുയരുമ്പോൾ പ്രതിപക്ഷം അതിന്റെ രാഷ്ട്രീയദൗത്യങ്ങളേറ്റെടുക്കുന്നത് സ്വാഭാവികം. ഇവിടെയും അവർ അതേറ്റെടുത്തു. 2011-16ലെ ഉമ്മൻചാണ്ടി ഭരണകാലത്ത് സോളാർകേസ് ഉടലെടുത്തപ്പോൾ അന്ന് പ്രതിപക്ഷമായിരുന്ന ഇടതുമുന്നണി ചെയ്തതും ഇതുപോലെയായിരുന്നല്ലോ. അതേ നിലയിലാണ് രാഷ്ട്രീയവിവാദം ഇപ്പോൾ കത്തിപ്പടരുന്നത്. പ്രതിപക്ഷമുയർത്തുന്ന ചില ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കിട്ടിയിട്ടില്ലെന്നത് വാസ്തവമാണ്.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുൻ മന്ത്രിയായ കെ.ടി. ജലീൽ നൽകിയ ഗൂഢാലോചനക്കേസിൽ പെട്ടെന്ന് നടപടികൾ ഊർജ്ജിതപ്പെടുത്തുകയും സ്വപ്നയുടെ കൂട്ടുപ്രതിയായ സരിത്തിനെ രാത്രിക്ക് രാത്രി വിജിലൻസ് സംഘം പോയി കസ്റ്റഡിയിലെടുത്തതുമെല്ലാം വല്ലാത്ത അമ്പരപ്പുണ്ടാക്കിയതാണ്. വിവാദമായപ്പോൾ ധൃതികാട്ടിയതിന് വിജിലൻസ് മേധാവിസ്ഥാനത്ത് നിന്ന് എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ നീക്കി തടിയൂരിയത് അതിനേക്കാൾ വലിയ നാണക്കേടായി.

ഷാജ് കിരൺ എന്ന മാദ്ധ്യമപ്രവർത്തകൻ സ്വപ്ന സുരേഷുമായി നടത്തിയ ടെലിഫോൺ സംഭാഷണം സ്വപ്ന പുറത്തുവിട്ടതാണ് മറ്റൊരു വഴിത്തിരിവ്. ഉന്നത പൊലീസുദ്യോഗസ്ഥരുടെ അറിവോടെ മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി ഈ മാദ്ധ്യമപ്രവർത്തകൻ പ്രവർത്തിച്ചെന്നാണ് സ്വപ്ന ആരോപിച്ചത്. മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാനസെക്രട്ടറിയുടെയും ബിനാമി സ്വത്തുക്കൾ ബിലീവേഴ്സ് ചർച്ച് മേധാവി വഴി അമേരിക്കയിലേക്ക് കടത്തുന്നുവെന്ന ഗുരുതര ആക്ഷേപം ഈ മാദ്ധ്യമപ്രവർത്തകൻ സംഭാഷണമദ്ധ്യേ പറയുന്നതും സ്വപ്ന പുറത്തുവിട്ട ഫോൺരേഖയിലുണ്ടായിരുന്നു. ഇങ്ങനെ അധിക്ഷേപിച്ചിട്ടും ഇയാളെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പൊലീസ് തയാറാകാത്തത് ദുരൂഹമാണെന്ന പ്രതിപക്ഷത്തിന്റെ സംശയത്തിന് ബലം നൽകുന്നത്, മറുവശത്ത് പല അനാവശ്യസംഭവങ്ങളിലും അസാധാരണ തിടുക്കം കാണുമ്പോഴാണ്. സർവോപരി സ്വപ്നസുരേഷ് ഉന്നയിച്ച ആരോപണങ്ങൾ വ്യക്തിഹത്യയും മാനഹാനിയും ഉണ്ടാക്കുന്നതായിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടക്കേസ് നൽകുന്നില്ലെന്നും പ്രതിപക്ഷം ചോദിച്ചു. അതിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല.

അസാധാരണ

രാഷ്ട്രീയ നാടകങ്ങൾ

സ്വപ്ന തുറന്നുവിട്ട വിവാദം ഒരു വഴിക്ക് നീങ്ങുന്നതിനിടയിലായിരുന്നു വയനാട്ടിൽ രാഹുൽഗാന്ധി എം.പി ഓഫീസിന് നേർക്കുണ്ടായ എസ്.എഫ്.ഐ അതിക്രമം. രാഷ്ട്രീയശ്രദ്ധ ഒരു പരിധി വരെ വഴിതിരിച്ചുവിടാൻ ഇത് വഴിയൊരുക്കി. നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് തൊട്ടടുത്ത ദിവസമായതിനാൽ സ്വർണക്കടത്ത് വിവാദങ്ങളിൽ നിന്ന് വഴിതിരിച്ചുവിടാനുള്ള തന്ത്രമാണോയെന്ന് പലരും സംശയിക്കാതിരുന്നിട്ടില്ല. പക്ഷേ എസ്.എഫ്.ഐയെ എല്ലാവരും തള്ളിപ്പറഞ്ഞു. സി.പി.എമ്മും മുഖ്യമന്ത്രിയും എല്ലാവരും. എസ്.എഫ്.ഐക്കാർക്കെതിരെ നടപടി വന്നു. എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം അറിയാതെയാണ് വയനാട്ടിൽ അവരുടെ അതിക്രമങ്ങളുണ്ടായതെന്ന് അവർ കൈമലർത്തി. പ്രതീക്ഷിച്ചത് പോലെ നിയമസഭയുടെ ആദ്യദിനം ഇതിന്റെ പേരിൽ സ്തംഭിച്ചു.

തൊട്ടടുത്ത ദിവസം നിയമസഭയിൽ സ്വർണക്കടത്ത് വിവാദത്തെ പ്രതിപക്ഷം എഴുന്നെള്ളിച്ചു. അടിയന്തരപ്രമേയ നോട്ടീസായി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്. ഈ നോട്ടീസിൽ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി സമ്മതിക്കുമെന്ന് പ്രതിപക്ഷം പോലും പ്രതീക്ഷിച്ചില്ല. മടിയിൽ കനമില്ല, ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നേർസാക്ഷ്യമാണ് ഇതെന്ന് ഭരണകക്ഷി അംഗങ്ങൾ ആവേശത്തോടെ വാദിച്ചു.

പ്രതിപക്ഷം നല്ല ഗൃഹപാഠത്തോടെയാണ് വന്നത്. ഷാഫി പറമ്പിൽ പത്ത് ചോദ്യങ്ങൾ ചോദിച്ചു. എന്തുകൊണ്ട് മാനനഷ്ടക്കേസ് ഇല്ല, ദുബായിൽ നിന്നൊരു ബാഗ് നയതന്ത്ര ബാഗേജ് വഴി മുഖ്യമന്ത്രിക്കായി കൊണ്ടുവന്നെന്ന് ശിവശങ്കർ കസ്റ്റംസിന് മൊഴി നൽകിയിട്ടും അങ്ങനെയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി എന്തുകൊണ്ട് നിയമസഭയിൽ മറുപടി നൽകി, സരിത്തിനെ കസ്റ്റഡിയിലെടുത്തതിലെ അനാവശ്യ തിടുക്കമെന്തിനായിരുന്നു തുടങ്ങിയ ചോദ്യങ്ങളാണുയർത്തിയത്.

ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം സ്വർണക്കടത്ത് കേസിൽ നേരത്തേ ഉന്നയിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രി കൂടുതലും ആവർത്തിച്ചത്. അതിൽ പ്രധാനം സംഘപരിവാർ താത്‌പര്യങ്ങളും അതിനോട് ചേർന്നുനിൽക്കുന്ന യു.ഡി.എഫ് സമീപനവുമൊക്കെ തന്നെ. അതായത്, രാഷ്ട്രീയമാണ് എല്ലാറ്റിനും പിന്നിലെന്ന് അദ്ദേഹം സമർത്ഥിച്ചു. തൊട്ടടുത്ത ദിവസം സ്വപ്ന അടുത്ത വെളിപ്പെടുത്തലുകളുമായി വീണ്ടും വന്നു.

സ്വപ്ന പറയുന്നതെല്ലാം അക്ഷരംപ്രതി ശരിയാണെന്നൊന്നും ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. കാരണം അവരൊരു പ്രതിയാണ്. അവർക്ക് ഇതിൽനിന്ന് തലയൂരണം. അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്നുണ്ടല്ലോ. ഷാർജ സുൽത്താനെ റൂട്ട് തിരിച്ച് ക്ലിഫ്ഹൗസിലേക്കെത്തിച്ചു എന്നൊക്കെ അവർ ആരോപിച്ചത് അത്രകണ്ട് ശരിയോ എന്ന ചോദ്യമുയരുന്നുണ്ട്. കാരണം അന്ന് യു.എ.ഇയിൽ നിന്നുതന്നെയുള്ള പ്രോട്ടോകോൾ ചാർട്ടിൽ ക്ലിഫ്ഹൗസ് സന്ദർശനമുണ്ടായിരുന്നു. മാത്രവുമല്ല, അത് തുറന്ന ചർച്ചയുമായിരുന്നു. ഷാർജ സുൽത്താന് കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ ഡി-ലിറ്റ് ബിരുദദാനച്ചടങ്ങ് തിരുവനന്തപുരത്തേക്ക് അവസാനനിമിഷം മാറ്റിയെന്നതിലും കഴമ്പില്ലെന്ന വാദമുണ്ട്. ഗവർണർ പി.സദാശിവത്തിന് അന്ന് പനിയായിരുന്നതിനാൽ അദ്ദേഹത്തിന്റെ സൗകര്യാർത്ഥം കൂടിയാണ് ചടങ്ങ് തിരുവനന്തപുരത്തേക്ക് മാറ്റിയതെന്ന് അന്നത്തെ ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് നേരത്തേ സ്വപ്ന ഉയർത്തിയ ആരോപണങ്ങൾ നേരത്തേ അവർ പറഞ്ഞതിന് തന്നെ വിരുദ്ധമാണെന്ന വാദവുമുണ്ട്. ഇങ്ങനെയൊക്കെയായിട്ടും മാനനഷ്ടക്കേസിന് പോകാതിരിക്കുന്നതും ഷാജ് കിരൺ എന്ന ഇടനിലക്കാരന്റെ പേരിൽ നടപടിയില്ലാത്തതുമെല്ലാം വൈരുദ്ധ്യങ്ങളായി മുഴച്ചുനിൽക്കുന്നു. മറ്റ് ചില കാര്യങ്ങളിൽ അനാവശ്യമായ വെപ്രാളം പ്രകടമാവുകയുമാണ്. എവിടെയോ പന്തികേട് തോന്നുന്നില്ലേയെന്ന് സാധാരണജനം സംശയിച്ചാൽ എങ്ങനെ കുറ്റം പറയാനാകും? ഒന്നുമില്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം തീർച്ചയായും മുഖ്യമന്ത്രിക്കും, ഭരണനേതൃത്വത്തിനുമുണ്ട്.

രാഷ്ട്രീയ നാടകങ്ങൾ

സ്വപ്നയുടെ പുതിയ രംഗപ്രവേശത്തിന് പിന്നിൽ പി.സി. ജോർജിന്റെ കൈയുണ്ടെന്നത് ന്യായമായ സംശയമായിരുന്നു. കാരണം വിദ്വേഷപ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെയുണ്ടായ നടപടിയിൽ പകപോക്കാൻ തക്കം പാർത്തിരിക്കുകയായിരുന്നു ജോർജ്. ചില ഫോൺ സംഭാഷണങ്ങളൊക്കെ പുറത്ത് വരികയുമുണ്ടായി. എങ്കിലും ജോർജിന്റെ കഴിഞ്ഞ ദിവസത്തെ അറസ്റ്റിലുമുണ്ടായി അസാധാരണവേഗതയും അതിന്റെ ഫലമായുണ്ടായ പാളിച്ചയും.

പലഘട്ടങ്ങളിൽ മൊഴികൾ മാറ്റിപ്പറഞ്ഞും മറ്റും വിശ്വാസ്യതാനഷ്ടം വരുത്തിവച്ചിട്ടുള്ളയാളാണ് സോളാർ കേസിലെ പ്രതി. അവരൊരു ക്രിമിനൽ കേസിലെ പ്രതിയാണ്. സ്വപ്നയ്ക്ക് ബാധകമാകുന്ന യുക്തി അതിനേക്കാൾ അധികം അവർക്കും ബാധകമാണ്. സ്വപ്നയെ എതിർക്കാൻ അപ്പോൾ ഇവരെ കൂട്ടുപിടിക്കുന്നതിലെ ന്യായവാദങ്ങളും സംശയങ്ങളുണ്ടാക്കുന്നു. ജോർജിന്റെ അറസ്റ്റ് പാളിപ്പോയതും വിശ്വാസ്യതാനഷ്ടം വരുത്തിവച്ചതുമൊക്കെ ഇങ്ങനെയാണ്. ജോർജിന് ജാമ്യം കിട്ടി. പിന്നാലെ എന്തൊക്കെയോ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത് വീണ്ടും നാണക്കേട് വരുത്തിവച്ചു. വിദ്വേഷപ്രസംഗത്തിന്റെ പേരിൽ കേരളീയസമൂഹത്തിന് മുന്നിൽത്തന്നെ അപഹാസ്യനായി കിടന്നിരുന്ന ജോർജെന്ന വിടുവായൻ രാഷ്ട്രീയനേതാവിന് വീരപരിവേഷം ഉണ്ടാക്കിക്കൊടുക്കാൻ മാത്രമാണ് കഴിഞ്ഞ ദിവസത്തെ നാടകങ്ങൾ വഴിയൊരുക്കിയതെന്ന് ചിന്തിക്കുന്നവരെയും കുറ്റപ്പെടുത്താൻ വരട്ടെ.

എ.കെ.ജി സെന്റർ ആക്രമണവും

രാഹുൽഗാന്ധിയുടെ വരവും

എ.കെ.ജി സെന്ററിന് നേരേ വ്യാഴാഴ്ച രാത്രിയിലുണ്ടായ സ്ഫോടകവസ്തുവേറാണ് മറ്റൊരു സംഭവം. സംഭവം നടന്നയുടനേ കോൺഗ്രസാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ആരോപിച്ചു. പൊലീസുകാർ വെറും 25 മീറ്റർ അകലെ നില്പുണ്ടായിരുന്നപ്പോഴാണ് ഒരുവൻ ബൈക്കിലെത്തി പടക്കമെറിഞ്ഞ അതിവേഗത്തിൽ ഓടിച്ചുപോയത്. സി.സി ടി.വിയൊക്കെ ഉണ്ടായിട്ടും യഥാർത്ഥപ്രതിയെ ഇതുവരെ കണ്ടെത്തിയില്ല. അതെന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരമില്ല. കോൺഗ്രസുകാരനെന്ന് ഇ.പി. ജയരാജൻ പറഞ്ഞിട്ടും ഒരു കോൺഗ്രസുകാരനെ പോലും കേസിൽ പ്രതിയാക്കാനും സാധിക്കുന്നില്ല.

ഈ പടക്കമേറും എന്തെങ്കിലും രാഷ്ട്രീയനാടകത്തിന്റെ ഉപോത്‌പന്നമാണോ എന്ന ചർച്ചകളാണ് ഇപ്പോൾ കൊടുമ്പിരിക്കൊള്ളുന്നത്. ചക്കിന് വച്ചത് കൊക്കിന് കൊള്ളുകയാണോ എന്ന് പ്രതിപക്ഷം നീട്ടി ചോദിക്കുന്നു. അതവർ നിയമസഭയിലും ഉന്നയിക്കുന്നു.

സി.പി.എമ്മിന്റെയും ഭരണനേതൃത്വത്തിന്റെയും തിരക്കഥകളെല്ലാം പാളുകയാണോ എന്നാരെങ്കിലും ചോദിച്ചാൽ അങ്ങനെയെന്ന് കരുതേണ്ടിയിരിക്കുന്നു എന്നുതന്നെയാണ് മറുപടി . അനുഭവങ്ങൾ, പാളിച്ചകൾ!

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VIVADAVELA
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.