കോഴിക്കോട്: കാമറൂൺ മുൻ ദേശീയ താരവും, കാമറൂൺ യൂത്ത് ടീം ഹെഡ് കോച്ചുമായ റിച്ചാർഡ് ടോവ ഗോകുലം കേരള എഫി സിയുടെ പരിശീലകനായി ചുമതലയേറ്റു. ഇറ്റാലിയൻ കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസിന്റെ ഒഴിവിലേക്കാണ് 52 വയസുള്ള റിച്ചാർഡ് ടോവ എത്തുന്നത്. ജർമൻ സെക്കൻഡ് ഡിവിഷൻ ക്ലബുകളിൽ കളിച്ച റിച്ചാർഡ്, ജർമൻ പൗരത്വം സ്വീകരിച്ചതിനു ശേഷം ജർമനിയിൽ നിന്നുമാണ് പ്രൊ ലൈസൻസ് നേടിയത്. ജർമനിയിലെ വിവിധ യൂത്ത് ടീമുകളിൽ സേവനം അനുഷ്ഠിച്ച റിച്ചാർഡ്, കാമറൂൺ അണ്ടർ 17, അണ്ടർ 23 ടീമുകളുടെ മുഖ്യ പരിശീലകൻ ആയിരുന്നു.
കാമറൂൺ പുരുഷ വനിതാ ടീമുകളുടെ പരിശീലക വിഭാഗത്തിന്റെ കൂടെയും കാമറൂൺ ലീഗിലെ ഫസ്റ്റ് ഡിവിഷൻ ക്ളബുകളിലും ടോവ സേവനം അനുഷ്ടിച്ചിട്ടുണ്ട്. വളരെയേറെ പ്രതീക്ഷയോടെയാണ് ഗോകുലത്തിലേക്ക് വരുന്നതെന്നും രണ്ടു ലീഗ് ചാമ്പ്യൻഷിപ്പുകൾ നേടിയ ടീമിനോടൊപ്പം ഇനിയും വിജയങ്ങൾ നേടുകയാണ് തന്റെ ലക്ഷ്യമെന്നും ടോവ പ്രതികരിച്ചു.
"പുതിയ കളിക്കാരെ കണ്ടെത്തുന്നതിലും, വളർത്തുന്നതിലും റിച്ചാർഡ് ടോവയ്ക്ക് അസാമാന്യ കഴിവുണ്ടെന്ന് ഗോകുലം കേരള എഫ് സിയുടെ പ്രസിഡന്റ് വിസി പ്രവീൺ പറഞ്ഞു. പുതിയ കളിക്കാർക്ക് അവസരങ്ങൾ നൽകുന്നതിനൊപ്പം ട്രോഫികൾ നേടുകയുമാണ് ക്ലബ്ബിന്റെ ലക്ഷ്യം. അതിനു അനുയോജ്യമായ പരിശീലകനാണ് ടോവയെന്നും പ്രവീൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |