കൊളംബോ: അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് തമിഴ്നാട് , പുതുച്ചേരി സ്വദേശികളായ 17 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഇതിൽ അഞ്ചുപേരെ തിങ്കളാഴ്ചയും തമിഴ്നാട്ടുകാരായ 12 പേരെ ഞായറാഴ്ചയുമാണ് പിടികൂടിയത്. കാരൈനഗറിന് സമീപം മത്സ്യബന്ധനം നടത്തുകയായിരുന്ന ജഗതപട്ടണം സ്വദേശികളായ അഞ്ച് മത്സ്യത്തൊഴിലാളികളെയാണ് തിങ്കളാഴ്ച നാവികസേന പിടികൂടിയത്. ഇവരെ കാരൈനഗർ ക്യാമ്പിലേക്ക് കൊണ്ടുപോയതായാണ് റിപ്പോർട്ടുകൾ.
കൊടയകരിയുടെ തെക്കുവടക്ക് മേഖലയിൽ മത്സ്യബന്ധനത്തിലേർപ്പെട്ട കാരക്കലിൽ നിന്നുള്ള അഞ്ചുപേരും മയിലാടുതുറയിൽ നിന്നുള്ള ഏഴുപേരും അടക്കമാണ് ഞായറാഴ്ച പിടിയിലായ 12 പേർ. തൊഴിലാളികളുടെ മത്സ്യബന്ധന ബോട്ടും ഇന്ധനവും ശ്രീലങ്കൻ നേവി കണ്ടുകെട്ടിയിട്ടുണ്ട്.
സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിട്ടുണ്ട്. 61 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് തമിഴ്നാട്ടിൽ മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങിയത്.