SignIn
Kerala Kaumudi Online
Thursday, 25 April 2024 2.27 PM IST

ഭരണഘടനയും മന്ത്രി സജി ചെറിയാന്റെ ഖേദവും

saji-cherian

മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ ഭരണഘടനയെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ ആണയിട്ടു. വാർത്തകളെല്ലാം വളച്ചൊടിക്കപ്പെട്ടതാണ്. അദ്ദേഹം ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവർത്തകനാണ്. ഭരണഘടനയ്ക്ക് കുറേക്കൂടി ശക്തി വേണമെന്ന ഉപദേശിച്ച ആ പാവം നിഷ്കളങ്കതയെയാണല്ലോ പലരുമിപ്പോൾ സംശയിക്കുന്നത്!

പ്രസംഗത്തിൽ താനുദ്ദേശിക്കാത്ത കാര്യങ്ങൾക്ക് പ്രചാരണം ലഭിക്കാനിടയായതിലാണ് മന്ത്രി ഖേദിച്ചത്. വഴിയേപോയ കോടാലി താനായിട്ടെടുത്ത് കാലിൽ ഇട്ടില്ലെങ്കിലും അത് കാലിൽ വീണ് പോയതിന് സ്വന്തമായി ഖേദം രേഖപ്പെടുത്താൻ മാത്രമുള്ള വിശാലമനസ്സൊക്കെ സ്വായത്തമാക്കിയിട്ടുള്ള മന്ത്രിയാണ് സജി ചെറിയാനെന്ന് കേൾവിക്കാർക്ക് ബോദ്ധ്യമാകേണ്ടതാണ്.

അത് ബോദ്ധ്യമാകാതിരുന്നത് പ്രതിപക്ഷത്തിനാണ്. വാഹനനികുതി, ഗതാഗതം എന്നിവയ്ക്കൊപ്പം മന്ത്രി സജി ചെറിയാന്റെ കീഴിലെ മത്സ്യബന്ധനത്തിന്റെയും ധനാഭ്യർത്ഥന ഇന്നലെയായിരുന്നു. മത്സ്യബന്ധനത്തിന്റെ ചർച്ചയ്ക്ക് മറുപടി പറയാനെഴുന്നേറ്റ മന്ത്രി സജിയെ കേൾക്കാൻ പ്രതിപക്ഷത്തിന് മനസ്സുണ്ടായില്ല. ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച, ഭരണഘടനാശില്പികളെ അപകീർത്തിപ്പെടുത്തിയ, മതേതരത്വത്തെയും ജനാധിപത്യത്തെയും തള്ളിപ്പറഞ്ഞ മന്ത്രി ഒരു നിമിഷം പോലും തുടരരുതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. രാജിവച്ചില്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കണമെന്നാണാവശ്യം. രണ്ടും നടക്കാത്ത കാര്യമാണെന്ന് അറിയാവുന്നതിനാൽ മന്ത്രിയെ കേൾക്കാൻ നിൽക്കാതെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

തൃക്കാക്കരയുടെ സൗഭാഗ്യമാണ് ഉപതിരഞ്ഞെടുപ്പെന്ന് ചിലരെങ്കിലും കുത്തിനോവിച്ചെങ്കിലും തന്റെ ജീവിതത്തിലെ കറുത്ത അദ്ധ്യായമാണ് തിരഞ്ഞെടുപ്പും വിജയവുമെന്ന് കന്നിപ്രസംഗത്തിൽ ഉമ തോമസ് പറഞ്ഞു. തൃക്കാക്കരവിജയത്തെയും ഭരണപക്ഷത്തിന്റെ കുത്തുവാക്കുകളെയുമൊക്കെ ഓർമ്മിപ്പിച്ചായിരുന്നു ധനാഭ്യർത്ഥനചർച്ചയിലെ അവരുടെ പ്രസംഗം. അത് ഗംഭീരമായെന്ന് അഭിനന്ദിച്ചത് കുട്ടനാടിനെയും മുഖ്യമന്ത്രിയെയും പറ്റി എത്രപറഞ്ഞാലും മതിവരാത്ത തോമസ് കെ.തോമസാണ്. ഏത്തവാഴയുടെ ചുവട്ടിൽ പാളയൻകോടൻ വിളയില്ലെന്നാണ് ആ സർട്ടിഫിക്കറ്റിനുള്ള അദ്ദേഹത്തിന്റെ യുക്തി. പി.ടി. തോമസിന്റെ ഭാര്യയായതിനാൽ മോശമാവില്ല.

ഗാന്ധിജി ആരെന്നറിയാത്ത അണികൾ കോൺഗ്രസിൽ കൂടിവരുന്നതിൽ ഇ.ടി. ടൈസൺ ആശങ്കപ്പെട്ടു. വയനാട്ടിലെ രാഹുൽഗാന്ധിയുടെ ഓഫീസിലെ ഗാന്ധിച്ചിത്രം തകർത്തത് ആളറിയാതെ നടത്തിയ കൊലയാണത്രെ. ഗതാഗതവകുപ്പ് സമ്പൂർണ പരാജയമെന്ന് എ.ഐ.ടി.യു.സി നേതാവ് പറഞ്ഞത് പോലെയൊന്നും പറയുന്നില്ലെങ്കിലും വകുപ്പിന്റെ കുറേ പോരായ്മകൾ പി. അബ്ദുൾഹമീദിന് പറയാനുണ്ടായിരുന്നു. വിമാനത്തിൽ മുഖ്യമന്ത്രിയെ തടയാൻ വന്നാൽ കടലമുട്ടായി കൊടുത്ത് സ്വീകരിക്കണോ എന്ന് പി.പി. സുമോദ് ചോദിച്ചു.

വോട്ടുബാങ്ക് രാഷ്ട്രീയം എപ്പോഴും പയറ്റുന്നത് കോൺഗ്രസാണെന്ന് വാദിക്കാൻ വി.കെ. പ്രശാന്ത് ഉദാഹരിച്ചത് തിരഞ്ഞെടുപ്പ് കാലത്തെ തിരുവനന്തപുരത്തെ തീരദേശത്തെ എ.കെ. ആന്റണിയുടെ റോഡ്ഷോയാണ്.

കൊവിഡ് രോഗികൾക്ക് വരെ ചീഞ്ഞ മത്സ്യം വിതരണം ചെയ്ത മത്സ്യഫെഡിൽ അമ്പത്തിമൂന്നരക്കോടിയുടെ അഴിമതിക്കഥ എം. വിൻസന്റ് അവതരിപ്പിച്ചു. വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി സജി പറയുന്നത് കേൾക്കാൻ വിൻസന്റില്ലായിരുന്നു.

കോഴിക്കോട്ടെ ആവിക്കൽതോടിൽ മാലിന്യസംസ്കരണപ്ലാന്റിനെതിരായ പ്രതിഷേധം എം.കെ.മുനീറും മറ്റും അടിയന്തരപ്രമേയ നോട്ടീസിൽ ഉന്നയിച്ചു. പ്രദേശവാസികളുടെ ജീവിതം ആരോഗ്യദായകമാക്കുന്ന മികച്ച പദ്ധതിയാണെന്നാണ് മന്ത്രി എം.വി. ഗോവിന്ദന്റെ വാദം. പ്രതിഷേധത്തിന് പിന്നിൽ ചില തീവ്രവാദവിഭാഗക്കാരാണെന്ന് മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നിടത്ത് സമരക്കാരെ പൊലീസ് കൈകാര്യം ചെയ്തത് കണ്ട മുനീറിന്റെ ചോദ്യമിതാണ്: 'മുഖ്യമന്ത്രി വിശേഷിപ്പിച്ച നാവികസൈന്യത്തെ ഇങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ വായുസേനയുടെ ഗതിയെന്താകും?'

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAJI CHERIAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.