ന്യൂഡൽഹി: ചാനൽ ചർച്ചയിൽ പ്രവാചകപരാമർശം നടത്തിയ ബി.ജെ.പിയുടെ മുൻ വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ സുപ്രീം കോടതി നടത്തിയ വിമർശനത്തെ അപലപിച്ച് മുൻ ജസ്റ്റിസുമാരും സൈനിക ഉദ്യോഗസ്ഥരും മുൻ സർക്കാർ ഉദ്യോഗസ്ഥരുമടക്കം 117 പേർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് തുറന്ന കത്തെഴുതി. പരമോന്നത കോടതിയുടെ പവിത്രതയെയും മാഹാത്മ്യത്തെയും ബാധിക്കുന്നതാണ് രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണമെന്ന് കത്തിൽ പറയുന്നു.
ഈ പരാമർശങ്ങളിലൂടെ സുപ്രീംകോടതി ലക്ഷ്മണരേഖ മറികടന്നിരിക്കയാണ്. രാജ്യത്തിന്റെ സുരക്ഷയിലും ജനാധിപത്യ മൂല്യങ്ങളിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാദ്ധ്യതയുള്ളതിനാൽ അടിയന്തര തിരുത്തൽ നടപടി വേണമെന്നും നിരീക്ഷണങ്ങൾ പിൻവലിക്കാൻ നിർദ്ദേശം നൽകണമെന്നും
കത്തിൽ ആവശ്യപ്പെട്ടു.
ഉദയ്പൂരിൽ പട്ടാപ്പകൽ തലയറുത്ത് കൊന്ന സംഭവത്തെ ജഡ്ജിമാരുടെ പരാമർശം ഒരർത്ഥത്തിൽ ലഘൂകരിക്കുകയാണുണ്ടായത്. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങൾക്ക് നൂപുർ ശർമ്മ ഒറ്റയ്ക്ക് ഉത്തരവാദിയാണെന്നാണ് സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണമെന്ന് കത്തിൽ പറയുന്നു. രണ്ടംഗ ബെഞ്ചിലെ ജഡ്ജിമാരായ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവരുടെ നിർഭാഗ്യകരവും അഭൂതപൂർവ്വവുമായ, ജുഡിഷ്യൽ ഉത്തരവിന്റെ ഭാഗമല്ലാത്ത, അഭിപ്രായങ്ങൾ ജുഡിഷ്യറിയുടെ ധാർമ്മികതയുമായി പൊരുത്തപ്പെടുന്നില്ല. ജഡ്ജിമാർ നടത്തിയ നിരീക്ഷണങ്ങൾക്ക് നൂപുറിന്റെ ഹർജിയിൽ ഉന്നയിച്ച വിഷയവുമായി ബന്ധമില്ല.
സുപ്രീംകോടതിയുടെ ഈ സമീപനം കയ്യടി അർഹിക്കുന്നതല്ല. കോടതിയുടെ പരിഗണനയിലില്ലാത്ത വിഷയങ്ങളിലെ നിരീക്ഷണങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ ക്രൂശിക്കുന്നതാണ്. ഇത്തരം അപകീർത്തികരമായ നിരീക്ഷണങ്ങളിലൂടെ ഒരു ഹർജിക്കാരിയെ വിചാരണ കൂടാതെ കുറ്റക്കാരിയായി പ്രഖ്യാപിക്കുകയും ഹർജിയിൽ ഉന്നയിക്കുന്ന വിഷയത്തിൽ നീതി ലഭിക്കാനുള്ള അവസരം നിഷേധിക്കുകയും ചെയ്യുന്നത് ജനാധിപത്യ സമൂഹത്തിന് ചേരുന്നതല്ല.- കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ബോംബെ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ക്ഷിതിജ് വ്യാസ്, കേരള ഹൈക്കോടതി മുൻ ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ, ഗുജറാത്ത് ഹൈക്കോടതി മുൻ ജഡ്ജി എസ്.എം. സോണി, രാജസ്ഥാൻ ഹൈക്കോടതി മുൻ ജഡ്ജിമാരായ ആർ.എസ്. റാത്തോഡ്, പ്രശാന്ത് അഗർവാൾ, ഡെൽഹി ഹൈക്കോടതി മുൻ ജഡ്ജി എസ്.എൻ. ധിംഗ്ര, മുൻ കേരള ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ്, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥരായ ആർ.എസ്. ഗോപാലൻ, എസ്.കൃഷ്ണകുമാർ, മുൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ എസ്.പി. വൈദ്, പി.സി. ദോഗ്ര, ലെഫ്റ്റനന്റ് ജനറൽ (റിട്ട.) വി.കെ. ചതുർവേദി, എയർ മാർഷൽ (റിട്ട.) എസ്.പി സിംഗ് എന്നിവരടക്കം 15 മുൻ ജഡ്ജിമാരും 77 മുൻ ഉന്നത സർക്കാർ ഉദ്യോഗസ്ഥരും 25 സൈനികരും കത്തിൽ ഒപ്പ് വച്ചിട്ടുണ്ട്.
ജമ്മു-കാശ്മീർ ആസ്ഥാനമായ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് എന്ന സംഘടനയും കോടതി നിരീക്ഷണങ്ങൾ പിൻവലിക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിന് തുറന്ന കത്തെഴുതി.