ഒട്ടാവ: ടൊറന്റോയിലെ ആഖാ ഖാൻ മ്യൂസിയം അവതരിപ്പിക്കുന്ന 'റിഥംസ് ഒഫ് കാനഡ' എന്ന പരമ്പരയുടെ ഭാഗമായി ലീന മണിമേഖല സംവിധാനം ചെയ്ത 'കാളി' ഡോക്യുമെന്ററിക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ ചിത്രത്തിലെ പ്രകോപനപരമായ എല്ലാ ഭാഗങ്ങളും നീക്കണമെന്ന് ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ കാനഡയോട് ആവശ്യപ്പെട്ടു.
ഹിന്ദു ദൈവങ്ങളെ അനാദരിക്കുന്ന രീതിയിലുള്ളതാണ് ഡോക്യുമെന്ററിയുടെ പോസ്റ്ററെന്ന് കാനഡയിലെ മതനേതാക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണിത്. പോസ്റ്ററുകൾ പിൻവലിക്കണമെന്ന് ടൊറന്റോയിലെ കോൺസുലേറ്റ് ജനറൽ കനേഡിയൻ അധികൃതരെ അറിയിച്ചു.
ഹിന്ദു ദേവതയായ കാളിയുടെ വേഷം ധരിച്ച് പുകവലിക്കുന്ന സ്ത്രീയാണ് ചിത്രത്തിന്റെ പോസ്റ്ററിലുള്ളത്. മധുരയിൽ ജനിച്ച്, കാനഡയിലെ ടൊറന്റോയിൽ താമസിക്കുന്ന ലീന മണിമേഖല കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടത്. ത്രിശൂലം, അരിവാൾ എന്നിവയ്ക്കാെപ്പം എൽ.ജി.ബി.ടി.ക്യു സമൂഹത്തിന്റെ പതാകയും ചിത്രത്തിൽ കാണാം. പോസ്റ്റർ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ ഡൽഹിയിലും ഉത്തർപ്രദേശിലും ലീനയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ക്രിമിനൽ ഗൂഢാലോചന, ആരാധനാലയങ്ങളിലെ കുറ്റകൃത്യം, മനഃപൂർവമുള്ള മതവികാരം വ്രണപ്പെടുത്തൽ, സമാധാന ലംഘനം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 'ലീനയെ അറസ്റ്റ് ചെയ്യൂ' എന്ന ഹാഷ്ടാഗും വൈറലായി.
അതേസമയം, കാളി ഒരു സായാഹ്നത്തിൽ ടൊറന്റോയിലെ തെരുവുകളിൽ പ്രത്യക്ഷപ്പെടുകയും ഉലാത്തുകയും ചെയ്യുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തമെന്നും ചിത്രം കാണുന്നവർ 'ലവ് യു ലീന മണിമേഖല' എന്ന ഹാഷ്ടാഗ് ഇടുമെന്നും സംവിധായിക ട്വീറ്റ് ചെയ്തു.