SignIn
Kerala Kaumudi Online
Thursday, 25 April 2024 2.18 PM IST

അതൊന്നും ഇറച്ചിയല്ല, കുടൽ കാൻസർ വരാതിരിക്കാൻ ചിക്കനും മട്ടനും ബീഫുമൊക്കെ എങ്ങനെ വാങ്ങണമെന്ന് അറിയുമോ?

meat-stall

പേവിഷ വാക്സിൻ എടുത്തിട്ടും വിഷബാധയേറ്റ് മരിച്ച , പാലക്കാട്ട് മങ്കര സ്വദേശി ശ്രീലക്ഷ്‌മി എന്ന പെൺകുട്ടിയുടെ മരണത്തിന്റെ ഞെട്ടലിലാണ് കേരളം. ലോകമെമ്പാടും ഇന്ന് ജന്തുജന്യരോഗ ദിനം ആചരിക്കുമ്പോൾ ഇത്തരം രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന സന്ദേശം കൂടി ആ മരണം നമ്മെ ഓർമ്മിപ്പിക്കുന്നു.

ജന്തുജന്യരോഗദിനം

1885 ജൂലായ് ആറ് ലോകത്തിലാദ്യമായി പേവിഷബാധയ്ക്കെതിരെ ഒരു വാക്‌സിൻ മനുഷ്യരിൽ പരീക്ഷിച്ച് വിജയിച്ച ദിനമാണ്. പേവിഷബാധയ്ക്കെതിരെ വാക്സിൻ രൂപപ്പെടുത്തിയ ലൂയിപാസ്‌ചറുടെ സംഭാവന ലോകം ഒരിക്കലും മറക്കില്ല. ഇന്നും രോഗബാധയേറ്റാൽ മരണം സുനിശ്ചിതമായ പേവിഷബാധയ്ക്ക് മുന്നിൽ വിറങ്ങലിച്ചുനിൽക്കുകയാണ് ശാസ്ത്രലോകം. പല രാജ്യങ്ങളും പേവിഷ വിമുക്തമായപ്പോഴും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ആ നേട്ടത്തിന്റെ ഏഴയലത്തുപോലും എത്താൻ കഴിഞ്ഞില്ല.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, ലക്ഷ്യബോധമില്ലാത്ത പദ്ധതികൾ, കൃത്യമായ പ്രോട്ടോക്കോളുകളുടെ അഭാവം എന്നീ കാരണങ്ങൾകൊണ്ട് ഇക്കാര്യത്തിൽ കേരളത്തിനും തീരെ മുന്നേറാൻ കഴിഞ്ഞില്ല. തെരുവ് നായ്ക്കളുടെ എണ്ണം അനുദിനം പെരുകുകയാണ്. പ്രാദേശിക ഭരണകൂടങ്ങൾ കനത്ത ജാഗ്രത കാണിക്കേണ്ട സന്ദർഭം കൂടിയാണിത്. നായ്‌ക്കളുടെ എണ്ണത്തിൽ കൃത്യമായ വാർഡ്‌തല സെൻസസ്, ബോധവത്‌കരണ പരിപാടികൾ, വീടുകളിൽ വളർത്തുന്ന എല്ലാ നായ്‌ക്കൾക്കും പ്രതിരോധ കുത്തിവയ്പുകൾ നൽകി ലൈസൻസ് ഏർപ്പെടുത്തൽ ,​ തെരുവ് നായ്‌ക്കളുടെ നിയന്ത്രണത്തിനായി ജനനനിയന്ത്രണ ശസ്ത്രക്രിയ പ്രോഗ്രാമുകൾ,​ തെരുവിൽ പിറന്നുവീഴുന്ന നായ്‌ക്കുട്ടികളെ അപ്പോൾത്തന്നെ വന്ധ്യംകരിക്കുന്ന പ്രോഗ്രാമുകൾ, അവലോകനം എന്നിങ്ങനെയുള്ള ആസൂത്രണത്തിലൂടെ മാത്രമേ പേവിഷബാധയെ പൂർണമായും പ്രതിരോധിക്കാനാവൂ. ഇക്കാര്യത്തിൽ പൊന്നാനി മുനിസിപ്പാലിറ്റിയും കണ്ണൂരിലെ പെരിങ്ങോം വയസ്‌ക്കരയുമൊക്കെ രണ്ട് ദശാബ്ദം മുമ്പ് തുടങ്ങിവച്ച ചുവടുവയ്പുകൾ പിന്നീട് ആർക്കും മാതൃകയാക്കാൻ കഴിഞ്ഞില്ലെന്നത് മറ്റൊരു യാഥാർത്ഥ്യം.

ഭീഷണിയായ രോഗങ്ങളുടെ നിര

പക്ഷിപ്പനിയുടെ ആഘാതം ഇനിയും മറക്കാറായിട്ടില്ല. ഒൻപത് ലക്ഷത്തോളം താറാവുകളെയാണ് പ്രോട്ടോക്കോൾ പ്രകാരം കൊന്നൊടുക്കിയത്. എലിപ്പനിയും, ആന്ത്രാക്സുമൊക്കെ നമുക്കു ചുറ്റും ഇപ്പോഴും വട്ടംചുറ്റുന്നുണ്ട്. നിപ്പയുടെ ഭീഷണി പഴംതീനി വവ്വാലുകളിലായിരുന്നെങ്കിൽ കുരങ്ങുപനിയിൽ കുരങ്ങിന്റെ ചെള്ളുകളായിരുന്നു വില്ലൻ. കുരങ്ങിൽത്തന്നെ ആരോപിക്കുന്ന വാനരി വസൂരി മറ്റൊന്നാണെങ്കിൽ വെസ്റ്റ് നൈലിലും സിക്കയിലും, ഡെങ്കിയിലുമൊക്കെ രക്തം കുടിക്കുന്ന ക്യൂലക്സ് കൊതുകുകളായിരുന്നു വില്ലൻമാർ. സ്‌ക്രബ് ടൈഫസിൽ പൂച്ചയുടെ ചെള്ള് പ്രതിസ്ഥാനത്ത് നിൽക്കുന്നു. എന്തായാലും 60 ശതമാനം പകർച്ചവ്യാധികളും ജന്തുജന്യരോഗങ്ങളാണെന്നിരിക്കെ ഇക്കാര്യത്തിൽ കനത്ത ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. 250 കോടിയോളം വരുന്ന മനുഷ്യരിൽ 27 ലക്ഷത്തോളം പേർ പ്രതിവർഷം ജന്തുജന്യരോഗങ്ങളുടെ ആഘാതം നേരിടുന്നു. ഓരോ രണ്ട് മിനിട്ടിലും ഒരു നായ്‌കടി സംഭവിക്കുന്നു. നായ ഉടമകളുടെ ഉത്തരവാദിത്വമില്ലായ്‌മയും,​ മാലിന്യ നിർമ്മാർജ്ജനത്തിലെ അലംഭാവവും പേവിഷബാധ വ്യാപനത്തിന് കാരണമാകുന്നു. പേവിഷബാധ മരണത്തിൽ പത്തിൽ നാലോളം കുട്ടികളാണെന്നുള്ളതാണ് ദാരുണമായ മറ്റൊരു സത്യം.

ഏകലോകം ഏകാരോഗ്യം

മനുഷ്യനും വളർത്തുമൃഗങ്ങളും വന്യമൃഗങ്ങളും പരിസ്ഥിതിയും ജൈവവിദ്ധ്യ മണ്ഡലവുമൊക്കെ ഒന്നായി ആരോഗ്യം വീണ്ടെടുക്കേണ്ട ഒരു കാലത്തിലേക്കാണ് നാം നീങ്ങുന്നത്. മരുന്നുകൾക്കെതിരെ രോഗാണുക്കളുടെ സ്വയം പ്രതിരോധവും കാലാവസ്ഥ വ്യതിയാനവുമൊക്കെ രോഗവ്യാപനം കൂടുതൽ ഗുരുതരമാക്കുന്നു. മാൻ ഹെട്ടൻ സമ്മേളനത്തിന്റെ ചുവടുപിടിച്ച് 2019 ഒക്ടോബറിൽ ലോകം അംഗീകരിച്ച ബെർലിൻ തത്വങ്ങൾ ജീവന്റെ അടിസ്ഥാന നിലനില്പിന് വേണ്ടി ആധാരശിലയാവുകയാണ്. രോഗമോ, രോഗവ്യാപനമോ ഒരു ഏകമുഖ പ്രശ്നമല്ല. രോഗനിർണയവും പ്രതിരോധവും അവലോകനവും നിയന്ത്രണവും എല്ലാം പരിസ്ഥിതിയും ജൈവമണ്ഡലവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇക്കാര്യത്തിൽ കർണാടക, ബംഗ്ളാദേശ്, ഭൂട്ടാൻ തുടങ്ങിയ സംസ്ഥാനങ്ങൾ സ്വീകരിച്ച മാതൃക ശ്ളാഘനീയമാണ്. ജന്തുജന്യരോഗങ്ങൾ വ്യാപകമാകുന്ന ഇക്കാലത്ത് മൃഗസംരക്ഷണവകുപ്പും ആരോഗ്യവകുപ്പും, വനംവകുപ്പും, ഭക്ഷ്യസുരക്ഷാവകുപ്പും തദ്ദേശസ്വയം ഭരണവകുപ്പും ചേർന്ന് ഒരു ഏകാരോഗ്യ മിഷൻ സംസ്ഥാനത്ത് അടിയന്തരമായി ഉണ്ടാകേണ്ടിയിരിക്കുന്നു.

ഇറച്ചി എന്നു കരുതി കഴിക്കുന്നത് മാംസം

ഇ കോളി, ഷിഗല്ല , കംപയിലോബാക്ടർ തുടങ്ങിയ ബാക‌്ടീരിയകളുടെ അതിപ്രസരത്തിൽ കുടലിൽ ഉണ്ടാകുന്ന വിഷം അപൂർവമായെങ്കിലും ഷവർമ്മ മരണത്തിന് കാരണമാകുന്നു. ഇറച്ചിയെന്ന് കരുതി നാം കഴിക്കുന്നത് അധികവും മാംസമാണ്. മാതൃകാപരമായ ഒരു അറവുശാല പോലും കേരളത്തിന്റെ പൊതുമേഖലയിൽ പ്രവർത്തിക്കുന്നില്ല എന്നത് പരിഷ്കൃത സമൂഹത്തിന് നാണക്കേടു കൂടിയായിത്തീർന്നിരിക്കുന്നു. അറവിന് മുമ്പുള്ള ആന്റിമോർട്ടം പരിശോധനകളോ ശേഷമുള്ള പോസ്റ്റ്‌മോർട്ടം പരിശോധനകളോ വില്പനയ്ക്കുള്ള ഇറച്ചി വ്യവസ്ഥാപിതമാക്കുന്ന സീലിംഗ് ഉൾപ്പെടെയുള്ള പ്രക്രിയകൾ കൃത്യമായി നടക്കുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. മാംസം ഇറച്ചിയായി രൂപപ്പെടാൻ അറവിന് ശേഷം അത് ചില്ലറിലേക്കും തുടർന്ന് ഏജിംഗ് എന്ന പ്രക്രിയയിലേക്കും കടക്കുന്നതേയില്ല. അറവ് മാടുകൾ പലതിനെയും ക്ളേശകരമായ സാഹചര്യങ്ങളിൽ കൊണ്ടുവരുന്നതിനാൽ മസിലുകളിലെ ഗ്ളൈക്കോജൻ ഇല്ലാതാകുന്നു. അതുകൊണ്ട് ഇറച്ചിയിൽ ലാക്ടിക് ആസിഡും, എൻസൈമുകളും രൂപപ്പെട്ട് അമ്ളനില കുറയുന്ന അവസ്ഥ ഉണ്ടാകുന്നില്ല. പകരം എപ്പോഴും ക്ഷാരനില ഉയർന്ന് നിൽക്കുകയും മാംസത്തിന്റെ കട്ടികൂടുകയും മാംസം നാരുകളായി മാറുകയും ചെയ്യുന്നു. ഉയർന്ന അണുബാധയ്ക്കും കുടൽ കാൻസറിനുമുള്ള സാദ്ധ്യതയാണ് ഇതിലൂടെ ഉണ്ടാകുന്നത്. മാംസോത്‌പാദന മേഖല അടിമുടി ഉടച്ചുവാർക്കേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയാണിതെന്ന് ഇത്തരുണത്തിൽ മറന്നുകൂടാ.

സൂണോട്ടിക് സ്റ്റിയറിംഗ് കമ്മിറ്റി അനിവാര്യം

പൊതുജനാരോഗ്യവും വന്യമൃഗങ്ങളുടെ ആരോഗ്യവും മെച്ചപ്പെടണമെങ്കിൽ വിവിധ സ്ഥാപനങ്ങളെ ഏകോപിപ്പിക്കേണ്ടതുണ്ട്. ഓരോ രോഗം പൊട്ടിപ്പുറപ്പെടുമ്പോഴും അപ്പോൾ കാണിക്കേണ്ട ജാഗ്രത എന്നതിനപ്പുറത്തേക്ക് സാംക്രമിക രോഗങ്ങൾക്കും അല്ലാത്തവയ്ക്കുമൊക്കെ ചില പ്രോട്ടോക്കോളുകൾ രൂപീകരിക്കേണ്ടതുണ്ട്. അതിനായി ഏകോപിതമായി പ്രവർത്തിക്കുന്ന ഒരു സൂണോട്ടിക് സ്റ്റിയറിംഗ് കമ്മിറ്റിയും, റാപ്പിഡ് ആക്ഷൻ ഫോഴ്സും അനിവാര്യമാണ്. ഓരോന്നും നാശം വിതച്ച് കടന്നുപോയിക്കഴിഞ്ഞ് ഇതിനെക്കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ല. എല്ലാംകഴിഞ്ഞ് നന്നാക്കാൻ നിന്നാൽ ചത്ത കുതിരക്ക് ലാടം തറയ്ക്കുന്ന പ്രവൃത്തിയായി മാറും അത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTHY FOOD, BEST MEAT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.