ന്യൂഡൽഹി : ജനങ്ങൾക്ക് സൗജന്യങ്ങൾ വാരിക്കോരി നൽകുന്ന ആം ആദ്മി സർക്കാരിന്റെ കീഴിൽ ഡൽഹിയുടെ കടം കുത്തനെ കൂടുന്നതായി സി എ ജി റിപ്പോർട്ട്. അതേസമയം ഡൽഹിയിൽ റവന്യൂ മിച്ചം നിലനിർത്തുന്നതും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. 2015 - 1 6 മുതൽ 2019 - 20 വരെയുള്ള നാല് വർഷങ്ങളിൽ ഡൽഹി സർക്കാരിന്റെ കടം ഏഴ് ശതമാനം വർദ്ധിച്ചതായാണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒഫ് ഇന്ത്യ (സിഎജി)യുടെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്.
റിപ്പോർട്ട് പ്രകാരം, മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഭരണത്തിന് കീഴിൽ, സംസ്ഥാനത്തെ കടം 2015-16ന്റെ തുടക്കത്തിൽ 32,497.91 കോടി രൂപയിൽ നിന്ന് 2019-20 അവസാനത്തിൽ 34,766.84 കോടി രൂപയായി. ഇക്കാലയളവിൽ 2,268.93 കോടിയാണ് കടം വർദ്ധിച്ചത്.
2020 മാർച്ചിൽ അവസാനിക്കുന്ന വർഷത്തേക്കുള്ള സംസ്ഥാന ധനകാര്യത്തെക്കുറിച്ചുള്ള 2021 ലെ സിഎജി റിപ്പോർട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെയാണ് അസംബ്ലിക്ക് മുന്നിൽ വച്ചത്. 2019- 20ൽ ഡൽഹിയിലെ ആം ആദ്മി സർക്കാരിന്റെ റവന്യൂ മിച്ചം 7,499 കോടി രൂപയായിരുന്നു. സർക്കാരിന്റെ അധിക ചെലവുകൾ നികത്താൻ ഇതിനാവും. എന്നാൽ ഡൽഹിയിലെ വിരമിച്ച ഉദ്യോഗസ്ഥൻമാരുടെ പെൻഷൻ ബാദ്ധ്യതകൾ കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്. ഇത് പോലെ ഡൽഹി പൊലീസിന്റെ ചെലവും കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വഹിക്കുന്നത്. ഇതാണ് കടം പെരുകിയിട്ടും ഡൽഹി സർക്കാരിന് ആശ്വാസകരമാവുന്നത്.
കടം പെരുക്കിയത് സബ്സിഡികൾ
ജനകീയ പദ്ധതികളിലൂടെ കൈയടി നേടിയ കേജ്രിവാൾ സർക്കാർ വലിയ തുകയാണ് സബ്സിഡി നൽകുന്നതിനായി ചെലവഴിക്കുന്നത്. 2015-16ൽ 1,867.61 കോടി രൂപയിൽ നിന്ന് 2019-20ൽ 3,592.94 കോടി രൂപയായിട്ടാണ് സബ്സിഡി ചെലവ് ഉയർന്നത്. 2018-19 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സബ്സിഡികൾക്കുള്ള ചെലവ് 41.85 ശതമാനം വർദ്ധിച്ചു.അതേസമയം ആം ആദ്മി സർക്കാർ കഴിഞ്ഞ ദിവസം എംഎൽഎമാരുടെ ശമ്പളവും വർദ്ധിപ്പിച്ചിരുന്നു.