മംഗലംഡാം: കടപ്പാറ തളികക്കല്ല് ആദിവാസി കോളനിയിൽ പുതിയതായി നിർമ്മിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ മൃണ്മയി ജോഷി നിർവഹിച്ചു. രമ്യ ഹരിദാസ് എം.പി അദ്ധ്യക്ഷത വഹിച്ചു. എം.പിയുടെ 2019- 20ലെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി കെട്ടിടം നിർമ്മിച്ചത്. ഹാൾ, സിറ്റ് ഔട്ട്, കിച്ചൺ, സ്റ്റോർ റൂം, രണ്ട് ടോയ്ലറ്റ് അടക്കം 61.30 ച.മീ വിസ്തീർണ്ണമുള്ളതാണ് കെട്ടിടം. കുന്നിൻ ചെരിവായത് കൊണ്ട് സുരക്ഷാ ഭിത്തിയടക്കമുള്ള ചുറ്റുമതിലോട് കൂടിയ കെട്ടിടത്തിന്റെ നിർമ്മാണ ചുമതല ജില്ലാ നിർമ്മിതി കേന്ദ്രത്തിനായിരുന്നു. ചടങ്ങിൽ വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ.രമേഷ്, ജില്ലാ നിർമ്മിതി കേന്ദ്ര പ്രൊജക്ട് എൻജിനീയർ കെ.അജിത്, ആർ.ചന്ദ്രൻ, പി.എച്ച്.സെയ്താലി, പി.ശശികല, സുബിത മുരളീധരൻ, ബീന ഷാജി, ബെന്നി ജോസഫ്, സി.എ.കൃഷ്ണൻ എന്നിവർ പങ്കെടുത്തു.