കൊച്ചി : പ്രമുഖ വാഹനവിതരണക്കാരായ കുറ്റൂക്കാരൻ ഗ്രൂപ്പിന് കീഴിലുള്ള കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ റിസോഴ്സ് ഡവലപ്പ്മെന്റ് (കെ.ഐ.എച്ച്.ആർ.ഡി) പുതിയ കാമ്പസിൽ പ്രവർത്തനം ആരംഭിച്ചു.
നോർത്ത് പറവൂർ മനക്കപ്പടിയിൽ ആരംഭിച്ച കാമ്പസിന്റെ ഉദ്ഘാടനം കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു നിർവ്വഹിച്ചു. തന്റെ ജീവനക്കാർക്ക് മികച്ച സ്കിൽ ട്രെയിനിംഗ് നൽകുന്നതിനായി കുറ്റൂക്കാരൻ ഗ്രൂപ്പ് സ്ഥാപകനായ കെ.പി.പോൾ ആരംഭിച്ചതാണ് കെ.ഐ.എച്ച്.ആർ.ഡി. 34 വർഷമായി എറണാകുളം ഹൈക്കോടതിക്ക് സമീപം പ്രവർത്തിച്ചു വന്ന ഇൻസ്റ്റിറ്റ്യൂട്ടാണ് ഇപ്പോൾ മനക്കപ്പടിയിലേക്ക് മാറ്റിയത്. രാജ്യത്തെ ഏറ്റവും മികച്ച സ്കിൽ ഡവലപ്പ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായി വളർത്തുന്നതിന്റെ ഭാഗമായാണ് പുതിയ കാമ്പസിലേക്ക് പ്രവർത്തനം മാറ്റിയതെന്ന് കുറ്റൂക്കാരൻ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ജോൺ കെ.പോൾ പറഞ്ഞു.
കുറ്റൂക്കാരൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ഫൗണ്ടേഷൻ ട്രസ്റ്റിയുമായ നവീൻ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ഫ്രാൻസീസ് കെ.പോൾ, കരുമാലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, വാർഡ് മെമ്പർ കെ.എം.ലൈജു, പോപ്പുലർ വെഹിക്കിൾസ് ചീഫ് ഫിനാൻസ് ഓഫീസർ ജോൺ വർഗീസ്, കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ.ബി.പ്രസന്നകുമാരി, കുറ്റൂക്കാരൻ പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പാൾ ജിൽജ രാജേഷ്, കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ട് തൃശ്ശൂർ പ്രിൻസിപ്പാൾ ആർ.രാമചന്ദ്രൻ നായർ, കൊച്ചി പ്രിൻസിപ്പാൾ എം.എൻ.രാജു, പ്രൊജക്ട് കോർഡിനേറ്റർ സ്റ്റെഫിൻ ജോൺ മാത്യു തുടങ്ങിയവർ സംസാരിച്ചു.